പ്രണവപല്ലവി: PART 5

പ്രണവപല്ലവി: PART 5

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ തന്നെ തലയ്ക്ക് വല്ലാത്ത ഭാരം തോന്നി.
ഇരുകൈയും കൊണ്ട് തലയമർത്തി പിടിച്ചുകൊണ്ട് പ്രണവ് എഴുന്നേറ്റിരുന്നു.
ആകെയൊരു മന്ദത ആണവന് അനുഭവപ്പെട്ടത്.
കണ്ണുകൾ ശരിയായി തുറക്കാനുള്ള വിമ്മിഷ്ടം കാരണം അവൻ കുനിഞ്ഞിരുന്നു.

ആഹാ… വല്യേട്ടൻ എഴുന്നേറ്റോ.. പ്രരുഷ് ആയിരുന്നു വന്നത്.

എന്തായിരുന്നു ഇന്നലെ. വല്ലതും ഓർമ്മയുണ്ടോ. അവന്റെ സ്വരത്തിൽ പരിഹാസം നിഴലിച്ചിരുന്നു.

ആ പാവം ദീപക്കേട്ടനാ ഇവിടെ എത്തിച്ചത്.
നല്ല കീറായിരുന്നല്ലേ ഇന്നലെ.
ദീപക്കേട്ടൻ എല്ലാം പറഞ്ഞു.
നാണമില്ലല്ലോ ഏട്ടാ അവളെപ്പോലൊരു പെണ്ണിനുവേണ്ടി കുടിക്കാൻ.. പ്രരുഷ് വിടാനുള്ള ഭാവമില്ലായിരുന്നു.

നന്ദനയുടെ ഇന്നലത്തെ രൂപം മനസ്സിലേക്ക് കടന്നു വന്നതും അവന്റെ കണ്ണിൽ വീണ്ടും നീർമണി ഊറിക്കൂടി.

ടാ.. നിനക്കിന്ന് കോളേജിൽ പോകണ്ടേ.. എന്നെ വന്ന് ക്ലാസ്സെടുക്കുന്നു.. പ്രണവ് ശബ്ദമുയർത്തി.

ഹും.. ഇപ്പോൾ ഞാനായി കുറ്റക്കാരൻ.. ഞാൻ പോകുന്നു… ചുണ്ടൊന്ന് കോട്ടിക്കൊണ്ട് പ്രരുഷ് പോയി.

ഫ്രഷ് ആയപ്പോഴേക്കും തലക്കനം ചെറുതായി കുറഞ്ഞത് അവനറിഞ്ഞു.
അമ്മയെയും അച്ഛനെയും അഭിമുഖീകരിക്കാൻ അവന് കഴിയുമായിരുന്നില്ല.

ആദ്യം മുതൽക്കേ അച്ഛൻ പറഞ്ഞതാണ് നന്ദനയുടെ സ്വഭാവത്തെക്കുറിച്ച്. എന്നാൽ അതെല്ലാം നന്ദനയെ അച്ഛനിഷ്ടപ്പെടാത്തതുകൊണ്ട് പറയുന്നതാണെന്ന് ധരിച്ചു അല്ല അത് ചോദിച്ചപ്പോൾ കാണിച്ച അവളുടെ കണ്ണുനീർ അതിലാണ് വിശ്വാസo ചെലുത്തിയത്.

മോനേ… രമ്യ ആയിരുന്നു.

തന്റെ മുൻപിൽ തലകുമ്പിട്ട് ഇരിക്കുന്ന മകനെ കണ്ട് ആ അമ്മയുടെ മനസ്സ് വേദനിച്ചു.

കുറച്ച് നിമിഷത്തെ നിശബ്ദത ഭേദിച്ച് പ്രണവ് അമ്മയുടെ മടിയിലേക്ക് ചാഞ്ഞു.
അവരുടെ കൈകൾ അവന്റെ നീണ്ട തലമുടിയെ ഓമനിക്കുന്നുണ്ടായിരുന്നു.

ഞാൻ തോറ്റു പോയമ്മേ. അവൾ നന്ദന ഞാനവളെ വിശ്വസിച്ചു പോയി. എന്റെ അച്ഛൻ പറഞ്ഞതുപോലും വിശ്വസിക്കാതെ… അവന്റ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

അച്ഛൻ പറഞ്ഞത് വിശ്വസിക്കാൻ താൻ തയ്യാറായില്ല എന്ന കുറ്റബോധം അവനിൽ നിറഞ്ഞു നിൽപ്പുണ്ടെന്ന് അവർക്ക് മനസ്സിലായി.

അപ്പോഴേക്കും പ്രദീപും അവിടേക്ക് കടന്നുവന്നു.

രമ്യാ നീ വരുന്നില്ലേ ഹോസ്പിറ്റലിലേക്ക് ഷർട്ടിന്റെ സ്ലീവ് മടക്കി വയ്ക്കുന്നതിനിടെയാണ് പ്രദീപ് ചോദിച്ചത്.

ആഹ്.. വരുന്നുണ്ട് ഏട്ടാ. ഈ സാരിയൊന്ന് മാറ്റിയാൽ മതി.

അവർ പുറത്തേക്കിറങ്ങി.

അച്ഛാ.. തിരിഞ്ഞു നടക്കാനൊരുങ്ങിയ പ്രദീപ്‌ പ്രണവിന്റെ വിളികേട്ട് നിന്നു.

സോറി അച്ഛാ.. നിറഞ്ഞ കണ്ണുകളോടെ തന്റെ മുൻപിൽ കുറ്റബോധത്തോടെ നിൽക്കുന്ന മകനെ കണ്ടപ്പോൾ കുട്ടിക്കാലത്തെ പ്രണവിന്റെ രൂപമാണ് പ്രദീപ്‌ ഓർത്തത്. കുട്ടിക്കാലത്ത് ചെയ്ത തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റ് മനസ്സിലാക്കി മനസ്സറിഞ്ഞ് അവൻ ക്ഷമ ചോദിച്ചിരുന്നു. അതിൽനിന്നും വർഷങ്ങൾക്കുശേഷവും അവന് മാറ്റം വന്നില്ലെന്ന് കണ്ട് അയാൾക്ക് സന്തോഷമായി.

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അയാൾ പ്രണവിനെ ചേർത്തു പിടിച്ചു.

മക്കൾ തെറ്റ് ചെയ്യുന്നതും അത് അച്ഛനമ്മമാർ ചൂണ്ടി കാട്ടുന്നതുമെല്ലാം സ്വാഭാവികമാണ് മോനേ.
നിന്നെ അടിച്ചു വളർത്തേണ്ട പ്രായം കഴിഞ്ഞു. അതുകൊണ്ട് തെറ്റും ശരിയും പറഞ്ഞുതന്നു. നിന്റെ പ്രായത്തിന്റെ പ്രശ്‌നമാണ് ബാക്കിയുള്ളത്. ഈ പ്രായത്തിൽ ഇഷ്ടം തോന്നുന്നതും പ്രേമിക്കുന്നതുമെല്ലാം സ്വാഭാവികമാണ്. മകൻ പ്രണയത്തിലെന്ന് കേട്ടാലുടൻ വടിയെടുക്കുന്ന അച്ഛനൊന്നുമല്ല ഞാൻ.
നിന്റെ തെറ്റ് നീ തിരിച്ചറിഞ്ഞല്ലോ. അത് തെറ്റെന്നു പറയാനുമാകില്ല മോനേ.
പ്രണയിക്കുന്നത് തെറ്റല്ല.. പ്രണയിക്കാൻ നീ തിരഞ്ഞെടുത്ത വ്യക്തി അതാണ് കുഴപ്പം.
ഈ ലോകത്ത് എല്ലാ പ്രണയങ്ങളും നൂറ് ശതമാനം സത്യസന്ധത പുലർത്തുന്നില്ല. ആണായാലും പെണ്ണായാലും ചതിക്കാതെ തന്റെ പങ്കാളിയെ സ്‌നേഹിക്കുക. അതാണ് വേണ്ടത്.
പണമോ പ്രതാപമോ ഒന്നും പ്രണയത്തിന്റെ അളവുകോൽ അല്ല.
പരസ്പരസ്നേഹവും വിശ്വാസവും അതാണ് ഒരു പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തെ മനോഹരമാക്കി തീർക്കുന്നത്.
പുരുഷനെന്നാൽ സ്ത്രീയ്ക്ക് മുകളിലുമല്ല പെണ്ണെന്നാൽ പുരുഷന് കീഴിലുമല്ല. പരസ്പരം സ്നേഹവും ബഹുമാനവും അതിലുപരി വിശ്വാസവുമാണ് അവരുടെ ബന്ധത്തിന്റെ ആയുസ് തീരുമാനിക്കുന്നത്.
പല്ലവി എന്റെ മകനുവേണ്ടി അച്ഛൻ തിരഞ്ഞെടുത്തതാണ്.
പരീക്ഷണമല്ല മോനേ ഇത്. അവളാണ് മോന് അനിയോജ്യ എന്ന് അച്ഛന് തോന്നുന്നു.
അവളെ സ്വീകരിക്കുന്നതിൽ അവളുടെ സമ്പത്തിന്റെ അളവല്ല നോക്കേണ്ടത്.
അന്ന് ആ വീടിന് മുൻപിൽ നിന്നപ്പോൾ താൻ കാരണം തന്റെ അച്ഛന്റെ കണ്ണ് നിറഞ്ഞല്ലോ എന്ന സങ്കടമാണ് അവളിൽ നിറഞ്ഞു നിന്നത്. തനിക്കേറ്റ അപമാനം തന്റെ കുടുംബത്തെയും അനിയത്തിയുടെ ഭാവിജീവിതത്തെയും ബാധിക്കുമോ എന്നുള്ള പേടി അതാണ് അവളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതും.
ഇന്നലെ വിവാഹക്കാര്യം പറഞ്ഞപ്പോൾ അവൾ ശ്രദ്ധിച്ചത് തന്റെ അച്ഛനെയും അമ്മയെയുമായിരുന്നു.
നിന്റെ സമ്പത്ത് നിനക്കീ സമൂഹത്തിലെ നിലയും വിലയും അത് അവളെ പ്രലോഭിപ്പിക്കില്ല.
കുടുംബബന്ധങ്ങളുടെ മൂല്യമറിയാവുന്ന
അവരർഹിക്കുന്ന ബഹുമാനം ഓരോരുത്തർക്കും നൽകാനുള്ള അവളുടെ മനസ്സ്. സ്വന്തം പരിശുദ്ധിക്ക് അവൾ കൽപ്പിക്കുന്ന പ്രാധാന്യം. ഇതൊക്കെയാണ് പല്ലവിയെ വ്യത്യസ്തയാക്കുന്നതും.
നമ്മുടെ കുടുംബത്തെ സ്നേഹത്തിൽ കൊണ്ടുപോകാനും നിന്നെ മനസ്സറിഞ്ഞ് സ്നേഹിക്കാനും അവൾക്കാകും.
ഇനി തീരുമാനിക്കേണ്ടത് നീയാണ്.. അവന്റെ ചുമലിൽ സ്നേഹത്തോടെ തട്ടിയശേഷം പ്രദീപ്‌ മുറിയിൽ നിന്നിറങ്ങി.

പിന്നെ.. മദ്യപാനം അതത്ര നല്ലതൊന്നുമല്ല ആരോഗ്യത്തിന് ഹാനികരമാണ്. ഇന്നലെ എന്റെ മോന് പറ്റിയ തെറ്റ് അച്ഛൻ ക്ഷമിച്ചു. ഇനിയത് ആവർത്തിക്കരുത്.. പുഞ്ചിരി കലർന്ന ശാസനയോടെ പ്രദീപ്‌ പറഞ്ഞപ്പോൾ സോറി പറഞ്ഞുകൊണ്ട് കണ്ണടച്ച് കാട്ടി പ്രണവ്.

മൂന്നുനാലു ദിവസങ്ങൾ കൂടി കടന്നുപോയി.
ഇതിനിടയിൽ ഒരിക്കലും നന്ദനയുടെ കാൾ പ്രണവിനെ തേടിയെത്തിയില്ല.
അവളുടെ സ്വഭാവം അടുത്തറിഞ്ഞതുകൊണ്ടും അച്ഛന്റെയും അമ്മയുടെയും സ്‌നേഹപൂർണമായ പെരുമാറ്റവും അവനെ അവളെന്ന അധ്യായം അവസാനിപ്പിക്കുന്നതിന് സഹായകരമായി.
ഓഫീസിൽ എത്തിയപ്പോൾ തന്നെ പിറുപിറുക്കലുകൾ കേട്ടെങ്കിലും അതിലൊന്നും തളരാതെ സ്ട്രിക്ട് ആയി മുന്നോട്ട് പോയി പ്രണവ്.

എന്നാൽ പല്ലവിയുടെ അവസ്ഥ തിരിച്ചായിരുന്നു.അവൾ ആരോടും മിണ്ടാതെ എല്ലാത്തിൽ നിന്നും അകന്ന് മുറിക്കുള്ളിൽ ഒതുങ്ങി കൂടി.
അയല്പക്കത്തുള്ളവർ കാണുമെന്ന് ഭയന്ന് മുറ്റത്തുപോലും അവൾ ഇറങ്ങാൻ തയ്യാറായില്ല.
കുസൃതിയും പരിഭവവും കാട്ടി നടന്ന പല്ലവിയിൽ നിന്നും ഏറെ വ്യത്യസ്തമായി അവൾ.

കൃഷ്ണേട്ടാ.. അവരെയൊന്ന് വിളിച്ചു നോക്ക്. അന്ന് വിവാഹം നടത്താൻ തയ്യാറാണെന്ന് പറഞ്ഞതല്ലേ അതിനുശേഷം അതിനെപ്പറ്റി സംസാരം പോലുമുണ്ടായില്ല.
ന്റെ കുട്ടിയെ കാണുന്തോറും ന്റെ നെഞ്ച് പൊടിയുകയാ.
പാർവതി കണ്ണുനീർ തുടച്ചു.
വാര്യരുടെ അവസ്ഥയും മറിച്ചായിരുന്നില്ല.

അപ്പോഴാണ് മുറ്റത്ത് കാർ വന്ന് നിന്നതും.
കാറിൽ നിന്നിറങ്ങുന്ന പ്രദീപിനെയും രമ്യയെയും പ്രരുഷിനെയും പ്രത്യഷിനെയും കണ്ട് അവർ അമ്പരന്നു.

എന്നിരുന്നാലും ആതിഥ്യമര്യാദയോടെ അവർ വന്നവരെ സ്വീകരിച്ചിരുത്തി.

ഞങ്ങൾ ഒരു പെണ്ണ് കാണലിനുവേണ്ടി വന്നതാണ്. എന്റെ മകൻ പ്രണവിന് വേണ്ടി പല്ലവിയെ തരുമോയെന്ന് ചോദിക്കാൻ. മരുമകളായല്ല മകളായി സ്വീകരിക്കാൻ വന്നതാണ്.
കൂടുതൽ മുഖവുരയില്ലാതെ ചിരിയോടെ പ്രദീപ്‌ പറഞ്ഞു.

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ അവസ്ഥയിൽ വാര്യരും പാർവതിയും കണ്ടു കാറിൽ വന്നിറങ്ങുന്ന പ്രണവിനെയും..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

പ്രണവപല്ലവി: ഭാഗം 2

പ്രണവപല്ലവി: ഭാഗം 3

പ്രണവപല്ലവി: ഭാഗം 4

Share this story