പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 3

എഴുത്തുകാരി: തപസ്യ ദേവ്‌


മുഖത്ത് ഉണ്ടായ ഭാവമാറ്റം മറ്റുള്ളവരിൽ നിന്നും മറക്കാൻ പവിത്ര പിൻവാതിലിൽ കൂടി അകത്തേക്ക് കയറി.

” എന്തായി പത്മം പവിത്രയുടെ കല്യാണകാര്യം അവൾ ശങ്കരൻ പറഞ്ഞ ആലോചനയ്ക്ക് സമ്മതിച്ചോ.. ”

” എന്റെ ഇന്ദു ഏട്ടത്തി ഞാൻ പറയുന്നത് അല്ലാതെ അവൾക്ക് ഒരു കുലുക്കവും ഇല്ല… അവൾക്ക് കല്യാണം വേണ്ടാ എന്ന് ഉറപ്പിച്ചു പറയുവാ…
വേണച്ചാൽ അമ്മ കെട്ടിക്കോളാൻ അവൾ പറയുവാ….ഏട്ടൻ ഒന്നു അവളോട് പറഞ്ഞു സമ്മതിപ്പിക്കാമോ.. ”

” ഞാൻ എത്രയോ വട്ടം പറഞ്ഞതാ അവളുടെ നല്ല പ്രായത്തിൽ.. എന്നിട്ട് അവൾ കേട്ടോ… ഇല്ല.
നീ വിഷമിക്കണ്ട ഞാൻ സംസാരിക്കാം.. എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ല ”

” മ്മ് ഇവിടെ ഇരിക്കാതെ അകത്തേക്ക് കയറി വാ രണ്ടാളും.. ഉച്ചക്കെ ഊണ് കഴിഞ്ഞു പോകാം.. ഏട്ടൻ വേണേച്ചാൽ ഇത്തിരി നേരം കിടന്നോ… വാ ഏട്ടത്തി നമ്മുക്ക് അടുക്കളയിലേക്ക് പോകാം ”

” ഇവിടെ നിന്നും ചെന്നിട്ട് വേണം പത്മം ഇനി വല്ലതും വെക്കാനും പിടിക്കാനും ഞങ്ങൾ നിൽക്കുന്നില്ല അങ്ങ് പോകാ… ”

” ന്റെ ഏട്ടത്തി ഇവിടുന്ന് ഒരു പതിനഞ്ചു മിനുറ്റ് നേരത്തെ നടത്തം അല്ലേയുള്ളു നിങ്ങളുടെ വീട്ടിലേക്ക്… പിന്നെ വല്ലതും വെക്കുന്ന കാര്യം.. നിങ്ങൾ രണ്ടുപേരല്ലേയുള്ളൂ അവിടെ.. പോകുമ്പോൾ ഞാൻ കറി തന്നു വിടാം.. അപ്പോൾ ചോറ് മാത്രം വെച്ചാൽ പോരായോ… ”

” നിന്നോട് പറഞ്ഞു ജയിക്കാൻ പറ്റില്ലല്ലോ പത്മം ”
ഇന്ദു ചിരിയോടെ പറഞ്ഞു.

” രാജേഷും ഭാര്യയും കുഞ്ഞും സുഖമായി ഇരിക്കുന്നോ.. ഇവിടേക്ക് വരണില്ലേ അവർ ”

” എല്ലാരും സുഖമായി ഇരിക്കുന്നു.വരുന്നത് ഒക്കെ കണക്കാ പത്മം.
രാജേഷ് എറണാകുളത്ത് ജോലി ചെയ്യുന്നു എന്ന് പറഞ്ഞു അവൾക്ക് അവിടെ പോയി നിൽക്കണം.
പ്രായമായ ഞങ്ങൾ അച്ഛനെയും അമ്മയെയും നോക്കി വീട്ടിൽ ഇരിക്കാൻ അവൻ പറഞ്ഞതാ. അവൾക്ക് അത് ഇഷ്ടമായില്ല. ഞങ്ങൾ അവനെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതു ആണെന്ന്.

എന്ത് പറയാനാ പത്മം ചില പെൺകുട്ടികൾ ഇങ്ങനാ. മോനും ഭാര്യയും പേരക്കുട്ടിയും അടുത്തില്ല. അടുത്തുള്ള മകൾക്കോ ഒരു കുഞ്ഞില്ല. എനിക്കും രാഘവേട്ടനും ജീവിതത്തിൽ ഉള്ള ദുഃഖങ്ങൾ ഇതൊക്കെയാ.. ”

” എല്ലാർക്കും ഓരോ സങ്കടങ്ങൾ ഉണ്ട് ഏട്ടത്തി..
എന്റെ മൂത്ത മോനെ കണ്ടില്ലേ.. തിരിഞ്ഞു നോക്കാറില്ല. മാസം ഒരു ആയിരം രൂപ അയച്ചു തരും. പിന്നെ ഒരു മോൻ ജോലിയും കൂലിയും ഇല്ലാതെ തെണ്ടി നടന്നു. അതും പോരാഞ്ഞിട്ട് ഒന്നിനെ വിളിച്ചോണ്ടും വന്നു. എന്റെ പവിത്ര മോള് അവള് എന്ത് മാത്രം കഷ്ടപ്പെട്ടാ ഈ വീട് നടത്തി കൊണ്ട് പോകുന്നത്. ഒരു ഗൃഹനാഥൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും എന്റെ കുട്ടി ചെയ്യുന്നില്ലേ … അതിന്റെ ഭാരം ഒന്നു കുറച്ചു കൊടുക്കുന്നതിനു പകരം അവൻ കൂട്ടി കൊടുത്ത്. ആർക്കും ഒരു ചിന്തയുമില്ല അവൾക്ക് ഒരു ജീവിതം വേണമെന്ന്… ”

സാരി തുമ്പാൽ കണ്ണീരൊപ്പി കൊണ്ട് പത്മം പറഞ്ഞു നിർത്തി.

” സങ്കടപ്പെടേണ്ട പത്മം അവൾക്ക് ഇതിനൊക്കെ ഒരിക്കൽ നല്ലത് വരും. ഈ കാണുന്ന മുരടൻ സ്വഭാവം അവൾക്ക് വരാൻ കാരണം എന്താന്ന് നമ്മുക്ക് അറിയാല്ലോ. അതൊക്കെ മാറും.. നമ്മുടെ കുട്ടി സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കുന്നത് നമ്മൾ കാണും ”

ഇന്ദു പത്മതെ സമാധാനിപ്പിച്ചു.

” എനിക്ക് ആണേൽ നമ്മുടെ വീടിന് മുൻപിൽ കൂടി വിഷ്ണുവും ഭാര്യയും കുഞ്ഞും കൂടെ പോകുന്ന കാണുമ്പോൾ എന്തോ ഒരു വല്ലാത്ത വിഷമമാ…

നല്ല ചെറുക്കൻ ആയിരുന്നു അവൻ. പവിത്രയെ വലിയ ഇഷ്ടമായിരുന്നു അത് എന്നോട് വന്നു പറയുകയും ചെയ്തു അന്തസ്സായിട്ട് അവന്റെ അമ്മയെ പെണ്ണുചോദിക്കാൻ പറഞ്ഞും വിട്ടു. താല്പര്യം ഇല്ല എന്ന് പറഞ്ഞു ആ മോളിയുടെ മുഖത്ത് നോക്കി ഈ പെണ്ണ്.
മോളിയുടെ സ്വഭാവം അറിയാല്ലോ നല്ല പോലെ എന്റെ കുഞ്ഞിനെ ചീത്ത പറഞ്ഞു. ഇനി ഇവിടെ നിന്ന് അനാവശ്യം പറഞ്ഞാൽ ചൂൽ എടുത്തു അടിക്കും എന്ന് പറഞ്ഞല്ലേ പവിത്ര അവരെ ഇറക്കി വിട്ടത് ”

” അതുപിന്നെ അവളെ കുറിച് തോന്നിവാസം പറഞ്ഞിട്ടല്ലേ പവിത്ര മോള് അങ്ങനെ ചെയ്തത് പത്മം ”

” ഒക്കെ ശെരിയാ ഏട്ടത്തി പക്ഷേ കെട്ടുപ്രായം കഴിഞ്ഞൊരു മോള് വീട്ടിൽ നിൽക്കുമ്പോൾ അമ്മമാരുടെ നെഞ്ചിൽ തീയാ ”

” എവിടാ തീ പിടിച്ചത് ”
പവിത്ര അവരുടെ അടുത്തേക്ക് വന്നു.

” ഒന്നുല്ല ഞങ്ങൾ ഇങ്ങനെ പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇരിക്കുവാരുന്നു. മോള് വേഷം മാറിയോ ”

” ഉവ്വ് അമ്മായി..”
അവർ പറഞ്ഞതൊക്കെ കേട്ടിട്ടും അറിയാത്ത പോലെ അവൾ നിന്നു.

” രാജേഷ് ഏട്ടനും നീതുവും ഈ ആഴ്ച വരില്ലേ ”

” മ്മ് വരും ”
എല്ലാരും ഒരുമിച്ച് ഊണ് കഴിച്ചു കഴിഞ്ഞിട്ടും പ്രശാന്തും ചിപ്പിയും എത്തിയിരുന്നില്ല.

ഊണ് കഴിഞ്ഞ് എല്ലാരും പൂമുഖത്ത് കസേരയിൽ ഇരുന്നു വിശ്രമിക്കുമ്പോൾ ആണ് എന്തോ കല്ല് വന്നു വീഴുന്ന പോലെ സൗണ്ട് കേട്ടത്.

പവിത്ര മുറ്റത്തേക്ക് ഇറങ്ങി. പുറകെ അമ്മാവനും.. ഇന്ദുവും പത്മവും തൂണിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു.

മൂന്നാല് പത്തു പന്ത്രണ്ടു വയസ്സ് പ്രായം വരുന്ന ചെക്കന്മാർ മാവിലേക്ക് കല്ലെറിയുവാണ്. എല്ലാ എണ്ണവും അവിടൊക്കെ ഉള്ളവൻമാർ തന്നെ ആയിരുന്നു.

പവിത്ര അവിടെ കിടന്നൊരു വടിയും എടുത്ത് അവിടേക്ക് ചെന്നു.

” ഡാ ഓടിക്കോടാ ഹിറ്റ്ലർ ദീദി വരുന്നുണ്ടേ”
കൂട്ടത്തിൽ ഒരുത്തൻ വിളിച്ചു കൂവി കൊണ്ട് ഓടി. അതുകേട്ട പാടെ നാലും നാല് വഴിക്ക് ചിതറി ഓടി.

” ഡാ നിക്കടാ അവിടെ ”
പവിത്ര മാവിന്റെ അടുത്ത് വന്നപ്പോഴേക്കും അവിടം ശൂന്യമായി.

” അതെന്താ പത്മം ഹിറ്റ്ലർ ദീദി ”

” ന്റെ ഏട്ടത്തി ഇവളുടെ ഈ സ്വഭാവം കൊണ്ട് ഇവിടുള്ള പിള്ളേര് ഇട്ടിരിക്കുന്ന പേരാ അത് ”

ഇന്ദുവും പത്മവും വാ പൊത്തി ചിരിച്ചു. അത് കേട്ടു വന്ന ഗൗരവക്കാരനായ രാഘവനമ്മാവൻ വരെ ചിരിച്ചു പോയി.

പവിത്ര കേറി വരുമ്പോൾ എല്ലാരും ചിരിച്ചോണ്ട് നിൽക്കുവാണ്. അതിന്റെ കാരണം അവൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. അവളുടെ മുഖം ചുവന്നു. ചിരി അടക്കി നിൽക്കുന്ന അമ്മയുടെ മുൻപിൽ കൈകെട്ടി അവൾ നിന്നു. പവിത്രയുടെ നിൽപ്പ് കണ്ടതും മുഖത്തെ ചിരിയുടെ ഭാവങ്ങൾ ഒക്കെ എവിടെയോ പോയി ഒളിച്ചു.

” ഒന്ന് രണ്ട് മാങ്ങാ പിള്ളേര് പറിച്ചോട്ടെ നീ എന്തിനാ അവരെ വഴക്ക് പറയുന്നത് ”

” മാങ്ങാ വേണമെങ്കിൽ ഇവിടെ വന്നു ചോദിക്കണം. പറിക്കാൻ തോട്ടിയും ഇവിടെ ഇരിപ്പുണ്ട്. അതിന് പകരം കള്ളന്മാരെ പോലെ വന്നു കല്ലെറിഞ്ഞു മാമ്പൂ കൂടെ കൊഴിച്ചു കളയുവാ ഈ കുരിപ്പുകൾ ”

” മ്മ് നീ ഇവിടെ വന്നു ഇരുന്നേ ”

അമ്മാവന്റെ അരികിൽ വന്നു പവിത്ര വന്നു ഇരുന്നു.

” പത്മം പറഞ്ഞിരുന്നില്ലേ ഒരു വിവാഹാലോചനയുടെ കാര്യം. എന്താ നിന്റെ തീരുമാനം ”

” എന്റെ തീരുമാനം ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞിരുന്നു. എനിക്ക് കല്യാണം കഴിക്കണ്ട ”

” അങ്ങനെ പറഞ്ഞാൽ എങ്ങനാ കുട്ടി നിനക്കും വേണ്ടേ ഒരു ജീവിതം ”

അതിനു മറുപടിയായി അവൾ ഒന്ന് ചിരിച്ചു.

” പവിത്രയുടെ ജീവിതം ഇതാണ്.. ഇങ്ങനെ തന്നെ മുന്നോട്ടും പോകാനാണ് എന്റെ തീരുമാനം.. ഈ കാര്യം ഇനി ആരും എന്നോട് സംസാരിക്കാൻ വരരുത് ”

അത്രയും പറഞ്ഞിട്ട് അവൾ മുറിയിലേക്ക് പോയി.

” എല്ലാത്തിനും കാരണം അയാളാ … അവളുടെ അച്ഛൻ. പഴയ കാര്യങ്ങൾ ഒക്കെ കണ്ടും കേട്ടും അവളുടെ മനസ്സ് മുരടിച്ചു പോയിരിക്കുന്നു. ചെറിയ പ്രായത്തിലെ ഒരു കുടുംബത്തിന്റെ ഭാരം മൊത്തം ഏറ്റെടുത്തവൾ അല്ലേ….അവളുടെ തീരുമാനങ്ങൾ കല്ല് പോലെ ഉറച്ചതാ.. അതിനെ ഇളക്കാൻ നമ്മളെ കൊണ്ട് ആകില്ല. അവളെ തിരുത്താൻ പറ്റുന്ന ആരെയെങ്കിലും അവൾ കണ്ടുമുട്ടട്ടെ എന്ന് പ്രാർത്ഥിക്കാം..
എന്നാൽ ശെരി പത്മം ഞങ്ങൾ ഇറങ്ങട്ടെ. പ്രശാന്തിനോട് ഞങ്ങൾ വന്ന വിവരം പറയുക. പിന്നെ ഞാൻ അവനെ വിളിച്ചോളാം. ”

രാഘവനും ഇന്ദുവും പോകാൻ ഇറങ്ങി. പത്മം കറികൾ എടുത്തു വെച്ചത് ഒരു കവറിൽ ആക്കി ഇന്ദുവിന്റെ കയ്യിൽ കൊടുത്തു വിട്ടു.

കുറച്ചു ദിവസമായി സൗമ്യയെ കണ്ടിട്ട്. ജയാമ്മയോട് ചോദിച്ചപ്പോൾ പനിയാണെന്ന്.
പവിത്ര സൗമ്യയെ കാണാൻ അവളുടെ വീട്ടിലേക്ക് ചെന്നു

” അല്ല ആരാ ഇത്… ഈ വഴിയൊക്കെ അറിയാമോ… ”
പതിവില്ലാതെ വീട്ടിലേക്ക് വന്ന പവിത്രയെ കണ്ടു ജയ അത്ഭുതത്തോടെ ചോദിച്ചു.

” സൗമ്യേ കാണാൻ വന്നതാ ”

” അവൾ മുറിയിലുണ്ട്…പനി ഒന്നും വലുതായിട്ട് ഇല്ല. തലവേദന ആണെന്ന്… കഴിപ്പും കുടിയും ഒക്കെ കുറവാ. ഏതുനേരവും മുറിക്ക് അകത്ത് കിടപ്പാ ”

” ഞാൻ ഒന്ന് നോക്കട്ടെ ”

പവിത്ര സൗമ്യയുടെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ കിടക്കുവാണ് കണ്ണുകൾ അടച്ചു. പക്ഷേ ഉറങ്ങുകയല്ല എന്ന് മനസ്സിലായി. അവൾ സൗമ്യയുടെ അടുത്ത് ചെന്ന് ഇരുന്നു.

” സൗമ്യേ ”
പവിത്രയുടെ വിളി കേട്ടതും അവൾ ഞെട്ടി കണ്ണുകൾ തുറന്നു.

സൗമ്യയുടെ കണ്ണുകളിലെ നനവ് പവിത്ര കണ്ടു.

” പനിയാണ് തലവേദനയാണ് എന്ന നുണകൾ ഒന്നും എന്നോട് പറയണ്ട. സത്യം പറ എന്താ നിന്റെ സങ്കടം. ചെറുതായിട്ട് എനിക്ക് ഒരൂഹം ഉണ്ട്. അത് ശെരിയാണോ എന്ന് അറിഞ്ഞാൽ മതി ”

പവിത്രേച്ചി എന്ന് വിളിച്ചുകൊണ്ടു അവളുടെ നെഞ്ചിലേക്ക് സൗമ്യ വീണു പൊട്ടിക്കരഞ്ഞു. അവളുടെ വിതുമ്പലുകൾ തീരുന്നത് വരെ പുറത്ത് തട്ടി കൊടുത്ത് കൊണ്ടിരുന്നു പവിത്ര.

” ഇനി പറ പ്രശാന്തിന്റെ വിവാഹം ആണോ നിന്റെ വിഷമത്തിന്റെ കാര്യം… നിനക്ക് അവനെ ഇഷ്ടമായിരുന്നോ ”

” മ്മ് എനിക്ക് പ്രശാന്തേട്ടനെ ഒരുപാട് ഇഷ്ടം ആയിരുന്നു ചേച്ചി. അതും എനിക്ക് മാത്രം തോന്നിയ ഇഷ്ടം ഒന്നും ആയിരുന്നില്ല….ചേട്ടൻ എന്റെ പുറകെ നടന്നു നേടിയെടുത്തതാണ് എന്റെ സ്നേഹം. ഒരു ജോലി ഒപ്പിച്ചിട്ട് എന്റെ വീട്ടിൽ വന്നു ആലോചിക്കാൻ ഞാൻ പറഞ്ഞതാ പ്രശാന്തേട്ടനോട്. ഒരു വാക്ക് പോലും പറയാതെ ഒരുപാട് മോഹങ്ങൾ തന്നു എന്നോട് ചേട്ടൻ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല ചേച്ചി. എനിക്ക് ഇത് താങ്ങാൻ പറ്റുന്നില്ല ”

പ്രതീക്ഷിച്ച പോലെ തന്റെ അനിയൻ ഇവിടെ കുറ്റക്കാരൻ ആണെന്ന് പവിത്രക്ക് ബോധ്യമായി.

” കഴിഞ്ഞത് കഴിഞ്ഞു സൗമ്യേ… അവനെ ഓർത്ത് നീ നിന്റെ ഭാവി നശിപ്പിക്കാതെ നാലക്ഷരം പഠിക്കാനും ഒരു ജോലി വാങ്ങിയെടുക്കാനും നോക്ക്.
നിന്നെ കിട്ടാനോ നിന്റെ സ്നേഹം അനുഭവിക്കാനോ ഉള്ള യോഗ്യത അവനില്ല എന്ന് ഓർത്താൽ മാത്രം മതി നീ… നിന്നേ നഷ്ടപ്പെടുത്തിയത് ആണ് അവന് പറ്റിയ ഏറ്റവും വലിയ തെറ്റ് എന്ന് അവനെ കൊണ്ട് ചിന്തിപ്പിക്കണം….
ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ… ”

സൗമ്യ പതിയെ തല കുലുക്കി.

” ഇനിയും കരഞ്ഞിരിക്കണോ അതൊ ജീവിച്ചു കാണിക്കണോ നിനക്ക് ”
പവിത്രയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി തനിക്ക് കിട്ടുന്നത് പോലെ സൗമ്യക്ക് തോന്നി.

” എനിക്ക് ജയിക്കണം ചേച്ചി….അയാളുടെ മുന്നിൽ ഞാൻ വീണു പോയിട്ടില്ല എന്നു കാണിച്ചു കൊടുക്കണം ”

തിരിച്ചൊന്നും പറയാതെ സൗമ്യയുടെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചിട്ട് പവിത്ര അവിടെ നിന്നും ഇറങ്ങി. തോട്ടിറമ്പിൽ കൂടി നടന്നു വരുമ്പോൾ എതിരെ വിഷ്ണു ബൈക്കിൽ വരുന്നു.

തന്നെ നോക്കുന്നത് കാണാതെ കണ്ടിട്ടും പവിത്ര മുന്നോട്ട് നടക്കാൻ തുനിഞ്ഞു.

” പവിത്ര ഒരു നിമിഷം നിൽക്കുമോ ”
ബൈക്ക് ഓഫ്‌ ആക്കി സ്റ്റാൻഡ് ഇട്ടു വിഷ്ണു അവളുടെ അടുത്തേക്ക് ചെന്നു.

” എന്താ വിഷ്ണു ”

ഒന്ന് മടിച്ചു നിന്നിട്ട് അവൻ പതിയെ പറഞ്ഞു തുടങ്ങി.
” അത്… ഞാൻ തന്നോട് പറഞ്ഞിട്ടില്ലെങ്കിലും തനിക്ക് അറിയാല്ലോ എനിക്ക് തന്നോട് ഒരു ഇഷ്ടം ഉണ്ടായിരുന്ന കാര്യം. പണ്ട് ട്യൂഷൻ പഠിക്കുമ്പോൾ ചെറിയച്ഛൻ എന്നെ രാജകുമാരൻ എന്നും നിന്നേ രാജകുമാരിയെന്നും വിളിക്കാറില്ലായിരുന്നോ… തനിക്ക് ഓർമ്മയുണ്ടോ ”

പവിത്രയും അതോർത്തു. പൂച്ചക്കണ്ണുകൾ ഉള്ള തന്റെ കളിക്കൂട്ടുകാരൻ… വിഷ്ണു. അവന്റെ ചെറിയച്ഛൻ ആയിരുന്നു ട്യൂഷൻ പഠിപ്പിച്ചിരുന്നത്. അദ്ദേഹം തങ്ങളെ രാജകുമാരൻ എന്നും രാജകുമാരിയെന്നും ആയിരുന്നു വിളിച്ചിരുന്നത്.

” അങ്ങനെ വളരുന്നതിന് ഒപ്പം ഈ രാജകുമാരിയെ കൂടി ഒപ്പം കൂട്ടണം എന്ന് തോന്നി തുടങ്ങി. ജീവിതത്തിൽ ഏറ്റവും വലിയൊരു നിസ്സഹായാവസ്ഥയിൽ നീ നിൽക്കുന്നത് കണ്ടപ്പോൾ ആണ് കൂടെ വിളിച്ചു കൊണ്ട് വരണമെന്ന് തോന്നിയത്. അങ്ങനാണ് അമ്മ അവിടെ വന്നത്. എന്നെ വേണ്ടെന്ന് പറയാൻ തനിക്ക് തന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കും. പക്ഷേ… ”

” മതി നിർത്ത്… കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുമായി. ഇപ്പോഴും പഴയ ഇഷ്ടം പുതുക്കാൻ വന്നിരിക്കുവാണോ താൻ ”
പവിത്ര ദേഷ്യത്തോടെ ചോദിച്ചു.

ആദ്യം ആ ചോദ്യം കേട്ട് ഒന്ന് പകച്ചു പോയെങ്കിലും വിഷ്ണുവിന്റെ മുഖവും ദേഷ്യത്താൽ വലിഞ്ഞു മുറുകി.

” അതിന്റെ ആവശ്യം എനിക്ക് ഇല്ല പവിത്ര…
സ്നേഹം തോന്നിയ സമയത്ത് പോലും തന്റെ പുറകെ നടന്നു ഞാൻ ബുദ്ധിമുട്ടിച്ചിട്ടില്ല.. പിന്നല്ലേ ഇപ്പോൾ…
സൗമ്യ കുറച്ചു ദിവസങ്ങൾക്കു മുൻപേ എന്നോട് പറഞ്ഞിരുന്നു എന്റെ അമ്മ തന്നെ പലയിടത്തും വെച്ചു അപമാനിക്കുന്നുണ്ട് എന്ന്. അതിന് എന്റെ ഭാഗത്ത്‌ നിന്നും മാപ്പ് ചോദിക്കാൻ വേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത്. പിന്നെ ഇനിയെങ്കിലും ഒരു ജീവിതം താൻ കണ്ടെത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്… അതു പറയാനും കൂടിയാണ് വിളിച്ചു നിർത്തിയത്.
മറ്റൊന്നും പവിത്ര ചിന്തിച്ചു കൂട്ടണ്ട. ”

ഒരിക്കൽ കൂടി ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ പവിത്രയെ നോക്കിയിട്ട് അവൻ തന്റെ വണ്ടിയെടുത്തു പോയി.

ആദ്യമായി താൻ പറഞ്ഞു പോയ വാക്കുകളെ ഓർത്ത് പവിത്ര പശ്ചാത്തപിച്ചു…(തുടരും)

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story