അറിയാതെ ഒന്നും പറയാതെ – PART 11

അറിയാതെ ഒന്നും പറയാതെ – PART 11

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

ജനാലയിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിലേക്കു തുറിച്ചുനോക്കി കിടക്കുമ്പോൾ ഇന്ദുവിന്റെ മനസിൽ നൂറു ചോദ്യങ്ങൾ ഉയർന്നു.

അരവിന്ദന് സിദ്ധുവിനെ അറിയാമോ..? എങ്കിൽ അതെങ്ങനെ..?

അരവിന്ദന് മുമ്പ് തന്നെ അറിയാമോ, എങ്കിൽ അതെങ്ങനെ… പിന്നെ എന്തുകൊണ്ട് തന്നെ അറിയാത്തതു പോലെ ഭാവിച്ചു..?

അതിലൊക്കെ ഉപരിയായി സിദ്ധു മരിക്കുന്നതിന് മുൻപ് അരവിന്ദനെ കണ്ടിരുന്നോ ഇല്ലയോ..?

അവളുടെ തലക്കുള്ളിൽ ചീവീടുകൾ മൂളിപറക്കുന്നുണ്ടായിരുന്നു.

കണ്ടുപിടിക്കണം , എല്ലാം കണ്ടുപിടിക്കണം. ഉണ്ണിലക്ഷ്മിക്കും ബ്രിഗേഡിയർ രാജശേഖര പൊതുവാളിനും സിദ്ധുവ്ന്റെ മരണത്തിൽ പങ്കുണ്ടെങ്കിൽ കണ്ടുപിടിക്കണം അതെന്നവൾ തീരുമാനിച്ചു.

അരവിന്ദനെ കാണണം. അതിനു മുൻപ് സിദ്ധുവിന്റെ സുഹൃത്തുക്കളിൽ നിന്നും ചില വിവരങ്ങൾ ശേഖരിക്കണം. അതിനു ശേഷമാകാം ബാക്കി.

ഉറക്കം വരാതെ ഉറങ്ങാൻ ആഗ്രഹിച്ചവൾ കണ്ണുകളടച്ചു തലയിണയിലേക്ക് മുഖമമർത്തി. വാതിൽക്കലോളം വന്നു അവളെ നോക്കി നിന്ന സുമിത്ര നിശ്ശബ്ദയായി തിരിച്ചു മുകുന്ദന്റെ അരികിലേക്ക് പോയി.
********* *********** ***********

ഗോമതിയിൽ നിന്നും അരവിന്ദനെ അടർത്തിമാറ്റി തലയിണയിലേക്ക് ചരിയിരുത്തി ഹരിശങ്കർ.

“മോൻ വന്നത് അമ്മ കണ്ടില്ല്യാ.” കണ്ണുതുടച്ചു അവനരുകിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവർ പറഞ്ഞു.

“മ്മ്..”

“മോനെ…” അവർ വിങ്ങിപ്പൊട്ടി. ഹരിയവരെ ചേർത്തുപിടിച്ചു .

“ഒന്നുല്ല്യാ അമ്മേ ..ഒന്നുല്ല്യാ… ഞാനില്ലേ ഇവിടെ. അമ്മയുടെ ഈ മോൻ ജീവനോട് ഉള്ളിടത്തോളം ഒരാൾക്കും ഒന്നും ചെയ്യാൻ സാധിക്കില്ല്യാ. ‘അമ്മ വിഷമിക്കാതെ…” അയാൾ മുഖം കുനിച്ചു അവരുടെ നെറ്റിയിൽ ചുണ്ടമർത്തി.

“‘അമ്മ ചെന്നു എനിക്കും ശ്രീക്കും ഓരോ ചായ കൊണ്ടുവാ…ചെല്ലു …” അയാൾ മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.

അപ്പോഴാണ് അവർ ശ്രീകാന്തിനെ കണ്ടത്. അവന്റെ കൈകളിൽ ഒന്നു പിടിച്ച് നേര്യതിന്റെ തുമ്പുയർത്തി മുഖം തുടച്ചു ഇടറിയിടറി അവർ വാതിൽ കടന്നു വരന്തയിലേക്കിറങ്ങി നടന്നു പോയി.

ഹരി തിരിഞ്ഞു അരവിന്ദന്റെ അടുത്തേക്കിരുന്നു. അരവിന്ദന്റെ നോട്ടം മുഴുവൻ ശ്രീകാന്തിന്റെ മുഖത്തായിരുന്നു.

ശ്രീകാന്തിന്റെ മുഖത്തു കണ്ട ആലോചനഭാവം അവനെ ആകുലപ്പെടുത്തി. അവന്റെ നോട്ടം കണ്ട ഹരി മുഖം ചരിച്ചു ശ്രീയെ നോക്കി. തറയിലേക്ക് കണ്ണുകളൂന്നി പുരികം ചുളിച്ചിരിക്കുന്ന അവനോട് ചിലതൊക്കെ പറയാം എന്നു ഹരി തീരുമാനിച്ചു.

“ശ്രീ…” ഹരിയവന്റെ അരികിലേക്ക് നീങ്ങിയിരുന്ന് ചുമലിൽ അമർത്തിപ്പിടിച്ചു.

“ശ്രീ എനിക്ക് നിന്നോട് ചിലതൊക്കെ പറയാനുണ്ട്..ഒന്നിനും ഒരു വ്യക്തത കൈവന്നിട്ടില്ല ഇതുവരെ…. പറയേണ്ടതൊക്കെ ഇവനാണ്..”അരവിന്ദന്റെ നേരെ മുഖം ചലിപ്പിച്ചു ഹരി.

ശ്രീകാന്തിന്റെ നോട്ടം അരവിന്ദന് നേരെയായി. അയാളുടെ നോട്ടത്തെ നേരിടനവാതെ അരവിന്ദൻ പതറി പതറി അങ്ങിങ് നോക്കി. കണ്ണുനിറഞ്ഞു അവന്റെ കാഴ്ച മങ്ങിതുടങ്ങിയിരുന്നു.

“അരവിന്ദാ….”ശ്രീയുടെ ശബ്ദത്തിനു വേണ്ടതിലധികം മുഴക്കമുണ്ടായിരുന്നു.
അരവിന്ദൻ നിസ്സഹായനായി ഹരിയെ നോക്കി. അയാൾ അവർ ഇരുവരെയും മാറിമാറി നോക്കി നിശ്ശബ്ദനായിരുന്നു.

“എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്…അമ്മയോട് നീ പറഞ്ഞതൊക്കെ ഞങ്ങൾ കേട്ടു…നിന്റെ ആഗ്രഹം സ്വപ്നം ഒക്കെ കേട്ടു. എനിക്കറിയേണ്ടത് അതൊന്നുമല്ല…” അയാൾ പകുതിക്ക് നിർത്തി അവന്റെ കണ്ണുകളിലേക്ക് നോട്ടമുറപ്പിച്ചു.

“എനിക്കറിയേണ്ടത്….ഉണ്ണിലക്ഷ്മി, സിദ്ധു,…പിന്നെ നീ പറഞ്ഞ നിയോഗം അത്രേയുമാണ്. ”

“ശ്രീ…ചിലതൊക്കെ ഞാൻപറയാം….”
ഇടയിൽ കടന്ന് ശ്രീകാന്തിന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഹരിശങ്കർ പറഞ്ഞു തുടങ്ങി.

അയാളറിയതെ അരവിന്ദൻ ബാംഗ്ലൂർ പോയത്. ഉണ്ണിലക്ഷ്മിയെ കണ്ടത്, അവൾക്ക് പ്രണയമുണ്ടായിരുന്ന പയ്യനോട് സംസാരിച്ചത്, അവനെ ബ്രിഗേഡിയർ രാജശേഖര പൊതുവാൾ ഭീഷണിപ്പെടുത്തിയത്, ചന്ദ്രോത്തു മൃദുലയും കൂട്ടാളികളും അവന്റെ വീട്ടിൽ ചെന്ന് ഭീഷണി മുഴക്കിയത്, രണ്ടാമതും അവന്റെ അഭ്യർത്ഥന കേട്ട് അരവിന്ദൻ ബാംഗ്ലൂർ പോയതും അവന്റെ മാതാപിതാക്കളെ കണ്ടതും അവർ അയാളുടെ വിവാഹം ഉറപ്പിച്ചതും വരെ പറഞ്ഞു നിർത്തി ഹരിശങ്കർ.

എല്ലാം നിശ്ശബ്ദനായിരുന്നു കേട്ടു ശ്രീകാന്ത്. ഹരിയുടെ മൗനം നീണ്ടുപോകുന്നത് കണ്ട ശ്രീ ഹരിയെ നോക്കി മൗനംഭഞ്ജിച്ചു.

“ഇതും അതും തമ്മിൽ എന്താണെഡാ ബന്ധം.”

“മ്മ്…അവിടെയാണ് ശ്രീ പ്രശ്നങ്ങൾ തുടങ്ങുന്നത്.” അയാളൊന്നു നിർത്തി പിന്നെ ബാക്കി പറഞ്ഞു.

“ഉണ്ണിലക്ഷ്മിക്ക് അടുപ്പമുണ്ടായിരുന്നു ആ പയ്യൻ സിദ്ധു ആയിരുന്നു…”

ശ്രീകാന്തിന് തലക്ക് പിന്നിൽ ആരോ ശക്തിയായി അടിച്ചതുപോലെ തോന്നി. കണ്ണുകൾ വികസിപ്പിച്ച് കേട്ടതിലെന്തോ പിശക് പറ്റിയതുപോലെ അയാൾ ഹരിയുടെ കയ്യിൽ അമർത്തിപ്പിടിച്ചു.

“മ്മ്…അതേ ശ്രീ..ഉണ്ണിലക്ഷ്മി സിദ്ധുവുമായിട്ട് അടുപ്പ്ത്തിലായിരുന്നു. സിദ്ധുവിന്റെ അപേക്ഷ പ്രകാരം അരവിന്ദൻ അവിടെ എത്തിയപ്പോഴാണ് ഇന്ദുവുമായിട്ടാണ് സിദ്ധുവിന്റെ കല്യാണം ഉറപ്പിച്ചിരിക്കുന്നത് എന്നറിയുന്നത്..” ഹരിശങ്കർ പറഞ്ഞു നിർത്തി.

ശ്രീകാന്ത് അടക്കാനാവാത്ത നൊമ്പരത്തോടെ അരവിന്ദന്റെ നേരെ മുഖം തിരിച്ചു. അയാളുടെ കണ്ണുകളിൽ വിവേചിച്ചറിയനാവാത്തൊരു ഭാവം നിറഞ്ഞു.

“പക്ഷെ…ഇവനത് നമ്മളെ അറിയിച്ചില്ല…ഇങ്ങനെയൊരു കുരുക്ക് അതിലുണ്ടെന്ന അറിഞ്ഞിരുന്നെങ്കിൽ ഇന്ദുവിന്റെ ജീവിതമെങ്കിലും…. നമുക്ക്…”

അവർ രണ്ടുപേരും അരവിന്ദന് നേരെ തിരിഞ്ഞു.

“അരവിന്ദാ….ന്തിനാഡാ… നീ…” അയാളവന്റെ ചുമലിൽ ഇറുക്കി പിടിച്ചു.

“തകർത്തു കളഞ്ഞില്ലെടാ നീ…എല്ലാം അറിഞ്ഞിട്ട് …ജീവനുതുല്യം സ്നേഹിച്ചെന്നു പറഞ്ഞ അവളെ എങ്ങനെയാടാ നിനക്ക് ഇങ്ങനൊരു ദുരന്തത്തിലേക്ക് തള്ളിവിടാനായത്…പറയെടാ…. ങ്ങനെ തോന്നി നിനക്കിത്…” അയാളവനെ പിടിച്ചു ഉലച്ചുകൊണ്ടിരുന്നു. അരവിന്ദൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ തൊക്കെ ഏറ്റുവാങ്ങി. ഹരിശങ്കർ അതു കാണാൻ വയ്യാതെ കണ്ണുകൾ ഇറുക്കിയടച്ചു.

അവർ മൂവരും ആ സമയം തുല്യ ദുഃഖിതർ ആയപ്പോലെ തോന്നി. അടുത്ത നിമിഷം അരവിന്ദനെ കെട്ടിപ്പിടിച്ചു ശ്രീകാന്ത് വിങ്ങിവിങ്ങി കരഞ്ഞു.

ചായയുമായി കയറിവന്നപ്പോൾ അരവിന്ദനെ കെട്ടിപ്പിടിച്ചു കരയുന്ന ശ്രീകാന്തിനെയാണ് ഗോമതി കാണുന്നത് . അവർ അന്ധാളിച്ചു പോയി.

“ശ്രീ , മോനെ ന്താടാ..ന്തായിതു.. നോക്കിയേ ചോര വരുന്നു..” അവർ ശ്രീകാന്തിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ബോധം വന്നതുപോലെ ശ്രീ പെട്ടന്ന് അവന്റെ ചുമലിൽ നിന്നും പിടഞ്ഞുമാറി.

ഗോമതി ചായ മേശമേൽ വച്ചിട്ട് ഓടിവന്നു നേര്യതിന്റെ തുമ്പുയർത്തി അരവിന്ദന്റെ നെറ്റിയും കൈകളും തുടച്ചു.

നിശബ്ദമായ നിമിഷങ്ങൾ കടന്നു പൊക്കൊണ്ടേയിരുന്നു.

“‘അമ്മ താഴേക്ക് പൊക്കോളൂ, ഉണ്ണികുട്ടൻ തനിച്ചല്ലേ…ഞങ്ങൾ കുറച്ചൊന്നു സംസാരിക്കട്ടെ..”ശ്രീ ഗൗരവത്തിൽ പറഞ്ഞു. അവന്റെ ശബ്ദത്തിലെ ഗൗരവം കണ്ട് എന്തോ പറയാനാഞ്ഞ അവരെ ഹരിശങ്കർ ഒരു താക്കിതു പോലെ നോക്കി. അവർ പിന്നോരക്ഷരം മിണ്ടാതെ മുറിക്കുള്ളിൽ നിന്നും ഇറങ്ങിപ്പോയി.

നിശബ്ദമായി കടന്നുപോയ നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈര്ഘ്യം ഉണ്ടെന്നു തോന്നി അരവിന്ദന്. ചുറ്റിലും വല്ലാത്തൊരു ശക്തി നിന്നു പ്രഹരിക്കുന്നതുപോലെ അവനാകെ വേദനിച്ചു നീറി പിടഞ്ഞു.

“ഏട്ടാ… അവൻ മെല്ലെ കൈകൾ നീട്ടി ശ്രീകാന്തിനെ തൊട്ടുവിളിച്ചു.

നിരാശയോടെ ശ്രീകാന്ത് ഇരുവശവും തല ചലിപ്പിച്ചുകൊണ്ടിരുന്നു.

“ഏട്ടാ…ഞാൻ…ഞാൻ….” അവൻ വിങ്ങിപ്പൊട്ടി. അവന്റെ മുഖത്തേക്ക് നോക്കിയ ശ്രീകാന്തിന് വലിയ ദുഃഖം തോന്നി. ഒരാഴ്ചക്ക് മുൻപ് വരെ ഒരു ചുണക്കുട്ടിയെ പോലെ ഓടിനടന്നിരുന്ന അവനു നാലഞ്ചു ദിവസങ്ങൾ കൊണ്ട് വന്ന മാറ്റം , അവനൊരു ഭ്രാന്തനെ പോലെ ആയിരിക്കുന്നു… നിസ്സഹായതയും, വേദനയും, കുറ്റബോധവും അവനെ ഇഞ്ചിച്ചായി നീറ്റുന്നുണ്ടെന്നു അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

ശ്രീകാന്ത് അവനെ ചേർത്തു പിടിച്ചു കണ്ണുകൾ തുടച്ചു ചുമലിൽ തട്ടി അശ്വസിപിടിച്ചു.

“പോട്ടെ…സാരമില്ല …ന്താ സംഭവിച്ചത്… ഏട്ടന്മാരോട് ഇനിയെങ്കിലും പറ… അറിയട്ടെ ഞങ്ങൾ…അവരുടെ അടുത്ത ഊഴം നിന്റെ നേരെ ആണെങ്കിൽ സമ്മതിക്കില്ല നിന്റെയീ ഏട്ടന്മാര്ത്. ”

സമനില വീണ്ടെടുത്ത് അരവിന്ദന് പറഞ്ഞു തുടങ്ങി.

” സിദ്ധുവിന്റെ വീട്ടിൽ ചെന്നിട്ട് തിരിച്ചു വരുമ്പോഴേക്ക് ഞാനാകെ തകർന്നുപോയിരുന്നു…പ്രണനായി സ്നേഹിച്ച പെണ്ണാണ് മറ്റൊരുതന്റെ കൂടെ പോകാൻ തയാറായി നിൽക്കുന്നത്… ജീവിതത്തിൽ അത്ര വലിയൊരു വേദന അതിനു മുൻപ് ഞാനനുഭവിച്ചിട്ടില്ല…

…ആദ്യം തോന്നി അപ്പോതന്നെ അവളോട് ഓടിച്ചെന്ന് എല്ലാമങ്ങു പറഞ്ഞാലൊന്നു… ഹരിയേട്ടന്റെ അനുജനാണ് ഞാനൊന്നു അറിയുകപോലും ചെയ്യാത്ത അവൾക്ക് എങ്ങനെ എന്നെ മനസിലാകും…എന്റെ സ്നേഹം മനസിലാകും…

…..ഹരിയേട്ടനോടോ ശ്രീയേട്ടനോടൊ പറഞ്ഞാലൊന്നു ആലോചിച്ചു..പക്ഷെ, സ്വപ്നേടത്തി പറഞ്ഞപോലെ പട്ടാളക്കാരനെ സ്വപ്നം കണ്ടു നടക്കുന്ന അവളോട് ഒരു കോണ്സ്റ്റബിൾ പോലും ആവാൻ കഴിയാത്ത ഞാൻ…ഞാനെന്തു പറയാനാണ്….

…ജീവിതത്തിനോട് വെറുപ്പും ദേഷ്യവും തോന്നി….പിന്നെ ജീവിതം അങ്ങു അവസാനിപ്പിക്കാൻ വരെതോന്നി….” ഹരി ഞെട്ടിപ്പോയി. മുഖമുയർത്തി അയാൾ അവനെ തുറിച്ചു നോക്കി.

“….മുറിക്കുള്ളിൽ നിന്നു പുറത്തിറങ്ങാതെ ഞാനെന്റെ ജീവിതത്തെ കുറിച്ചു ആലോചിച്ചു…ഹരിയേട്ടന്റെ മുഖം ഓർമയിലെത്തിയപ്പോ ഒന്നിനും തോന്നിയില്ല. ഇന്ദുവിനും…ഈ ലോകത്തിലെ മറ്റെന്തിനും മുകളിൽ ആണ് ഏട്ടൻ ന്നു അപ്പോഴാണ് നിക്ക് മനസിലായത്…

ഹരിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവന്റെ ഇഷ്ടങ്ങളൊന്നും അറിയാതെ പോയതിൽ അയാൾക്ക് ആദ്യമായിട്ട് വേദന തോന്നി.

“…..ഇന്ദുവിനെ അവളുടെ സന്തോഷത്തിൽ നിന്നും പിന്തിരിപ്പിക്കാൻ എനിക്കെന്താണ് അവകാശം ഏട്ടാ…. ഒരിക്കൽ പോലും അവളുടെ മുന്നിൽ ഞാൻ ചെന്നിട്ടില്ല… കേട്ടിട്ട് ഉണ്ടാവുള്ളു അവൾ എന്നെക്കുറിച്ചു… അവളെ നേരിൽ കാണാനുള്ള എല്ലാ അവസരങ്ങളും മാറ്റിവെച്ചവനാണ് ഞാൻ… എന്നെക്കുറിച്ചു കേട്ടുകേട്ടു ആദ്യം നേരിൽ കാണുമ്പോ തന്നെ അവളെന്നെ ഇഷ്ടപ്പെടണം ന്നൊരു മോഹം തോന്നിപ്പോയി….ഓരോ തവണയും പരസ്പരം കാണാനുള്ള സാഹചര്യങ്ങളിൽ നിന്നും ഞാനൊഴിഞ്ഞുനിന്നു…പക്ഷെ…

…അവസാനം…അവളുടെ കല്യാണം വരെ എനിക്ക് ഒഴിഞ്ഞു നിന്നു കാണേണ്ടി വന്നു…

വർധിച്ച ദുഃഖത്തോടെ അരവിന്ദൻ തലകുടഞ്ഞു.

…..കല്യാണത്തിന് എത്തുന്നതിനു മുൻപ് സിദ്ധു എന്നെ വിളിച്ചിരുന്നു. നാട്ടിൽ എത്തുമ്പോൾ കാണണം എന്ന് പറഞ്ഞു. സിദ്ധു വന്നതിന്റെ പിറ്റേന്ന് ഞങ്ങൾ കണ്ടു. എന്നൊടുള്ള സിദ്ധുവിന്റെ രൂപസാദൃശ്യം എന്നെ അത്ഭുതപ്പെടുത്തി…

…ഉണ്ണിലക്ഷ്മിയോടുള്ള ഇഷ്ടത്തിൽ നിന്നും പിന്മാറാൻ ബ്രിഗേഡിയർ സിദ്ധുവിനെ ക്യാമ്പിൽ വച്ചു ഭീഷണിപ്പെടുത്തിയതിനെ കുറിച്ചു പറഞ്ഞു സിദ്ധു. ഉണ്ണിലക്ഷ്മിയുടെ വിചാരം സിദ്ധു ചതിച്ചാണ് എന്നായിരുന്നു…പക്ഷെ സിദ്ധുവിനു അവളോട് ഇഷ്ട്ടം തന്നെ ആയിരുന്നു… ഇന്ദുവിനെ വിവാഹം ചെയ്യാൻ അയാൾ മാനസികമായി തയാറായിട്ടില്ലായിരുന്നു. ഇന്ദുവിനെ കുറിച്ചു ഞാൻ സിദ്ധുവിനോദ് സംസാരിച്ചു…അവളെ വേദനിപ്പിക്കരുതെന്നു പറഞ്ഞു. എനിക്ക് അവളോടുള്ള സ്നേഹം സിദ്ധു അറിഞ്ഞു….

ശ്രീകാന്തും ഹരിയും അമ്പരന്നു അവനെ നോക്കി.

“ന്നിട്ട്…ന്നിട്ടെന്തുണ്ടായി…അരവിന്ദാ..”ശ്രീകാന്ത് അവന്റെ കൈകളിൽ മുറുക്കി പിടിച്ചു.

“….കല്യാണത്തിന് ചെല്ലണമെന്നു പറഞ്ഞു സിദ്ധു. ഉള്ളിലുള്ള വേദന അടക്കിപ്പിടിച്ചു ഞാൻ വന്നിരുന്നു അവരുടെകല്യാണത്തിന്… ഏട്ടന്മാരെ പോലും അറിയിക്കാതെ..ന്റെ നിയോഗം അതായിരുന്നു….അവളെ മറ്റൊരാൾ താലി ചാർത്തി സ്വന്തമാക്കുന്നത് കണ്ടു നിൽക്കുക…..” അരവിന്ദൻ കണ്ണുകളടച്ചു തലയിണയിലേക്ക് ചാഞ്ഞു . അവന്റെ ചുണ്ടുകൾ വിറച്ചു കൊണ്ടേയിരുന്നു, അസഹ്യമായ വേദനയിലവൻ പിടഞ്ഞു.

ശ്രീകാന്തിനും ഹരിശങ്കറിനും വാക്കുകൾ നഷ്ടമായി..എന്തു പറഞ്ഞു അവനെ അശ്വസിപ്പിക്കണമെന്ന അറിയാതെ ഹരിശങ്കറും എങ്ങനെയാണ് ഇതിനു പരിഹാരം കാണാനാവുക എന്ന വേവലത്തിയിൽ ശ്രീകാന്തും അവനരുകിൽ അസ്വസ്ഥയിരുന്നു. ഇരുൾ അവർക്ക് മുന്നിൽ വാ തുറന്ന് ഒരുവ്യാളിയെപ്പോലെ നിലകൊണ്ടു.

******** *********** *********

ശ്രീകാന്ത് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ നന്നേ ഇരുട്ടിയിരുന്നു. അമ്മുക്കുട്ടയെ മടിയിൽ വെച്ചു അമൃത സോഫയിൽ ചാരിയിരുന്നു. അവളുടെ കണ്ണുകൾ തോർന്നിരുന്നില്ല. അവൾ പറഞ്ഞു കേട്ടത്തിന്റെ ആഘാതത്തിൽ നിന്നും ചാരു മെല്ലെ ഉണർന്നുവന്നു.

അയാൾ വന്നുകേറിയപ്പോൾ അവളോടിച്ചെന്നു.

“ശ്രീയേട്ടാ…”

“മ്മ്…ഞാനൊന്നു കിടക്കട്ടെ ചാരു..” അയാൾ അവൾക്ക് മുഖം കൊടുക്കാതെ മുറിയിലേക്ക് നടന്നു.

കട്ടിലിലേക്ക് മറിയുമ്പോൾ ചാരുവന്നു അരികിലിരുന്ന. അവളുടെ മുഖഭാവത്തിൽ നിന്നു അവൾക്കെന്തോ പറയാനുണ്ടെന്ന് അയാൾക്ക് മനസിലായി. പക്ഷെ ഒന്നും കേൾക്കാനുള്ള മാനസികാലാവസ്ഥയിൽ ആയിരുന്നില്ല അയാൾ.

“ശ്രീയേട്ടാ..അവൾ പിന്നെയും വിളിച്ചു.

“ചാരു ,നതയാലും നീ നാളെ പറഞ്ഞാൽ മതി. ഞാനൊന്നു കിടക്കട്ടെ ശല്യം ചെയ്യാതെ നീയൊന്നു പോയ്‌തരമോ…” അയാളുടെ ശബ്ദത്തിൽ ഈർഷ്യ കലർന്നിരുന്നു.

ചാരു ഒന്നും മിണ്ടാതെ എഴുന്നേറ്റുപോയി.
******* ******** *******

നാലഞ്ചു ദിവസങ്ങൾ അസ്വസ്ഥമായി കടന്നു പോയി. എല്ലാവരും അവരവരുടേതായ വേദന നിറഞ്ഞ ലോകത്തിലെ ഒറ്റപ്പെട്ട തുരുത്തുകളിലൂടെ അലഞ്ഞു നടന്നു.

ദിനചര്യകൾ യന്ത്രീകമായി കടന്നു പോയി.

ഇതിനിടയിൽ ഒരിക്കൽ പോലും ഇന്ദു ശ്രീകാന്തിനെയോ ചാരുവിനെയോ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.

ഓരോ ദിവസവും ഇന്ദു അഖിലിനെയും ചേതനെയും വിളിച്ചുക്കൊണ്ടിരുന്നു. പക്ഷെ അവർ എവിടെയാണെന്നോ എപ്പോ വിളിക്കുമെന്നോ അവൾക്ക് ഒരറിവും കിട്ടിയില്ല.

മുകുന്ദന്റെയും സുമിത്രയുടെയും കൂടെ വിരസമായ പകലുകൾ തള്ളിനീക്കി അവർ വിളിക്കുന്നതും കാത്തിരുന്നു അവൾ.

ഒരാഴ്ചക്ക് ശേഷമുള്ള ഒരു പകൽ വിവാഹ ഫോട്ടോയിൽ കണ്ണുംനട്ടിരിക്കുമ്പോഴാണ് അഖിൽ വിളിക്കുന്നത്.

“മിത്ര…ചേതൻ ഒരു പത്തുമിനിറ്റിനകം അവിടെ എത്തും. റെഡി ആയിരിക്കു.. ഒന്നു കാണണം.”

മിത്ര പിടഞ്ഞെണീറ്റു വേഗം റെഡി ആയി.

ചേതൻ എത്തി.

സുമിത്രയോടും മുകുന്ദനോടും പറഞ്ഞിട്ട് അവൾ ചേതന്റെ കൂടെ യാത്ര തിരിച്ചു.

കഫറ്റീരിയക്ക് മുന്നിൽ വണ്ടി പാർക്ക് ചെയ്ത അവളെയും കൂട്ടി ചേതൻ അകത്തേക്ക് പോയി. ശീതീകരിച്ച മുറിയുടെ മുക്കിലും മൂലയിലും അവളുടെ കണ്ണുകൾ അഖിലിനെ തിരഞ്ഞു.

കഫറ്റീരിയക്കുള്ളിൽ അകത്തളം പോലെ തോന്നിച്ച ഓപ്പൺ സ്പേസിലേക്ക് അയാൾ അവളെ ആനയിച്ചു. വൃത്തിയായി ക്രമീകരിച്ചിരിക്കുന്നു ടേബിളുകളിൽ ഒന്നിൽ തങ്ങളെയും പ്രതീക്ഷിച്ചിരുന്ന അഖിലിനെ അവൾ കണ്ടെത്തി.

“ഹായ്..മിത്ര..”

“ഹാ… ക്യാപ്റ്റൻ…”

“എങ്ങനെയുണ്ട്…കുറച്ചു ദിവസം തിരക്കുകളിൽ പെട്ടു…”

“മ്മ്…സരല്ല്യ…”മിത്ര പുഞ്ചിരിച്ചു. അഖിൽ തിരിച്ചും. മൂന്നുപേരും മേശക്ക് ചുറ്റും വട്ടം കൂടിയിരുന്നു.

അഖിൽ മുന്പിലിരുന്ന ലാപ്ടോപ്പ് തുറന്നുവച്ചു.

“മിത്ര….പറയാൻ പോകുന്നത് അത്ര സുഖകരമായ കാര്യങ്ങൾ ഒന്നുമല്ല.” അയാളൊന്നു നിർത്തി പിന്നെ തുടർന്ന്.
ഇന്ദു അയാളുടെ മുഖത്തേക്ക് നോക്കി മേശയിലേക്ക് ചാഞ്ഞിരുന്നു.

” മൂന്നു വർഷങ്ങൾക്ക് മുൻപ്, ഇൻഡ്യൻ ആർമിയിൽ ചേർന്നിട്ട് ആദ്യമായിട്ടായിരുന്നു ഡൽഹി റെജിമെന്റിൽ ഞാനും സിദ്ധുവും ചേതനും ഒന്നിച്ചു വരുന്നത്. മേജർ സഹ്യാദ്രി ശിവ്റാം സാറിന്റെ കീഴിൽ. അദ്ദേഹം ആർമിയിലെ ഏറ്റവും എഫിഷ്യൻറ് ആയിട്ടുള്ള ഓഫീസേഴ്‌സിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു കമാൻഡോയും ആർമിയിൽ ഉണ്ടാവില്ല….

….സഹ്യാദ്രി സാറിന്റെ ബീറ്റാലിയനിൽ എത്തിയതും ഞങ്ങൾ മൂവരും ഒന്നിച്ചായതും ഒരുപാട് സന്തോഷമായിരുന്നു ഞങ്ങൾക്ക്…

….ഒരു റിപ്പബ്ലിക്ക് ഡേ ഇവന്റിൽ വെച്ചാണ് ബ്രിഗേഡിയറിനൊപ്പം ഞങ്ങൾ ഉണ്ണിലക്ഷ്മിയെ കാണുന്നത്. സ്വഭാവികമായും പരിചയപ്പെടുത്തി, ഇവന്റ് കഴിഞ്ഞു….ഞങ്ങൾക്ക് ട്രെയിനിങ് തുടങ്ങി…പല ദിവസങ്ങളിലും പലയിടത്തുവച്ചും അവളെ കാണാൻ തുടങ്ങി. സംസാരം ഒന്നുമില്ലെങ്കിലും സിദ്ധുവിനും അവൾക്കും എന്തോ ഒരിഷ്ട്ടം ഉണ്ടെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു…

…..ഒരു മാസം കഴിഞ്ഞു അവൾ തിരിച്ചു പോയി. ഇടക്കെപ്പഴോ അവൾ സിദ്ധുവിന്റെ നമ്പർ കലക്ട് ചെയ്‌തു സിദ്ധുവിനെ വിളിച്ചു.
അവർ തമ്മിൽ സൗഹൃദത്തിലായി ക്രമേണ അതു പ്രണയത്തിലും ചെന്നെത്തി.

…ഞങ്ങൾക്ക് എല്ലാവർക്കും അതിഷ്ടമായിരുന്നു…സഹ്യാദ്രി സാർ ഒരിക്കലത് കണ്ടുപിടിച്ചു. സിദ്ധുവിനെ ഒരുപാടിഷ്ടമായിരുന്നു സാറിനു. ആ വർഷം ഞങ്ങൾ മൂന്നുപേരും ദിവസങ്ങളുടെ വ്യത്യാസത്തിൽ നാട്ടിൽ വന്നു…

…ഉണ്ണിലക്ഷ്മി ഞങ്ങളുടെ ഒപ്പം സിദ്ധുവിന്റെ പാപ്പായേം അമ്മയേം പതിവായി കാണാനെത്തി. അവർക്കും അവളെ ഇഷ്ട്ടമായിരുന്നു…

….ഒരുവർഷം പ്രത്യേകിച്ചു പ്രശ്‌നങ്ങൾ ഒന്നുമില്ലാതെ പോയി. പിന്നത്തെ അവധിക്ക് വന്നപ്പോൾ അവളുടെ അമ്മ ഇതൊക്കെ അറിഞ്ഞു ഒരുപാട് പ്രശ്നങ്ങളായി…

….അവധികഴിഞ്ഞു തിരിച്ചെത്തിയപ്പോ ബ്രിഗേഡിയർ സാബ് സിദ്ധുവിനെ വിളിപ്പിച്ചു. ഈ ബന്ധത്തിൽ നിന്നും പിന്മാറണം എന്നു പറഞ്ഞു ഭീഷണിയായി. അവനു സമ്മതമല്ലായിരുന്നു. അതിന്റെ പ്രതികാരം ആയിരുന്നു സിയച്ചിനിലേക്കുള്ള ട്രാൻസ്ഫർ.

…..സിയാചിൻ ഗ്ലേസിയർ, ഏറ്റവും അധികം അപകടമുള്ള മേഖലകൾ…” അയാൾ പറഞ്ഞു നിർത്തി. ലാപ്ടോപ്പ് തിരിച്ചു ഇന്ദുവിന് നേരെ വച്ചു. അവൾ അതിലൂടെ കണ്ണോടിച്ചു.

“..ഇത്…ഇന്ത്യ പാകിസ്ഥാൻ സംഘർഷം നിലനിൽക്കുന്ന സിയാചിൻ ഗ്ലേസിയറിൽ എപ്പോഴും അപകടം പതിയിരിക്കുന്നു. ഏറ്റവും പ്രതീകൂല കാലവസ്ഥയാണവിടെ. എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്ന ഹിമപാതം… നിൽക്കുന്നിടത്തുണ്ടാകുന്ന വിള്ളലുകൾ….അതിനൊക്കെ ഇടയിൽ പാകിസ്ഥാൻ സൈനികരുടെ ആക്രമണം… ടെററിസ്റ്റുകളുടെ ഭീകരപ്രവർത്തനം…ഒരു വലിയ വെല്ലുവിളിയാണ് സിയച്ചിനിലേക്ക് പോകുക എന്നത്…

…(yr)ഇൽ ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ ലഡാക്കിൽ ബിലഫോണ്ട് ലയും സിയാ ലയും ഇന്ത്യൻ ആർമി പിടിച്ചടക്കി. പാകിസ്താന് അതവരുടെ വലിയ സൈനീക തോൽവി ആയിട്ടാണ് തോന്നിയത്.

…. ഇന്ത്യയുടെ അധീനതയിൽ ഇരിക്കുന്ന ഈ മേഖലയിൽ പാകിസ്ഥാൻ സൈനീകരോ റെററിസ്റ്റുകളോ ഉണ്ടെന്നു പരസ്യമായിട്ട് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. പക്ഷെ അവിടെ അവരുടെ സാന്നിധ്യം പലപ്പോഴും ഉണ്ടാകുന്നുണ്ടായിരുന്നു…

…എന്നാൽ കാലാവസ്ഥ പ്രതീകൂലമായിരുന്നതിനാൽ പലപ്പൊഴും സൈനീകരോ ടെററിസ്റ്റുകളോ മഞ്ഞുവീഴ്‌ചയിലോ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വിള്ളലുകളിലോ പെട്ടു മൃതിയടഞ്ഞിരുന്നു…

….ഞങ്ങൾക്ക് എത്രയും പെട്ടന്ന് തിരിച്ചു പോരാൻ ആയിരുന്നു ആഗ്രഹം. ഏതാണ്ട് നാലുമാസം കൂടി അവശേഷിച്ചിരിക്കുമ്പോഴാണ് സിദ്ധുവിനു ലീവു കിട്ടുന്നത്…നിങ്ങളുടെ മാര്യേജിന്… ഇരുപതു ദിവസം. ബ്രിഗേഡിയറിന്റെ കഷ്ടപ്പെടുത്തലുകൾക്ക് അവസാനം പാപ്പായുടെയും അമ്മയുടെയും ജീവൻ നിലനിർത്താൻ വേണ്ടി സിദ്ധു വഴങ്ങി.

നാട്ടിൽ വന്നു ..കല്യാണം കഴിഞ്ഞു…

പക്ഷെ…ഉണ്ണിലക്ഷ്മിയെ അവർ പറഞ്ഞു തെറ്റിച്ചു. അവൾക്ക് സിദ്ധുവിനോട് വിരോധമായി.

പെട്ടന്നൊരു ദിവസം സഹ്യാദ്രി സാറിനു പകരം ബ്രിഗേഡിയറിന്റെ വലം കയ്യായ മേജർ വിക്രം പ്രതാപ് സിങ് സർ വന്നു. സഹ്യാദ്രി സർ തിരിച്ചു പോയി.

അന്ന് നിങ്ങളുടെ വിവാഹം ആയിരുന്നു.

പെട്ടന്ന് കാലാവസ്ഥ മാറി…പാകിസ്ഥാൻ സൈനികർ വെടിവെയ്പ് ആരംഭിച്ചു.

നാട്ടിൽ പോയ സൈനീകരെയൊക്കെ തിരിച്ചു വിളിക്കാൻ തുടങ്ങി. അക്കൂടെ സിദ്ധുവും എത്തി. വന്നതിന്റെ ആറാം നാൾ രാത്രിയിൽ തുടങ്ങിയ വെടിവെപ്പ് മുപ്പത്തിയാര് മണിക്കൂർ നീണ്ടു നിന്നു. അവസാനം പാക് സൈനീകരെയെല്ലാം വകവരുത്തി ഇന്ത്യൻ ആർമി ആധിപത്യം ഉറപ്പിച്ചു. സുരക്ഷിതമായി മഞ്ഞു പാളികൾക്ക് പിന്നിൽ മറഞ്ഞിരുന്ന അവസാന സമയത്തായിരുന്നു അതു സംഭവിച്ചത്…”

അഖിൽ പറഞ്ഞു നിർത്തി.

ചേതൻ കണ്ണുകളടച്ചു വിരലുകൾ ചെന്നിയിലമർത്തി ആ ദിവസമോർത്തു അസ്വസ്ഥനായി.

ഇന്ദു രണ്ടുപേരെയും മാറമാറി നോക്കി. അവളുടെ ഹൃദയമിടിപ്പ് പെരുമ്പറമുഴക്കമായി അവളുടെ കാതുകളിൽ വന്നലച്ചു.

(തുടരും…)

Nb: 2003 ഇൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷം ഇൻഡോ- പാക് അതിർത്തിയിൽ, കഥയിൽ പരാമര്ശിച്ചിരിക്കുന്ന പോലെ സൈനിക ആക്രമണം നടന്നിട്ടില്ല. സിയാച്ചിൽ മേഖലയിൽ ഓരോ സൈനികനും കൊടുത്തിരിക്കുന്ന ഡ്യൂട്ടി പൂർത്തിയാക്കാതെ ഇടക്ക് ലീവു കിട്ടുകയില്ല,എന്നാണ് എന്റെ അറിവ്. പൂർണമായും കഥയുടെ പൂർത്തികരണത്തിനു വേണ്ടി സങ്കല്പികമായി പറഞ്ഞുവെച്ചിരിക്കുന്ന കഥയായി മാത്രം ഇതു കാണുക. സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ- ദീപ.

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

അറിയാതെ ഒന്നും പറയാതെ – PART 11

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

Share this story