അറിയാതെ ഒന്നും പറയാതെ – PART 10

അറിയാതെ ഒന്നും പറയാതെ – PART 10

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

മോനെ….വലിയമ്മ ഒരു കാര്യം ചോദിക്കട്ടെ..” അവന്റെ കയ്യെടുത്തു മടിയിൽ വച്ചു തലോടി അവർ.

“മ്മ്….”

“മോൻ…ന്താ വലിയമ്മയോട് പോലും മറച്ചു വെച്ചത്…ഇന്ദു മോളോട് ഉള്ള ഇഷ്ട്ടം…”

അവൻ ഒന്നും മിണ്ടാതെ മച്ചിലേക്ക് നോട്ടം മാറ്റി. കാണക്കാണേ അവന്റെ മിഴികൾ നിറഞ്ഞു നിറഞ്ഞു വന്നു.

ആ സമയമായിരുന്നു ഹരി കോണിപ്പടി കയറി മുകളിലേക്ക് വന്നത്. അകത്തേക്ക് കയറാതെ വരാന്തയിലെ തൂണിൽ ചാരി അവൻ പറയുന്നതെന്താണെന്നു ശ്രദ്ധിച്ചു അയാൾ നിന്നു. അതേസമയം മുറ്റം മുറിച്ചുകടന്ന് ശ്രീകാന്ത് പൂമുഖത്തേക്കു നടന്നു വരുന്നുണ്ടായിരുന്നു.

“മോന്…വിഷമാണച്ചാൽ പറയണ്ടട്ടോ…. വലിയമ്മ ചോദിച്ചില്ലെന്നു കരുതിക്കോളൂ….പോട്ടെ സരല്ല്യാ…മോനീ ചായ കുടിക്കൂ…” അവർ ചായ എടുത്തു അവന്റെ നേരെ നീട്ടി.

“അതവിടെ വക്കൂ വലിയമ്മേ…” അവന്റെ മുഖത്തെ വിഷാദം കണ്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്നവർക്ക് തോന്നി.

“പോട്ടെടാ…സരല്ല്യാ…”

ആ സമയം ശ്രീകാന്ത് കോണികയറി മുകളിലെ വരാന്തയിലേക്ക് എത്തി. ഹരി നിൽക്കുന്ന കണ്ട് വിളിക്കാനാഞ്ഞ അവനോട് ചുണ്ടിൽ വിരൽ ചേർത്ത നിശ്ശബ്ദനാകാൻ ഹരി ആംഗ്യം കാട്ടി.

കൈമലർത്തി ‘എന്താ’ എന്നു ചോദിച്ച ശ്രീയോട് അകത്തേക്ക് മുഖം തിരിച്ചു അർത്ഥഗര്ഭമായി ഹരി തലയിളക്കി കാട്ടി.

ശ്രീ ഭിത്തിയിൽ ചാരി മിണ്ടാതെ നിന്നു.

“വലിയമ്മേ…ഇന്ദുനേ ..നിക്ക് ഇഷ്ട്ടായിരുന്നു.. ഇപ്പോഴും ഇഷ്ട്ടാണ്…പക്ഷെ…”അവനൊന്നു നിർത്തി.

“ന്താ..മോനേ… പറയാൻ പറ്റണതാണെങ്കിൽ പറഞ്ഞാൽ മതിട്ടോ…വലിയമ്മ നിര്ബന്ധിക്കണില്ല്യാ….ന്റെ കുട്ടീടെ ഈ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല്യ അതാ വലിയമ്മ ചോയ്ച്ചെ….”അവരുടെ ശബ്ദത്തിൽ നേർത്തൊരു തേങ്ങൽ കടന്നിരുന്നു.

“ങ്ങനെയല്ല്യാ…വലിയമ്മേ….ഹരിയേട്ട്ന്റേം ശ്രീയേട്ടന്റേം കല്യാണത്തിന് മുന്നേ എനിക്ക് അവളെ അറിയാരുന്നു…ഏതാണ്ട് എല്ലാ ദിവസവും അവളെ കാണാൻ വേണ്ടി ഞാൻ പോയിരുന്നു…ബസ് സ്റ്റോപ്പിൽ, സ്കൂൾ പരിസരത്തു, അമ്പലത്തിൽ….. എവിടെയൊക്കെ അവളെ കാണാൻ കിട്ടുവോ അവിടെയൊക്കെ..

….അവൾ സ്കൂൾ ഫസ്റ്റ് ആയത്… കോളേജിൽ ചേർന്നത്..ഒക്കെ ഞാനറിയുന്നുണ്ടായിരുന്നു..ആരുമറിയാതെ ദിവസവും അവളെ കണ്ടിട്ടായിരുന്നു ഞാൻ കോളേജിൽ പോയിരുന്നത്.

…ഒരേ പന്തലിൽ ഹരിയേട്ടന്റേം ശ്രീയേട്ടന്റേം കല്യാണം നടക്കുമ്പോഴും ഞാനവളെ കാണുന്നുണ്ടായിരുന്നു…എല്ലാവരുടെയും വത്സല്യനിധിയായി ഒരു ശലഭത്തെ പോലെ പാറിനടക്കുന്ന അവൾ…ഇഷ്ട്ടം കൂടിട്ടേ ഉള്ളു എനിക്ക്…

….പിന്നെ സ്വപ്നേടത്തി വന്നു കഴിഞ്ഞു എപ്പോഴും എന്തു പറഞ്ഞാലും അതു ഇന്ദുവിൽ ചെന്നെത്തും. ഇന്ദുവിന്റെ വ്യത്യസ്തമായ ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ, …ഏടത്തിയോട് എന്റെ ഇഷ്ടത്തെ കുറിച്ചു സൂചിപ്പിക്കാം എന്നു കരുതി ഒരിക്കൽ ഞാൻ പറഞ്ഞു ‘ഇവൾ കൊള്ളാമല്ലോ ഏടത്തി ഇവളെയങ്ങു കെട്ടിയാലോ ന്ന് ‘..ചിരിച്ചുകൊണ്ട് ഏടത്തി .’..മ്മ്..നീയങ്ങു ചെല്ലുട്ടോ…ഒരു പട്ടാളക്കാരനെ മാത്രേ കെട്ടുന്നു പറഞ്ഞു വ്രതമെടുത്തിരിക്കുന്ന കുട്ട്യാ… ഒത്താ നീപറയുമ്പോ തന്നെ അവളിങ് കൂടെ പോരും’ ന്നു പറഞ്ഞു ന്നെ കളിയാക്കി…

…പിന്നെ ഒരു താക്കീതോടെ പറഞ്ഞു, ആദ്യം ഹരിയേട്ടന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കി നല്ലൊരു ജോലി വാങ്ങു, ന്നിട്ട് നമുക്ക് ബാക്കി നോക്കാമെന്ന്..

…നിക്കതൊരു വാശിയായി….അവള് പടിക്കുന്നതല്ലേ ഉള്ളുന്നൊരു സമാധാനം.
അവൾ കോളേജിൽ അവസാന വർഷം ആയപ്പോഴേക്ക്…സ്വപ്നേടത്തി…..പോയില്ലേ വലിയമ്മേ ….”

അരവിന്ദൻ ശ്വാസം മുട്ടുന്നതുപോലെ പറഞ്ഞു നിർത്തി. ഗോമതി ആ ഓർമയിൽ കരയുകയും മൂക്ക് പിഴിയുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.

പുറത്തു നിന്നിരുന്ന ഹരിയുടെ മിഴികൾ സ്വപ്നയുടെ ഓർമയിൽ പിടഞ്ഞു. ഏന്തൊക്കെയോ തിരയുന്നതുപോലെ അയാളുടെ മിഴികൾ ഇരുളിലൂടെ ഉഴറിനടന്നു.

“…..ഞാൻ എം എ കഴിഞ്ഞപ്പോഴേക്ക് ഇവിടെ പ്രശ്നങ്ങൾ നൂറുകൂട്ടം ആയില്ലേ…ഇളയമ്മ വന്നു…പിന്നെ നടന്നതൊക്കെ ന്താണെന്നു അറിയില്ല്യേ വലിയമ്മേ…..ഇതിനിടയിൽ ഞാനെങ്ങന്യാ പറയുന്നേ നിക്ക് ഇന്ദുനേ ഇഷ്ട്ടാന്ന്…കല്യാണം കഴിക്കണന്ന്…ഒക്കെ മാറ്റി വച്ചു ഞാൻ…തറവാട്ടിലും ഇവിടെയുമായി ഏട്ടൻ എന്നെ ഒളിച്ചു വെക്കുവാണെന്നു തോന്നിട്ടുണ്ട് പലപ്പോഴും…ഒന്നും ഞാൻ ചോയ്ച്ചില്ല്യാ ഏട്ടനോട്…”അവർ നിശബ്ദമായി അവൻ പറയുന്നതൊക്കെ കേട്ടിരുന്നു.

.”…ഇടക്കെപോഴോ ചരുവേടത്തി പറഞ്ഞു കേട്ടു ഇന്ദു ഹയർ സ്റ്റഡീസിനു പുറത്തെവിടയോ പോയെന്ന്…പിന്നെ വല്ലപ്പോഴും മാത്രം എല്ലാരും കൂടിയിരിക്കുമ്പോ പറഞ്ഞുകേൾക്കുന്നൊരു വിശേഷം ആയി മാറി അവൾ…പക്ഷെ അപ്പോഴൊന്നും എനിക്കവളോടുള്ള ഇഷ്ട്ടം മാറിയില്ല…ഓരോ ദിവസം കഴിയുമ്പോഴും അതു കൂടി കൂടി വന്നു…അവളില്ല്യാതെ ഒരു ജീവിതം എനിക് ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല്യാ…

….ഇടക്കെപ്പോഴോ, അവളുടെ കല്യാണ ചർച്ചകൾ കേട്ടുതുടങ്ങി… സ്വപ്നേടത്തി പറഞ്ഞപോലെ പട്ടാളക്കാരെ കുറിച്ചു മാത്രമുള്ള ചർച്ചകൾ…ഒന്നുമാകാൻ കഴിയാതെ പോയ ഞാൻ …എനിക്ക് ന്റെ ഇഷ്ടങ്ങളൊക്കെ പറയാൻ പോലും അർഹതയില്ല്യാന്നു തോന്നി….

….ഈ വീടും എനിക്ക് ചുറ്റുമുള്ള പ്രശ്നങ്ങളും…ഇളയമ്മ, ഏട്ടൻ, അവർ തമ്മിലുള്ള വെല്ലുവിളികൾ വഴക്കുകൾ, അതിനിടയിൽ ഞാനും..എന്റെ ഇഷ്ടങ്ങളും…..ഒന്നും ആരും അറിയേണ്ടന്നു തീരുമാനിച്ചു..

….ഒരു നാട്ടുമ്പുറത്തുകാരനായ, ജോലിയും കൂലിയും ഇല്ലാത്ത, ചുറ്റുപാടും നൂറുകൂട്ടം പ്രശ്നങ്ങൾ ഉള്ള എന്നെപോലെ ഒരാൾക്ക് ആഗ്രഹിക്കാൻ പോലും പാടില്ലായിരുന്നു ഇന്ദുവിനെ പോലൊരു പെണ്ണിനെ…ഞാനെന്റെ ആഗ്രഹങ്ങൾ മറന്നു..സ്വപ്നങ്ങൾ മറന്നു…പക്ഷെ… അവളെ മാത്രം മറക്കാൻ എനിക്കായില്ല.”

“…..ഏട്ടന് വേണ്ടി ജീവിതം ജീവിച്ചു തീർക്കാൻ തീരുമാനിച്ചു..ഏട്ടൻ പറയുന്ന പോലെ ,ഏട്ടന്റെ ..ആദ്യത്തെ കുഞ്ഞു ഞാനല്ലേ വലിയമ്മേ…’പന്ത്രണ്ടാം വയസ്സിൽ അച്ഛനായതാടി ഞാൻ , ന്റെ അരവിന്ദന്റെ അച്ഛ’നെന്നു ഒരു നൂറുവട്ടം സ്വപ്നേടത്തിയോടും വലിയമ്മയോടും പറയുന്ന കേട്ടല്ലേ ഞാൻ വളർന്നത്…ആ ഏട്ടന് വേണ്ടി മതി ഇനി ജീവിതം ന്നു കരുതിപ്പോയി….” അരവിന്ദൻ വല്ല്യവായിലെ നിലവിളിച്ചു. ഗോമതി അവനെ നെഞ്ചോട് ചേർത്തുപിടിച്ചു കൂടെ കരഞ്ഞു.

“മതി മോനെ…മതി..ഇനിയെന്റെ കുട്ടി ഒന്നും പറയണ്ട..”അരവിന്ദന്റെ കണ്ണു തുടച്ചു അവർ.

“ഇല്ല വലിയമ്മേ….എനിക്ക് വയ്യ ഇനിയിതും മനസിലിട്ട് നടക്കാൻ…”

“…കഴിഞ്ഞ വർഷം അവളുടെ നിശ്ചയം നടന്നതറിഞ്ഞു ഞാൻ തകർന്നു പോയി…സംഭവബഹുലമായ അരവിന്ദന്റെ ജീവിതം സമാപിച്ചു ന്നു തന്നെ കരുതി ഞാൻ….ന്റെ ഏട്ടൻ മാത്രമായി മനസിൽ… പഠനം, ജോലി ഒക്കെ വേണ്ടന്നുവെച്ചു… എല്ലാത്തിനോടും ഒരുതരം ദേഷ്യമായിരുന്നു.. ദേഷ്യം..ദേഷ്യം…അതുമാത്രമായി മനസിൽ….

…അതിനിടയിലാണ് ഉണ്ണിലക്ഷ്മി…..” പറയാൻ വന്നത് പെട്ടന്നവൻ വിഴുങ്ങി.

“ന്താ മോനെ..ന്താ നീ നിർത്തിയത്.” അവർ സംശയത്തിൽ അവനെ നോക്കി.

“മ്ഹൂം… അതു ,ഒന്നില്ല്യാ… ചില പ്രശനങ്ങൾ അതിനിടയിൽ വന്നു….എനിക്ക് പരിഹരിക്കാനാവാത്ത ചിലതു…ഏട്ടനോട് പറയാഞ്ഞതുകൊണ്ട സംഭവിച്ചുപോയ ചിലതു….ന്റെ മാത്രം തെറ്റാണതു….

..എന്നിട്ടും…എന്നിട്ടും…ഞാൻ ഇന്ദുവിന്റെ കല്യാണത്തിന് പോയി വലിയമ്മേ…….. എല്ലാവരുടെയും നടുവിൽ അവൾ സന്തോഷവതി ആയിരിന്നു സിദ്ധുവിനെ നോക്കിയപ്പോൾ ആൾക്കുട്ടത്തിനു ഇടയിൽ ഉള്ളിലെ നീറ്റൽ അടക്കിപ്പിടിച്ചു ഞാൻ അവളെയും നോക്കി നിന്നു …ആരും അറിയാതെ..ആരോടും ഒന്നും പറയാതെ..”

“ന്റെ പൊന്നുമോനെ…നീയെന്തിനാ പോയത്…ന്തിനാ ഇത്രയും സഹിച്ചത്…”

“…എനിക്ക് പോകേണ്ടി വന്നു വലിയമ്മേ…
ഞാനറിയാതെ വന്നുചേർന്ന ഒരു നിയോഗമായിരുന്നു അത്…” അവന്റെ ശബ്ദം വലയിലകപ്പെട്ടു രക്ഷപെടാനാകാതെ കരഞ്ഞു തളർന്ന ഒരു പക്ഷിക്കുഞ്ഞിന്റെ പോലെ നേർത്തു നേർത്തു പോയി.

അതിൽ കൂടുതൽ കേട്ടുനിൽക്കാനോ സഹിക്കാനോ ഹരിക്കായില്ല , മിഴികൾ തുടച്ചുകൊണ്ട് ‘അരവിന്ദാ…മോനെ..’ന്നു വിളിച്ചയാൾ അകത്തേക്ക് ചെന്നു അവരെ ഇരുവരെയും ചേർത്തു പിടിച്ചു. പിന്നാലെ കയറി വന്ന ശ്രീകാന്ത് കണ്ണുനിറച്ചു ആ കാഴ്ച കണ്ടു് പിന്നെ മെല്ലെ ചെന്നു ഹരിയുടെ തോളിലേക്ക് മുഖം ചായ്ച്ചു കണ്ണുകളടച്ചു.

പക്ഷെ അയാളുടെ മനസിൽ അരവിന്ദൻ പറഞ്ഞ സിദ്ധു, നിയോഗം എന്നവാക്കുകൾ സംശയത്തിന്റെ വിത്തുപാകിയിരുന്നു.

********* ********* ********

ചാരുലതയുടെ അരുകിലേക്ക് ചെന്നു മുഖം കുനിച്ചു നിന്നു അമൃത. അടുക്കളയിൽ കുഞ്ഞിന് ഭക്ഷണം എടുക്കുകയായിരുന്നു ചാരു.

“ചേച്ചി….” അവളുടെ നേരെ നോക്കി അമൃത വിളിച്ചു.

“മ്മ്…”

” ചേച്ചി എന്നോടൊന്നു മിണ്ടുവോ…”

ചാരു അമൃതയുടെ നേരെയൊന്നു നോക്കി പെട്ടന്ന് തന്നെ നോട്ടം മാറ്റി ഭക്ഷണവുമെടുത് കുഞ്ഞിന്റെ അടുത്തേക്ക് നടന്നു. അമൃത അവളുടെ പിന്നാലെ ചെന്നു. കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചുകൊണ്ട് ചാരു കട്ടിലിലേക്ക് ഇരുന്നു. അമൃത ചെന്നവളുടെ എതിരെ ഇരുന്നു.

“ചേച്ചി, ഞാൻ നാളെ വീട്ടിലേക്ക് പൊക്കോട്ടെ…”

“മ്മ്..”അവളുടെ മുഖത്തു നോക്കാതെ ചാരു മൂളി.

“ചേച്ചി…എനിക്ക് പറയാനുള്ളത് ഒന്നു കേക്കുവോ”

“ന്താ..നിനക്ക് പറയാനുള്ളത്…നീയും അവളും അരവിന്ദനും കൂടി ന്തൊക്കെയാ ഈ കാട്ടിക്കൂട്ടി വചരിക്കുന്നതെന്ന് അറിയ്യോ നിങ്ങൾക്ക്. ..” ചാരു പൊട്ടിത്തെറിച്ചു. അമ്മുക്കുട്ടി പേടിച്ചു അവളുടെ മാറിലേക്ക് മുഖമോളിപ്പിച്ചു. അമൃത നിശ്ശബ്ദയായി മുഖം കുനിച്ചു കേട്ടിരുന്നു.

“ആ വീട്ടിൽ ഉള്ള പ്രശ്നങ്ങൾ ന്തെങ്കിലും അറിയ്യോ നിങ്ങൾക്ക് രണ്ടാൾക്കും. ഹരിയേട്ൻ നെഞ്ചുരുകിയാ നടക്കുന്നത്…അറിയ്യോ നിങ്ങൾക്കത്…

….ഏതു നിമിഷവും അരവിന്ദനെ അപായപ്പെടുത്താൻ നോക്കി നടക്കുവാ ആ ചന്ദ്രോത്തുകാര്. അതിനിടയിൽ മൂന്നുപേരും കൂടി പ്രേമിച്ചു കളിക്ക്യ… ല്ലേ? “ചാരു ദേഷ്യം കടിച്ചമർത്തി.

“…ടീ..നിനക്കറിയ്യോ അരവിന്ദന്റെ ‘അമ്മ എങ്ങന്യാ മരിച്ചതെന്ന്…? …അവന്റെ അച്ഛനും അച്ഛച്ഛനും എങ്ങന്യാ മരിച്ചതെന്ന്…?.ഏഹ്..” ചാരുവിന്റെ ചോദ്യത്തിന് ഉത്തരം പറയാനറിയാതെ അമൃത തലതാഴ്ത്തി തന്നെയിരുന്നു.

“…അവന്റെ അമ്മയെ കൊന്നുകളഞ്ഞതാണ് ആ സ്ത്രീ…അവരുടെ ദുഷ്ട്ടതക്ക് ബലിയാടായി എത്ര വർഷം അച്ഛച്ഛൻ എഴുന്നേൽക്കാൻ വയ്യാതെ കിടന്നുന്ന്റിയമോ നിനക്കോ അവൾക്കോ… അവസാനം …”പറഞ്ഞതു മുഴുവനക്കാതെ ചാരു ഇരുന്നു കിതച്ചു.

“…അതിനിടക്ക് അരവിന്ദന് ഇന്ദുനോട് ഇങ്ങനെയൊരു ഇഷ്ടമുണ്ടെന്നു ആരറിഞ്ഞു…”അവൾ ഒന്നു തേങ്ങി.

“…നിനക്കാണേലും അവൾക്കാണേലും അരവിന്ദനെ കിട്ടുന്നത് എനിക്കും ശ്രീയേട്ടനും സന്തോഷം തന്നെയാണ്. അവന്റെ മനസ്സിൽ ഇന്ദു ആയിപ്പോയി… ന്റെ കുട്ടി ഇനി അതൊന്നും ഓർക്കല്ലു…”പറഞ്ഞു പറഞ്ഞു വന്നപ്പോഴേക്ക് ചാരു കരഞ്ഞു. കൂടെ അമൃതയും.

“ഇല്ല ചേച്ചി…അരവിന്ദേട്ടന് എന്നെ ഇഷ്ട്ടല്ലാന്നു പറഞ്ഞപ്പോ എനിക്ക് സഹിച്ചില്ല..പക്ഷെ..ഇപ്പോ പറ്റണുണ്ട്…ഇന്ദു ചേച്ചി പാവാണ്.. അരവിന്ദേട്ടൻ അതിലും പാവാണ്…ചേച്ചി…ചേച്ചിയൊന്നു ചെയ്‌വോ…ഇന്ദു ചേച്ചിയോട് ഒക്കെ പറയണം…”

“മ്മ്..പറയാം….പറയണം….ഇന്നലെ രാത്രി മുഴുവൻ ആലോചിച്ചു തീരുമാനിച്ചതാണ് ഞാനതു…പക്ഷെ…ങ്ങനെ…ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയതുകണ്ടില്ലേ…അവൾ…എനിക്കിപ്പോഴും മനസിലായിട്ടില്ല ഒന്നും..”

“ചേച്ചി…ചില കാര്യങ്ങൾ ഉണ്ട് ചേച്ചി…” പെട്ടന്ന് അമൃതയുടെ മുഖത്തെ ഭാവവെത്യാസം കണ്ട് ഇന്ദുവിന്റെ മുഖം ചുളിഞ്ഞു.

“എന്തു കാര്യം..”

“ചേച്ചി…ഉണ്ണിലക്ഷ്മിയും സിദ്ധുവേട്ടനും തമ്മിൽ നേരത്തെ അറിയും ചേച്ചി….”ചാരു ഞെട്ടിപ്പോയി. വിശ്വാസം വരാതെ അവൾ ഇന്ദുവിനെ തുറിച്ചു നോക്കി.

“അതേ ചേച്ചി….വിശദമായിട്ട് ഒന്നും എനിക്കറിയില്ല്യ… സിദ്ധുവേട്ടനും ഉണ്ണിലക്ഷ്മിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു…സിദ്ധുവേട്ടൻ അതൊക്കെ ഇന്ദു ചേച്ചിയോട് പറഞ്ഞതായിരുന്നു…പക്ഷെ, ഇന്ദു ചേച്ചി ഇവിടെ വന്നതിനു ശേഷമാണ് അരവിന്ദേട്ടന്റെ പെങ്ങളാണ് ആ പെണ്ണെന്നു അറിയുന്നത്. എന്തൊക്കയോ കുഴപ്പങ്ങളുണ്ട് ചേച്ചി…ഇന്ദു ചേച്ചി പോയിരിക്കുന്നത് അതിനാണ്..”

ചാരു നിർജീവമായി അനക്കമറ്റിരുന്നു പോയി.
തനിക്ക് ചുറ്റുമുള്ള ലോകം നിശ്ചലമായതുപോലെ അവൾക്ക് തോന്നി. ഒരാശ്രയത്തിനെന്നവണ്ണം അവൾ അമൃതയുടെ കയ്യിൽ മുറുകെ പിടിച്ചു.

****** ******** ***** *****

ഇന്ദു സിദ്ധാർഥിന്റെ മെയിൽ ചെക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സുമിത്ര അങ്ങോട്ട് കയറിച്ചെന്നത്.

“അമ്മേ…” അവരെ ചേർത്തുപിടിച്ചു ഇന്ദു. സിദ്ധുവിനു അമ്മയുടെ മണമാണെന്നു പെട്ടന്നവൾക്ക് തോന്നി.

“അമ്മയിരിക്ക്. പാപ്പാ കിടന്നോ…”

“മ്മ്..ഇല്ല്യാ മോളെ…പാപ്പാക്ക് മോളോട് സംസാരിക്കണമെന്ന് പറഞ്ഞു. ‘അമ്മ മോളെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്.”അവർ അവളെ ചേർത്തു പിടിച്ചു പറഞ്ഞു.

ഇന്ദു ലാപ്ടോപ്പ് അടച്ചു അവരുടെ കൂടെ അച്ഛന്റെ അടുത്തേക്ക് നടന്നു.

“പാപ്പാ…”അയാളുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് അവൾ അയാളുടെ വിരലുകളിൽ തലോടി.

“ആ മോള് വന്നോ…പാപ്പാക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു.”

“മ്മ്.. പാപ്പാ പറഞ്ഞോളൂ. “അയാൾ കിടക്കയിൽ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. ഇന്ദുവും സുമിത്രയും കൂടി അയാളെ തങ്ങിയെഴുന്നേല്പിച്ചു ചാരിയിരുത്തി. എവിടെ പറഞ്ഞു തുടങ്ങണമെന്നറിയതെ അയാൾ ഒന്നുരണ്ടു നിമിഷം നിശ്ശബ്ദമായിരുന്നു. പിന്നെ അവളുടെ നേരെ മുഖം തിരിച്ചു.

“മ്മ്….മോള് ഇന്നലെ പറഞ്ഞില്ലേ സിദ്ധുവിനു എന്തോ ചതി പറ്റിയിട്ടുണ്ടെന്നു… ഉണ്ടാവും…” അയാൾ അവളുടെ വിരലുകളിൽ മുറുക്കി പിടിച്ചു. സുമിത്ര ആ വേദനിപ്പിക്കുന്ന ദിവസങ്ങളോർത്തു നെടുവീർപ്പിട്ടു.

“മ്മ്…പറയു പാപ്പാ…”

” രണ്ടു മൂന്നു വർഷങ്ങൾക്ക് മുൻപാണ്, സിദ്ധുവിന്റെ ജീവിതത്തിലേക്ക് ഒരു പെണ്കുട്ടി കടന്നു വന്നത്. എവിടെ വെച്ചാണെന്നോ… എങ്ങനെയാണെന്നോ ഞങ്ങൾ ചോദിച്ചിട്ടില്ല. അവന്റെ ഇഷ്ട്ടം ഞങ്ങളുടെയും ഇഷ്ട്ടമായിരുന്നു…

….അവധിക്ക് വന്ന ഒരു ദിവസം അപ്രതീക്ഷിതമായി സിദ്ധുവിന്റെ കൂടെ അവൾ ഇവിടെയും വന്നു. ഉണ്ണിലേക്ഷ്മി…. അതായിരുന്നു അവളുടെ പേര്….”

ഇന്ദുവിന്റെ ചുണ്ടുകൾ എന്തിനെന്നറിയാതെ ഒന്നു വിറകൊണ്ടു.

.”…..അവൾ മലയാളി ആണെന്ന് പറഞ്ഞു ദേ.. ഇവൾ ഒരുപാട് സന്തോഷിച്ചു…” സുമിത്രയുടെ നേരെ അയാൾ കൈനീട്ടി.

“….ഒരു ദിവസം , ഉണ്ണിലക്ഷ്മി തന്റെ മേലുദ്യോഗസ്ഥന്റെ മോളാണെന്നും പറഞ്ഞു സിദ്ധു. പിന്നെയൊന്നും അതേപ്പറ്റി പറഞ്ഞിട്ടില്ല. ഞാനും ഇവളും സിദ്ധുവും ഉണ്ണിലക്ഷ്മിയും ഒക്കെ വല്ല്യ സന്തോഷത്തിലായിരുന്നു. പൂമ്പാറ്റകളെ പോലെ ഇവിടമാകെ പറന്നു നടന്നു കുട്ടികൾ. അവൻ അവധി കഴിഞ്ഞു തിരിച്ചു പോയി…അടുത്ത തവണ അവധിക്ക് വന്നു പോകുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.

…..പെട്ടന്നൊരു ദിവസം ഉണ്ണിലക്ഷ്മിയുടെ അമ്മയും കുറെ ആൾക്കാരും ഇവിടെ വന്നു…”

ഇന്ദുവിന്റെ മിഴികൾ കുറുകി. പാപ്പായുടെ മുഖത്തെ വേദന അവൾ കണ്ടറിഞ്ഞു.

“അവർ ..ന്തൊക്കയോ കുറെ പറഞ്ഞു….ഭീക്ഷണിപ്പെടുത്തി…ഈ ബന്ധത്തിൽ നിന്നും സിദ്ധുവിനോട് പിന്മാറാൻ പറയണമെന്ന് പറഞ്ഞു…അവർ പോയി കഴിഞ്ഞു സിദ്ധുവിളിക്കുമ്പോഴാണ് ബാക്കി അറിയുന്നത്….

….ഏതോ വലിയ ബസിനെസ്സ്കാരന്റെ മകനുമായി അവളുടെ കല്യാണം ഉറപ്പിച്ചിരുന്നു എന്ന്….ഉണ്ണിലക്ഷ്മിയുടെ വീട്ടുകാർ വല്ല്യ നിലയിൽ ജീവിക്കുന്നവർ ആണെന്ന്….. നമ്മളെപ്പോലെ ഒരു സാധാരണ വീട്ടിലേക്ക് അവളെ പറഞ്ഞുവിടാൻ അവർക്ക് സാധ്യമല്ലായിരുന്നെന്നു… സിദ്ധുവിനെ മതിയെന്ന് അവൾ വാശിയിൽ ആരുന്നെന്നു….”

…..പിന്നെയും ആ സ്ത്രീവന്നു…സിദ്ധു ഈ ബന്ധത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ അവനെ കൊന്നുകളയുമെന്നും…. ബോഡി പോലും ഒന്നു കാണാൻ തരികില്ലെന്നും… എന്നെയും ഇവളെയും ഒന്നും ബാക്കി വെക്കില്ലന്നും പറഞ്ഞു അവർ ഭീഷണിപ്പെടുത്തി.

…സിദ്ധു ഇല്ലാത്തൊരു ജീവിതം ഞങ്ങൾക്ക് ആലോചിക്കാനേ വയ്യായിരുന്നു…പെട്ടന്ന് തന്നെ ഞങ്ങൾ സിദ്ധുവിന്റെ കല്യാണം ഉറപ്പിച്ചു…. അവനും അതു സമ്മതമായിരുന്നു…മാട്രിമോണിയായിൽ നിന്നും പെണ്ണിനെ കണ്ടെടുത്തു… ഇന്ദുമിത്ര എന്നായിരുന്നു അവളുടെ പേര്.” മുകുന്ദന്റെ മിഴികൾ നിറഞ്ഞൊഴുകി.

“….എത്രയും പെട്ടന്ന് സിദ്ധുവിന്റെ കല്യാണം കഴിഞ്ഞാൽ അവനെ ജീവനോടെ ഞങ്ങൾക്ക് കിട്ടുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം…പക്ഷെ…”

“…ആ ദിവസങ്ങളിൽ ഒന്നിൽ ഞങ്ങളെ കാണാൻ ഒരാൾ വന്നു….സിദ്ധുവിന്റെ സുഹൃത്തുക്കൾ ആരും ആയിരുന്നില്ല അയാൾ…കാഴ്ചയിൽ അയാൾ സിദ്ധുവിനെ പോലെ തന്നെയിരുന്നു…..”

ഇന്ദുവിന്റെ മിഴികൾ ഒന്നു വിടർന്നു.

“….ഉണ്ണിലക്ഷ്മിയുടെ സഹോദരൻ എന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. അരവിന്ദൻ എന്നായിരുന്നു അയാളുടെ പേര്.” അയാൾ പറഞ്ഞു നിർത്തി.

ഇന്ദുവിനു തോന്നി ഒരു നിമിഷത്തേക്ക് തന്റെ ഹൃദയം നിലച്ചു പോയിയെന്ന്.

“…അയാൾ വന്നു, സിദ്ധു പറഞ്ഞിട്ട് വരുവാണെന്നു പറഞ്ഞു. എല്ലാം അറിയാമെന്നും, ഉണ്ണിലക്ഷ്മി ആയുള്ള വിവാഹം നടക്കാഞ്ഞത് നന്നായി എന്നു പറഞ്ഞു. വിവാഹ ക്ഷണക്കത്ത് കണ്ട്… ഇന്ദുമിത്ര നല്ല ….കുട്ടിയാണ് അവളെ നല്ലതുപോലെ സ്നേഹിക്കണം….ഒന്നിനും വിഷമിപ്പിക്കല്ല്….എന്നുപറഞ്ഞു. കുറെ നേരം പാപ്പായുടെ കൈപിടിച്ചു കരഞ്ഞു…അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മവച്ചു…പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങി പോയി. എന്തൊ… ഇന്നും ആ പോക്ക് മറക്കാനാവുന്നില്ല പാപ്പാക്ക്.

…ഒന്നൊന്നര മാസം കഴിഞ്ഞപ്പോ നിങ്ങളുടെ കല്യാണം….പിന്നെ ന്റെ സിദ്ധുന്റെ ……” പറഞ്ഞു പൂർത്തിയാക്കാനാവാതെ മുകുന്ദൻ തലയിണയിലേക്ക് ചാരി കണ്ണുകളടച്ചു.

ഇന്ദു മെല്ലെ എഴുന്നേറ്റു ഒരു സ്വപ്നാടനക്കാരിയെ പോലെ പുറത്തേക്കു നടന്നു.

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

Share this story