ക്ഷുദ്ര ജീവികളില്ലാത്ത നാളെകളിലേയ്ക്ക് – ഭാഗം 3

ക്ഷുദ്ര ജീവികളില്ലാത്ത നാളെകളിലേയ്ക്ക് – ഭാഗം 3

നോവൽ

****

ക്ഷുദ്ര ജീവികളില്ലാത്ത നാളെകളിലേയ്ക്ക് – ഭാഗം 3

എഴുത്തുകാരി:
ജോസ്ന ലിസ്ബത്ത്

‘അങ്ങനെയുമൊരു നാടോ’? അടുത്തിരുന്ന വെള്ളക്കാരനെ ജിത വിശ്വാസം വരാത്ത പോലെ ഒന്ന് തുറിച്ചു നോക്കി. തുറിച്ചു നോട്ടം കൾച്ചർ ഇല്ലാത്തവരുടെ ലക്ഷണമായതു കൊണ്ടാവാം ആ മനുഷ്യൻ അരണ്ട വെളിച്ചത്തിൽ, മടിയിൽ മടക്കി വച്ചിരുന്ന മാഗസിൻ തുറന്നു എന്തൊക്കെയോ പരതാൻ തുടങ്ങി.

വിശ്വാസം വരുത്താൻ തിരക്കിട്ട്‌ അങ്ങനെയൊരു പശ്ചാത്തലം സങ്കല്പിച്ചു നോക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല! പലഹാര പാത്രം തുറന്നാൽ മണത്തേക്കാൾ മുന്നേ ചാടി വരുന്ന ഉറുമ്പിനെയും ബുക്‌ഷെൽഫ്‌ തുറന്നാൽ ഓടിയൊളിക്കുന്ന പാറ്റകളെയും മാത്രമേ പെട്ടെന്ന് ഓർമ്മ വരുന്നുള്ളു. ചെരിപ്പിനടിയിൽ പാത്തു കിടക്കുന്ന അട്ടകളും, സിലിനിങിനിടയിലേയ്ക് തിരക്കിട്ട്‌ ഓടുന്ന പല്ലികളും, ഇവരുടെയെല്ലാം മുൻനിര നേതാക്കളായ വിഷമുള്ളതും ഇല്ലാത്തതുമായ ദശകണക്കിനു പാമ്പുകളും ഇല്ലാത്തൊരു നാടോ? ചില കാര്യങ്ങൾ അങ്ങനെയാണ് കാണാതെ വിശ്വസിക്കാൻ പാടാണ്! ബൈബിൾ കഥകളിലെ തോമാശ്ലീഹായുടെ നാട്ടിലുള്ളവർക്ക് പ്രത്യേകിച്ചും.

സങ്കൽപം അവിടെ നിൽക്കട്ടെ , യാഥാർഥ്യത്തിലേക്ക് തിരിച്ചു വരാം. ല്ഗഗേജിന്റെ ഭാരം കുറയ്ക്കാൻ രണ്ടോ മൂന്നോ ജാക്കറ്റുകൾ ധരിക്കുക എന്ന സൂത്രവിദ്യ ശിരസാ വഹിച്ചപ്പോൾ ഇത്രയും കുഴപ്പങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചതേയില്ല. ചെക്കിന്നും സെക്യൂരിറ്റി ഗേറ്റും കടന്നപ്പോൾ മുതൽ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് അവ. ഇപ്പോളിതാ കുപ്പായങ്ങൾക്കുള്ളിലുള്ള ശരീരഭാഗങ്ങൾ വിയർത്തൊലിക്കുകയും പുറത്തുള്ള ഭാഗങ്ങൾ തണുത്തു വിറക്കുകയുമാണ്.

————————————

‘മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ്’ എന്ന വിശേഷണം സുരേഷേട്ടന് നന്നായി യോജിക്കുമെന്നു പെട്ടെന്ന് തോന്നി. നാട്ടിൽ അയൽപക്കത്തുള്ള ഒരു അഭ്യൂദയകാംക്ഷി എന്ന നിലയിൽ തലേന്ന് വൈകിട്ട് പെട്ടി പാക്ക് ചെയ്യുമ്പോൾ തന്നൊരു ഉപദേശമാണ് മുകളിൽ പറഞ്ഞ ശരീരതാപ വിരോധാഭാസത്തിന്റെ കാരണഭൂതുവെന്നു എങ്ങനെ മറക്കാനാകും? കുറ്റം പറയല്ലല്ലോ, കക്ഷി ഡൊമസ്റ്റിക് ഫ്ലൈറ്റിൽ ഒക്കെ കയറി പരിചയമുള്ളയാളാണ്. പക്ഷെ ഇന്റർനാഷണൽ ഫ്ലൈറ്റിൽ ഇത്രടം വരെയെങ്കിലും എത്തിച്ചത് അടുത്തിരുന്നു വെറുതെ പരതുന്ന ആ ആളാണെന്നു സമ്മതിക്കേണ്ടി വരും. വില്ലൄം അതാണയാളുടെ പേര്.

————————————-

കണ്ടുമുട്ടാനിരിക്കുന്ന മുഖങ്ങളും, കണ്ടു പിരിഞ്ഞ മുഖങ്ങളും ജിതയുടെ മനസ്സിലേക്കും, ഭാവനയിലേക്കും തെളിഞ്ഞു വന്നു കൊണ്ടേയിരൂന്നു. പക്ഷേ, അവളുടെ മനസ്സിനെ തളർത്തിയ മുഖങ്ങൾ മറ്റാരുടെയും ആയിരുന്നില്ല. അവളുടെ മണ്ടത്തി മാലാഖയുടെയും, കിരണിൻടയും ആയിരുന്നു, അവ അവളുടെ ഹൃദയമിടുപ്പിൻടെ ഭാഗമായി തീർന്നിരിക്കുന്നു.

”ചിന്നുചേച്ചി, എന്നെ മറക്കുമോ പുതിയ കൂട്ടുകാരെ കിട്ടുവ്വോൾ’ എന്നു പറഞ്ഞു വിതുങ്ങിയ ആ മണ്ടിപെണ്ണ്, മാലാഖ പോലത്തെ പ്രസരിപ്പുള്ള മുഖഭാവവും, കിലുക്കാം പെട്ടി പോലത്തെ ചിരിയും, കയറു പൊട്ടിച്ച കാളക്കുട്ടിയെ ഓർമ്മിപ്പിക്കുന്ന വെപ്രാളം പിടിച്ച നടത്തവും ഉള്ള ഒരു അഞ്ചടി മൂന്നിഞ്ചു പൊക്കത്തിലുള്ള സുന്ദരിക്കുട്ടി..ജൂലി…

————————————-

”ആർ യു ഓക്കേ ”? മുക്കലും മുരളലും കേട്ടിട്ടാണെന്നു തോന്നുന്നു, മരൄദക്കാരനായ വില്ലൄം പരതൽ തല്ക്കാലം അവസാനിപ്പിച്ച് തല പൊക്കി നോക്കി. എന്തൊക്കെയോ അവൾ പറഞ്ഞെങ്കിലും അദ്ദേഹത്തിന് കാര്യമായി ഒന്നും മനസിലായ ലക്ഷണമില്ല. പെട്ടെന്നാണ് ചില പ്രത്യേക സന്ദർഭങ്ങളിൽ സ്പോക്കൺ ലാങ്‌വേജിനെക്കാളും ഫലപ്രദമായ മറ്റു ഭാഷാ ശ്രേണികളുണ്ടെന്നു ജിതയ്ക്ക് ബുദ്ധി ഉദിച്ചത്! സൈൻ ലാങ്‌വേജ്‌ , ബോഡി ലാങ്‌വേജ്‌ എന്നൊക്കെ വിശേപ്പിക്കാവുന്ന ശ്രേണികൾ. ബുദ്ധി സഹായിച്ചു.

വില്ലൄം തന്നെ മുൻകൈ എടുത്തു സീറ്റ്ബെൽട് ഊരി തന്നു. നന്രനായി, പിന്നെ ണ്ടു ജാക്കറ്റുകൾ ഒരു തരത്തിൽ വലിച്ചൂരിയെന്നു തന്നെ പറയണം. മുൻപിലും പിൻപിലും ഇരുന്നവർ ഇരുട്ടത്തും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു; നിദ്രാഭംഗം ഉണ്ടായതു കൊണ്ടാകാം.

ഒന്ന് രണ്ടു മണിക്കൂറുകൾ കൂടി ഉന്തിയും തള്ളിയും വിട്ടപ്പോൾ ഇന്നു വരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കുറച്ചു പച്ചിലകളും മുതിര പോലെയെന്തോ ഒന്ന് പുഴുങ്ങിയതും പിന്നെ വേവിച്ചതാണോ അതോ വേകാത്തതാണോ എന്നറിയില്ലാത്ത തരം ഒരു കഷണം ചിക്കനും വളരെ മനോഹരമായ പായ്ക്കറ്റിൽ മുന്നിലേയ്ക്ക് എത്തി. എല്ലാം കണ്ടു തന്നെ വയറു നിറയ്ക്കണ്ടി വന്നു. ആപ്പിൾ ജൂസിനെ ഇത്രയധികം ആക്രാന്തത്തോടെ സേവിച്ച ദിനങ്ങൾ മുൻപ് ഉണ്ടായിട്ടില്ല.

————————————-

ആകാശചുഴിയിലെ മരണവെപ്രാളങ്ങളെല്ലാം അനുഭവിച്ചു ഒരു തരത്തിൽ ഇനിയും ജീവിക്കാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ജന്റിൽമാന്റെ പ്രഖ്യാപനം വരുന്നത്,” വീ ആർ വൺ ആൻഡ് ഹാഫ് അവേർസ് ബിഹൈൻഡ്”. ജിതയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി.

”രണ്ടു മണിക്കൂറിൽ കണക്ഷൻ ഫ്ലൈറ്റ് ആണ്; പെട്ടെന്ന് ട്രാൻസിറ്റ് ചെയ്യണം” എന്ന് ചെക്കിൻ ഡെസ്കിൽ വച്ച് സുന്ദരിയായ ഹിന്ദിക്കാരി പറഞ്ഞത് ഇടിമിന്നൽ പോലെ തലച്ചോറിൽ മിന്നി കൊണ്ടേയിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും എന്തൊക്കെയോ മനസ്സിലായത് പോലെ അദ്ദേഹം നിസ്സഹായനായി നോക്കി. കാരണം അയാൾ ക്ഷുദ്ര ജീവികൾ ഉള്ള മറ്റേതോ നാട്ടിലേയ്ക്കായിരുന്നു. ഇടിവെട്ടിയവനെ പാമ്പും കടിച്ചുവെന്നു പറയുന്നതു പോലെയായി മുന്നോട്ടുള്ള കാര്യങ്ങൾ!!

————‐—————————

ആകാശചുഴിയിലെ പടയോട്ടത്തിൽ മുന്നേറിയെങ്കിലും ആ സാഹസിക വിജയം ആസ്വദിക്കാനോ, ആശ്വസിക്കാനോ ഉള്ള സാവകാശമോ, സമയമോ ആർക്കുമുണ്ടായിരുന്നില്ല! വീണ്ടും കുറെ കുലുക്കത്തിന്റെയും ഉരയലിന്റെയും ഒച്ചപ്പാടുകൾക്കു ശേഷം ഒരു അന്നൗൺസ്‌മെന്റ് കേട്ടു; മനസിലാകാത്തൊരു ഭാഷയിൽ!

എന്താണ് പറഞ്ഞതെന്നു അറിയാൻ ആകുലതയോടെ ഇരുന്ന ജിതയുടെ ചെവികളിലേക്കു ആ അറിയിപ്പെത്തി. ” വീ ഹാവ് ലാൻഡഡ്‌ അറ്റ് ഫ്രാങ്ക്ഫർട്ട് എയർപോർട്ട് സെയ്‌ഫിലി ആൻഡ് യു മേ ടേക്ക് യുവർ സീറ്റ് ബെൽറ്റ് ഓഫ് നൗ. താങ്ക്യു ഫോർ ഫ്ലയിങ് വിത്ത് അസ് ആൻഡ് വീ വിഷ് യു എ ഹാപ്പി ഓൺവെർഡ് ജേർണീ”.

”ഷോർട് ആൻഡ് സ്വീറ്റ്, ബട്ട് സച്ച് എ റിലീഫ് ” പുറത്തേക്കു കുത്തിക്കാനുള്ള തയാറെടുപ്പിനിടയിൽ പുറകിലിരുന്ന മദാമ്മ ദീർഘനിശ്വാസത്തോടെ പറഞ്ഞു.

എന്തായാലും ക്യാപ്റ്റന്റെ ക്ഷീണിച്ചതെങ്കിലും വടിവൊത്ത, കൃത്യമായ ഉച്ചാരണം അവൾക്കു സന്തോഷമേകി. ഇത്രയും വ്യക്തമായ സംഭാഷണ ശകലങ്ങളായിരുന്നെങ്കിൽ IELTS എക്സമിന്റെ ലിസ്നിങ് പലർക്കുമൊരു കിട്ടാകനി ആയി അവശേഷിക്കില്ലായിരുന്നല്ലോ എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു.

” ജിതാ ഹിയർ ഈസ് യുവർ സ്റ്റഫ് ” പെട്ടെന്ന് വില്ലിയമിന്റെ ശബ്ദമവളെ ആലോചനയിൽ നിന്നും വർത്തമാന കാലത്തിലേക്ക് തിരികെ കൊണ്ട് വന്നു. ‘അല്ലെങ്കിലും താൻ എന്തൊരു പൊട്ടിയാണ്, ഇതൊക്കെ ആലോചിക്കാൻ ഉള്ള സമയമാണോ?” അവൾ ഒരു പുഞ്ചിരിയോടെ തല കുലുക്കി പറഞ്ഞു ‘താങ്ക്യൂ സർ’. വില്യം ഒന്ന് ചിരിച്ചെന്ക്കിലും അതിന്റെ പൂർണ്ണമായ അർത്ഥ തലങ്ങളൊന്നും അവൾക്കു മനസിലായില്ല!

തുടർന്നങ്ങോട്ടു കുറച്ചു നേരം ചോദ്യങ്ങളില്ലാത്ത ഒരു പിന്തുടരലായിരുന്നു. അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും സൂക്ഷ്മതയോടെ നിരീക്ഷിച്ചും ആവർത്തിച്ചും മുന്നേറി.

—————————————-

”വിഷ് യു ഗുഡ് ലക്ക് ഗേൾ” ഒന്ന് കെട്ടിപിടിക്കാൻ ആഞ്ഞെങ്കിലും പെട്ടെന്ന് അതൊരു ഒരു കൈകൂപ്പലിലേക്കു മാറ്റി വിലൄം പറഞ്ഞു. തങ്ങൾ ഇപ്പോൾ നിൽക്കുന്നത് ഒരു മോണിറ്ററിന്റെ മുന്പിലാണെന്നും അതിൽ കാണിക്കുന്നത് വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രാൻസിറ്റ് ഫ്ലൈറ്റുകളുടെ വിവരങ്ങളാണെന്നും അവൾ ഞെട്ടലോടെ മനസിലാക്കി. ‘ബൈ ബൈ സർ’ അവൾ കൈ പൊക്കി വീശി.

‘അതെ, വില്യം ശരിക്കുമൊരു ജന്റിൽമാൻ ആയിരുന്നു’ അവൾ ആത്മഗതപ്പെട്ടു. അപ്പോഴും തിരക്കിട്ടു കേയ്‌സ് വലിച്ചു കൊണ്ടോടുന്ന അയാളുടെ ഇടതു കൈത്തണ്ടയിൽ ‘ മരിയ ഐ ലവ് യു’എന്ന ടാറ്റൂ അവ്യകതമായി കാണാമായിരുന്നു.

ഞെട്ടലുകൾ മാലപ്പടക്കത്തിന് തീ കൊടുത്തതു പോലെ തുടർന്നുകൊണ്ടേയിരുന്നു! കണ്ണുകൾ പലവട്ടം അടച്ചും തുറന്നും നോക്കിയെങ്കിലും ‘ഗേറ്റ് ക്ലോസ്ഡ്’ എന്ന സ്റ്റാറ്റസ് ഡബ്ലിൻ എന്ന ടെസ്റ്റിനേഷനു നേരെ സ്ഥിരമായി കാണപ്പെട്ടു. മോണിറ്ററിലെ ടെസ്റ്റിനേഷനുകൾ അപ്രത്യക്ഷമാകുന്നതനുസരിച്ച് പ്രതീക്ഷകൾക്കും സ്ഥാനമാറ്റമുണ്ടാകുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലെ പരക്കംപാച്ചിലുകൾ. തത്കാലം പ്രതീക്ഷകളും പാച്ചിലും ഇല്ലാത്ത ഒരേയൊരാൾ താൻ മാത്രമാണെന്ന് അവൾക്കു തോന്നി.

പതിയെ, എയർപോർട്ടിലെ ജോലിക്കാരനെന്നു തോന്നിച്ച ഒരാളുടെ അരികിലേക്ക് ഇടറുന്ന കാലടികലുകളും പതറുന്ന മനസ്സുമായി അവൾ നീങ്ങി. ‘ഐ വാണ്ട് റ്റു ഗോ റ്റു ഡബ്ലിൻ’ ഒരു വിധത്തിൽ അയാളെ പറഞ്ഞു മനസിലാക്കി. കാര്യമാത്രമായ സംസാരമാണ് കൂട്ടികുഴച്ച നീണ്ട സംഭാഷണത്തേക്കാൾ ചില പ്രത്യേക അവസരങ്ങളിൽ നല്ലതെന്നു വീണ്ടും ഉറപ്പിച്ചു. വിശേഷിച്ച്, ഒരു തിരക്കേറിയ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച്, രണ്ടു പേരുടെയും സ്വന്തമല്ലാത്ത മറ്റൊരു ഭാഷ ഉപയോഗിക്കുമ്പോൾ, തലചുറ്റുമ്പോൾ..അങ്ങനെ അങ്ങനെയുള്ള അവസരങ്ങളിൽ.

”ദേ വിൽ ഹെല്പ് യു”; നീണ്ട ആ ഹാളിന്റെ ഒരു മൂലയിലുള്ള ഡെസ്കിനു നേരെ കൈ ചൂണ്ടി അയാൾ പറഞ്ഞു. ”താങ്ക്യൂ സർ ” വീണ്ടുമതാവർത്തിച്ചു.

പെട്ടൊന്നൊരാവേശത്തിൽ ഒറ്റയോട്ടത്തിന് ഡെസ്കിനു നേരെ കുതിച്ചെങ്കിലും അവിടെ കണ്ട മുഖഭാവം പുറകോട്ടൊന്നു വലിയാൻ കാരണമായി. തന്റെ രൂപഭാവമാണോ, വേഷവിധാനമാണോ, അവരുടെ ജന്മനായുള്ള മുഖഭാവമാണോ, ആ ജോലിയുടെ സ്വഭാവ വിശേഷതയാണോ എന്താണീ ആശങ്കയുടെ കാരണം? വീണ്ടും ആവശ്യമില്ലാത്ത ചിന്താ ശകലങ്ങൾ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു. ആവശ്യത്തിൽ കൂടുതൽ ചിന്തിക്കുവാൻ, പ്രശ്നങ്ങൾ വരിവരിയായി മുന്നിൽ നിൽക്കുമ്പോഴാണ് അപ്രസക്ത ശകലങ്ങളുടെ ഈ അനാവശ്യ കടന്നു കയറ്റം!!

”മിസ് ജിജിമോൻ, വി വിൽ ഫിക്സ് യുവർ ടിക്കറ്റ് ഫോർ ടുമോറോസ് മോർണിംഗ് ഫ്ലൈറ്റ് ”പെട്ടെന്ന്, ആ അഭിസംബോധന തന്റെ പിതാശ്രീയെ സ്മരിക്കുവാൻ ഒരവസരം ഉണ്ടാക്കിയെങ്കിലും, പിന്തുടർന്നു വന്ന വാക്കുകൾ ആശങ്കപെടണോ, ആശ്വസിക്കണമോയെന്നറിയില്ലാത്ത ഒരു അവസ്ഥാവിശേഷത്തിലേയ്ക്ക് അവളെ എത്തിച്ചേർത്തു.

”ജിതാ, എന്താണ് ഇനി കാര്യങ്ങൾ? മറ്റാരും ചോദിക്കാനില്ലാത്ത അവസ്ഥയിൽ അവളത് സ്വയമായി ചോദിച്ചു പോയി ! ചുറ്റുപാടുമുള്ളവർക്കെല്ലാം ആവശ്യത്തിൽ കൂടുതൽ തിരക്കുകൾ ഉണ്ടെന്നു പ്രകടം.

എയർലൈൻ ഡെസ്കിലെ ജർമ്മൻ മദാമ്മയുടെ ബാക്കി ഇൻസ്‌ട്രക്ഷൻസ് കൂടി കേട്ടപ്പോൾ അവൾക്ക് ആരോടെന്നില്ലാത്ത ദേഷ്യവും പിന്നെ സങ്കടവും തോന്നി. പറഞ്ഞതിൽ പകുതി കേട്ടീല്ലായെന്നും കേട്ടതിൽ പകുതി മനസിലായില്ലാന്നും ആണ് സത്യം! അപ്പോൾ ആ ഡെസ്കിൽ ഇരുന്ന ഡിജിറ്റൽ ക്ലോക്കിൽ 11 : 45 എന്ന് കാണിച്ചു.

‘സാരമില്ല, ഇനിയുള്ള സമയം ഇവിടെ തന്നെ കഴിച്ചു കൂട്ടാം’, അത്യാവശ്യ ഘട്ടങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ അവൾ മിക്കവാറും മിടുക്കിയായിരുന്നു. നാളെ എങ്ങനെ സ്ഥലത്തെത്തി പറ്റും, റിസീവ് ചെയ്യാൻ ആരെങ്കിലും കാണുമോ, ലഗേജ് നഷ്ടപ്പെടുമോ, മമ്മിയെ എങ്ങനെ അറിയിക്കും, കിരണിനെ കണ്ടു പിടിക്കാനാകുമോ അങ്ങനെ അങ്ങനെ അവൾക്ക് കൂട്ടിന്, സംശയങ്ങളുടെ ഒരു നിര തന്നെയുണ്ട്.

പെട്ടെന്ന് ഹാളിനു പുറത്തെ വെള്ളച്ചാട്ടത്തിന്റെ വോൾ പോസ്റ്റർ കണ്ടപ്പോൾ അവൾക്ക് ഡോപ്പാമിനെയും പോസിറ്റീവ് തിങ്കിങ്ങിനെയും ഓര്മ വന്നു. IELTS കാലഘട്ടത്തിലെ മറ്റൊരു പഠനം. ഒരു തിരക്കുമില്ലാതെ, ഫ്രീ ആയി, നാനാ ദേശത്തു നിന്നുള്ള, വിവിധ രൂപഭാവത്തിലും , വേഷത്തിലും, ചിന്താരീതിയിലും ഉള്ള വളരെ ഏറെ പേരെ കാണാൻ ഒരവസരം; സത്ഗുരു അവളെ ഓർമിപ്പിച്ചു.

തളർന്ന ചില വിശകലനങ്ങൾക്കു ശേഷം ആളൊഴിഞ്ഞ ഒരു മൂലയിൽ ഒരു ഇരുമ്പു കസേരയിൽ ജിത ഇരിപ്പുറപ്പിച്ചു.ആവശ്യത്തിൽ കൂടുതൽ തിക്കി കൊള്ളിച്ചതിനാൽ വികൃതമായിരിക്കുന്ന ആ ട്രോളി ബാഗിനെ മടിയിൽ വച്ച്, അതിലൂടെ ചുവന്നകവറുള്ള ഒരു ചെറിയ പ്രാർത്ഥനാപുസ്തകത്തിനായി തിരഞ്ഞു. ഒരു നീണ്ട പോരാട്ടത്തിനൊടുവിൽ അവൾക്കത് കിട്ടി. പ്രാർത്ഥനയും നീരീക്ഷണവുമായി അങ്ങനെയിരിക്കവേ രാത്രിയുടെ ഏതോ യാമത്തിൽ അങ്ങനെ ജിത ഒരു മയക്കത്തിലേക്ക് തെന്നി വീണു.

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വിങ്ലെസ്സ് ഏഞ്ചത്സ് – ഒരു അണുവിന്റെ മൂടുപടം – ഭാഗം 1

വിങ്ലെസ്സ് ഏഞ്ചത്സ് – കാക്ക തൊള്ളായിരം സ്വപ്‌നങ്ങൾ – ഭാഗം 2

Share this story