പ്രണവപല്ലവി: PART 6

പ്രണവപല്ലവി: PART 6

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ദാവണി ചുറ്റി മുഖം മാത്രം കഴുകി നീണ്ട മുടി മെടഞ്ഞിട്ട് ട്രേയിൽ എടുത്ത ചായയുമായി പല്ലവി അവർക്ക് മുൻപിലെത്തി.

കണ്ട മാത്രയിൽ തന്നെ പ്രത്യഷിന്റെയും പ്രരുഷിന്റെയും മുഖം തെളിഞ്ഞു. ഏട്ടന് അനുയോജ്യയായ പെൺകുട്ടി എന്നവരുടെ ഉള്ളം മന്ത്രിച്ചു.
രമ്യയും നിറഞ്ഞ ചിരിയോടെയാണ് ചായ എടുത്തത്. പ്രദീപിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.

ചായ എടുക്കുമ്പോഴും പ്രണവിന്റെ നോട്ടം പല്ലവിയിൽ ആയിരുന്നു.
പച്ചയും മഞ്ഞയും ഇടകലർന്ന ധാവണിയായിരുന്നു അവൾ ധരിച്ചിരുന്നത്. എണ്ണമയമുള്ള മുടി മെടഞ്ഞിട്ടിരിക്കുന്നു.
ചമയങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും മഞ്ഞുതുള്ളിയേറ്റ പനിനീർപ്പൂവ് പോലെ മനോഹരിയാണ് അവളെന്ന് അവന് തോന്നി.
സൗന്ദര്യത്തിൽ തന്റെ സങ്കല്പത്തോട് യോജിക്കുന്നുവെങ്കിലും അവളൊട്ടും മോഡേൺ അല്ലെന്ന് അവന് തോന്നി.
ഓവർ മോഡേൺ അല്ലെങ്കിലും ശരീരത്തിന് അനുയോജ്യമായ മോഡേൺ വസ്ത്രങ്ങളോട് അവന് പ്രിയമാണ്. തന്റെ ഭാര്യ അത്യാവശ്യം നല്ല മോഡേൺ വസ്ത്രം ധരിക്കണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. പല്ലവിയാകട്ടെ
തുളസിക്കതിർ പോലൊരു നാടൻ പെൺകുട്ടി.

തന്റെ പി എ ആയിരുന്നപ്പോൾ താനവളെ അധികം ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ എല്ലാ ജോലിയും കൃത്യതയോടെ ചെയ്തിരുന്നു അവൾ.
ഓഫീസിൽ എല്ലാവരോടും സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഊർജ്ജസ്വലയായ പെൺകുട്ടി.

പവിമോളും പ്രണവും എന്തെങ്കിലും സംസാരിച്ചോളൂ. പരസ്പരം അറിയാമെങ്കിലും ഇനിയങ്ങോട്ട് ഒന്നിച്ചു ജീവിക്കേണ്ടവർ അല്ലേ.
മറ്റുള്ളവർ പറഞ്ഞറിയുന്ന അറിവുകളല്ലാതെ നിങ്ങൾ പരസ്പരം സംസാരിച്ച് മനസ്സിലാക്കുന്നതാകും നല്ലത്. അല്ലേ കൃഷ്ണേട്ടാ.. പ്രദീപ് വാര്യരോട് ആരാഞ്ഞു.

സമ്പത്തിന്റെ യാതൊരുവിധ തലക്കനവുമില്ലാതെ സംസാരത്തിൽ വിനയം കലർത്തി സംസാരിക്കുന്ന പ്രദീപിൽ അയാൾക്ക് മതിപ്പുളവാക്കി. അതിന് പുറമേ പ്രായത്തിന്റേതായ ബഹുമാനം നൽകിക്കൊണ്ടുള്ള കൃഷ്ണേട്ടാ എന്നുള്ള വിളിയും വാര്യരിൽ സന്തോഷം നിറച്ചു.
തികച്ചും യോജിച്ച നല്ലൊരു കുടുംബത്തിലേക്കാണ് മകൾ പോകുന്നതെന്ന ആശ്വാസവും അയാളിൽ നിറഞ്ഞു.

മുറ്റത്തിന്റെ കിഴക്കേ വശത്തായി പടർന്നു പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചുവട്ടിലായിരുന്നു പല്ലവിയും പ്രണവും.

ധാവണിതുമ്പും വലതുകൈയിലെ ചൂണ്ടുവിരലിൽ ചുറ്റി വിദൂരതയിലേക്ക് മിഴികൾ പായിച്ച് നിൽക്കുകയാണ് പല്ലവി.

എന്ത് പറഞ്ഞു തുടങ്ങണമെന്നറിയാതെ ഒരു നിമിഷം പ്രണവ് വിഷമിച്ചു.

ശേഷം പതിവ് പെണ്ണുകാണൽ രീതിയിൽ ചോദിച്ചു.

തനിക്കെന്നെ ഇഷ്ടമായോ..

ആശ്ചര്യത്തോടെ പല്ലവിയുടെ മിഴികൾ പ്രണവിൽ പതിഞ്ഞു.

വിഷാദച്ഛവി പരന്ന മുഖത്ത് ചെറിയൊരു പുഞ്ചിരി ഒളിമിന്നിയതായി അവന് തോന്നി.

തനിക്ക് കുറവുണ്ടോ ഇപ്പോൾ.. അവളുടെ ഇടത് കൈത്തണ്ടയിലെ വരഞ്ഞ മുറിവിന്റെ പാടിലേക്ക് നോക്കിക്കൊണ്ടാണ് അവൻ ചോദിച്ചത്.

മ്.. അവളൊന്ന് മൂളി.

ഒരുപാട് വിഷമമായല്ലേ.. അവൻ ചോദിച്ചു.

ചെയ്യാത്ത തെറ്റിന്റെ പേരിൽ കുരിശിൽ കയറേണ്ടി വരുന്നത് ആർക്കും വേദന തന്നെയാണ് സാർ. എനിക്ക് മുൻപിൽ അപ്പോഴെന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദാരിദ്രവും കഷ്ടപ്പാടുമൊന്നും ഇല്ല. പക്ഷേ കുടുംബത്തിന്റെ അന്തസ്സിനും അഭിമാനത്തിനും കളങ്കം വരാൻ ഞാൻ കാരണക്കാരിയായെന്ന് ചിന്തിച്ചപ്പോൾ മുന്നിൽ മരണമല്ലാതെ മറ്റൊന്നും കണ്ടില്ല.. പല്ലവി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

ഇരുപത്തിരണ്ട് വയസ്സേ അവൾക്ക് ഉള്ളൂ. തന്നെക്കാൾ ആറ് വയസ്സിനിളയതാണ്.
എന്നാലും പക്വത നിറഞ്ഞ സംസാരം അത് പ്രണവിനെ തെല്ല് വിസ്മയിപ്പിച്ചു.

തന്റെ വിവാഹം മുടങ്ങിയല്ലോ. ആ ചെറുപ്പക്കാരൻ.. അയാളെ താൻ സ്നേഹിച്ചിരുന്നോ… മടിച്ച് മടിച്ചാണ് പ്രണവ് അത് ചോദിച്ചത്.

വിവാഹത്തെപ്പറ്റി ഞാൻ ചിന്തിച്ചിട്ട് കൂടിയുണ്ടായിരുന്നില്ല.
പെൺകുട്ടികളെ അധികകാലം വച്ചു കൊണ്ടിരിക്കേണ്ടെന്ന മുത്തശ്ശന്റെ നിർബന്ധം. അതുവഴി വന്ന ആലോചനയാണ്. പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് വാക്ക് നൽകി.
അധ്യാപകനാണ് വിഷ്ണുവേട്ടൻ.
വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയെ മറ്റൊരു പുരുഷനോടൊപ്പം ഹോട്ടലിൽ നിന്നും പോലീസ് പിടിച്ചെന്ന് അറിഞ്ഞപ്പോൾ അവരാ വാക്ക് പിൻവലിച്ചു.
അദ്ദേഹത്തിന് കാണില്ലേ ഭാവി വധുവിനെപ്പറ്റി സങ്കല്പങ്ങളൊക്കെ.
വിഷ്ണുവേട്ടനെ ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു തുടങ്ങിയിരുന്നില്ല അതാണ് സത്യം.
സാർ ഇപ്പോൾ ഇവിടെ നിൽക്കുന്നത് പ്രദീപ്‌ സാറിന്റെ നിർബന്ധം കൊണ്ടാണല്ലോ.. പല്ലവി ചോദിച്ചു.

ഒരു നിമിഷം അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു.

എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. പക്ഷേ അവളെക്കുറിച്ച് ചില സത്യങ്ങൾ അറിഞ്ഞപ്പോൾ അവൾ എനിക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കിയപ്പോൾ അവളെ മറന്നു തുടങ്ങി.
പ്രണവ് പറഞ്ഞു.

എനിക്ക് ചില സങ്കല്പങ്ങളുണ്ട്. പല്ലവിയെ ജീവിതത്തിലേക്ക് കൂട്ടുവാൻ എനിക്ക് സമ്മതവുമാണ്.
തന്നെ വീട്ടിലും എല്ലാവർക്കും ഇഷ്ടമാണ്.
പ്രണവ് വിശദീകരിച്ചു.

എന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷം അതാണ് എനിക്ക് വലുത്. ഞാനായിട്ടുണ്ടാക്കിയ കളങ്കം ഇതുമൂലം മാഞ്ഞു പോകുമെങ്കിൽ അതിൽപരം ആശ്വാസവുമില്ല. എനിക്ക് ഇളയത് ഒരു പെൺകുട്ടിയാണ്. നാളെ ചേച്ചി കാരണം അവളുടെ ഭാവി ഇരുട്ടിലായെന്ന് ആരെങ്കിലും പറഞ്ഞാൽ അത് താങ്ങാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. എനിക്ക് സമയം വേണം പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നതിനായി.. പ്രണവിന്റെ മറുപടിക്കായി അവൾ കാതോർത്തു.

പ്രണവ് എന്തോ പറയാനായി തുടങ്ങിയതും
അതേയ്.. ഏട്ടത്തി ഞങ്ങളെ അറിയാമോ.. ചോദിച്ചുകൊണ്ട് പ്രത്യഷും
പ്രരുഷും കടന്നുവന്നു.

ഇരട്ടകളായ അവരെ അവൾ കണ്ണിമയ്ക്കാതെ നോക്കി.

ഞങ്ങൾക്കെല്ലാവർക്കും ഏട്ടത്തിയെ ഒരുപാടിഷ്ടമായി കേട്ടോ.
സ്വയം പരിചയപ്പെടുത്തി കൊണ്ടവർ പറഞ്ഞു.

യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ പ്രണവ് പല്ലവിയെ നോക്കി.
ഉമ്മറപ്പടിയിൽ അവരെ നോക്കി അവൾ നിൽപ്പുണ്ടായിരുന്നു.

പിറ്റേന്ന് തന്നെ വിവാഹത്തിന് പറ്റിയ മുഹൂർത്തം കുറിച്ചത് പ്രദീപ്‌ വിളിച്ചറിയിച്ചു.

ഇനി പതിനേഴ് ദിവസം മാത്രം.
വാര്യർ പാർവതിയോട് പറഞ്ഞു.

ഒരുക്കങ്ങളൊക്കെ നടത്തി തുടങ്ങാം പെട്ടെന്ന്.. അല്ലേ ഏട്ടാ രാമൻ ചോദിച്ചു. രാമനും വൃന്ദയും തൊട്ടടുത്ത് തന്നെയാണ് താമസം. അവർക്ക് ഒരു മകനാണ്. പ്ലസ് ടുവിൽ പഠിക്കുന്ന വിവേക്.

സ്വർണ്ണം കുറേ ലോക്കറിൽ ഇരിപ്പുണ്ട്.
പവിയുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റി വാങ്ങുകയോ പോളിഷ് ചെയ്യുകയോ ചെയ്യാം.
മംഗല്യപ്പട്ട് അവരാണല്ലോ എടുക്കേണ്ടത്.
തലേന്നത്തെ സാരിയും മറ്റും നമുക്കെടുക്കാം.
ബാങ്കിൽ നാളെ തന്നെ പോയി പൈസ എടുക്കണം രാമാ.. കൃഷ്ണൻ പറഞ്ഞു.

ഓഡിറ്റോറിയം ബുക്ക്‌ ചെയ്യണ്ടേ ഏട്ടാ.. അത് അവരുടെ ഇഷ്ടമനുസരിച്ച് വേണമല്ലോ.. വൃന്ദ ആരാഞ്ഞു.

അതെ… വലിയ ആളുകളല്ലേ ഒരുപാട് വല്യ വല്യ ആൾക്കാരൊക്കെ വരും..മുത്തശ്ശനും അത് ശരിവച്ചു.

എല്ലാവരും പറയുന്നത് കേട്ട് നല്ലൊരു കേൾവിക്കാരിയായി പവി ഇരുന്നു.

സ്വപ്നത്തിൽപോലും ചിന്തിക്കാത്ത വലിയ ബന്ധം. അവൾക്കെന്തോ വല്ലായ്മ തോന്നി.
സാധാരണ ജീവിതം ഇഷ്ടപ്പെടുന്ന തനിക്ക് അതിനോട് പൊരുത്തപ്പെടാൻ സാധിക്കുമോ.. അതിലുപരി പ്രണവ് വർമ്മ എന്ന മനുഷ്യന്റെ ഭാര്യ. ആലോചിച്ചപ്പോൾ തന്നെ ശരീരത്തിലൂടൊരു വിറയൽ പാഞ്ഞു പോയതുപോലെ.
താൻ കണ്ടറിഞ്ഞ ബ്രാൻഡഡ് വസ്തുക്കൾ ഉപയോഗിക്കുന്ന കർക്കശക്കാരനായ ബിസിനസ്മാൻ.
ആ മോഡേൺ ലൈഫുമായി താൻ ഇഴുകി ചേരേണ്ടി വരുമോ.
ചോദ്യങ്ങളുടെ കൂമ്പാരം തന്നെയുണ്ടായിരുന്നു അവൾക്കുള്ളിൽ.
പതിനേഴ് ദിവസങ്ങൾ..
ചെമ്പഴി ഇല്ലത്തെ കുസൃതിക്കാരി പെൺകുട്ടിയിൽ നിന്നും താൻ മറ്റൊരു ലോകത്തേക്ക് കടക്കാൻ.. ആലോചിക്കുന്തോറും വല്ലാത്തൊരു ഭയം തന്നിൽ ഉറവെടുക്കുന്നത് അവൾ തിരിച്ചറിഞ്ഞു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

പ്രണവപല്ലവി: ഭാഗം 2

പ്രണവപല്ലവി: ഭാഗം 3

പ്രണവപല്ലവി: ഭാഗം 4

പ്രണവപല്ലവി: ഭാഗം 5

 

Share this story