അറിയാതെ ഒന്നും പറയാതെ – PART 9

അറിയാതെ ഒന്നും പറയാതെ – PART 9

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

ഗോമതിയമ്മയുടെ കയ്യിൽ നിന്നും അമ്മുക്കുട്ടിയെയും വാങ്ങി ചാരുവിനെയും ചേർത്തുപിടിച്ചു ശ്രീ മേലേ വീടിന്റെ പടിയിറങ്ങി, അവരെ അനുഗമിച്ചു അമൃതയും. ഒച്ചയും ബഹളവും കേട്ട് ഉറക്കമുണർന്നു കണ്ണും തിരുമി ഉണ്ണിക്കുട്ടൻ വാതിൽ കടന്നു ഗോമതിയുടെ അരികിലേക്ക് വന്നു . അവർ ഉണ്ണിക്കുട്ടനേം ചേർത്തുപിടിച്ചു ശ്രീയുടെയും മറ്റും പിന്നാലെ പൂമുഖത്തേക്ക് ചെന്നു.

നിശബ്ദനായി ശ്രീ അവരെയും ചേർത്തുപിടിച്ചു പടിയിറങ്ങി മുറ്റംകടന്നു തൊടിയിലൂടെ താഴെക്കിറങ്ങിപ്പോയി.

‘മഹാദേവാ…ന്റെ കുട്ടികളെ നീ തെറ്റിക്കരുതെ..കുഞ്ഞിലെ മുതൽ ഒരുമനസും ഇരുമെയ്യുമായ് നടന്ന എന്റെ ഹരിയും ശ്രീയും….’ ശ്രീയുടെ പോക്ക് നോക്കിനിന്ന ഗോമതി മനമിടറി പ്രാർത്ഥിച്ചു.

‘ഈ കുടുംബത്തിൽ നടന്ന എല്ലാ അനിഷ്ട്ടങ്ങളും നീക്കി ന്റെ കുട്ടികൾക്ക് നീ സമാധാനം കൊടുക്കണേ ന്റെ തേവരെ….’ അവർ ഉണ്ണിക്കുട്ടന്റെ നെറുകയിലേക്ക് മുഖമമർത്തി ,അവരുടെ കണ്ണില്നിന്നും ചുടുകണ്ണീർവീണു ആ കുഞ്ഞിന്റെ നെറ്റിത്തടം നനഞ്ഞു .അവൻ മുത്തശ്ശിയെ ചുറ്റിപ്പിടിച്‌ അവരുടെ നെഞ്ചിലേക്ക് മുഖമണച്ചു.

ആ സമയംതൃപ്പാടിയോട്ട മഹാദേവരുടെ അമ്പലത്തിൽ തുടരെ മൂന്നുവട്ടം ശംഖൊലി മുഴങ്ങി. ഗോമതി അറിയാതെ കൈകൂപ്പി കണ്ണടച്ചു.

വീട്ടുലേക്കത്തിയ ചാരുലത വിങ്ങിപ്പൊട്ടി അകത്തേക്കോടി.. കട്ടിലിലേക്ക് വീണു തലയിണയിൽ മുഖമമർത്തി കരച്ചിലടക്കി. ശ്രീയും അമൃതയും കുഞ്ഞുമായി മുറിയിലേക്കെത്തി, അമ്മുക്കുട്ടിയെ ചാരുവിന്റെ അരികിലേക് കിടത്തിയിട്ട് ഒരുമാത്ര അവളെ ഒന്നുനോക്കി കുനിഞ്ഞു നെറുകയിൽ ഒന്നു ചുണ്ടമർത്തി, പിന്നെ മുറിക്ക് പുറത്തേക്ക് നടന്നു ശ്രീ.

വാതിൽപ്പടിയിൽ ഭാരംതാങ്ങി അതു നോക്കി നിന്നു അമൃത. ശ്രീ ചെന്നു അവളെയും ചേർത്തുപിടിച്ചു മുന്നോട്ട് നടന്നു.

ഒരാശ്രയം കിട്ടാൻ കാത്തിരുന്നത്പോലെ ശ്രീയെ ചുറ്റിപ്പിടിച്ചവൾ നിലവിളിച്ചു.

അവളെ കൊണ്ടു മുകളിലെ മുറിയിലാക്കി ശ്രീ. അവൻ തിരിച്ചു പോകാൻ തുടങ്ങിയപ്പോ അമൃത അവന്റെ കൈകളിൽ പിടിച്ചു, അയാൾ തിരിഞ്ഞു കട്ടിലിൽ അവളുടെ അരികിലേക്കിരുന്നു.

ശ്രീയുടെ കൈകളിൽ മുഖമമർത്തി അവൾ വിങ്ങി കരഞ്ഞു.

“ശ്രീയേട്ടാ….ന്നോട് ക്ഷെമിക്കണേ… ഒക്കെ ന്റെ അറിവില്ലായ്മ കൊണ്ടാണ്….. അരവിന്ദേട്ടന് ഇന്ദു ചേച്ചിയെ അറിയമെന്നോ, ഇഷ്ട്ടാണെന്നോ ഒന്നും എനിക്കറിഞ്ഞൂടായിരുന്നു..”അവൾ വിങ്ങിപ്പൊട്ടി എന്തൊക്കയോ പിന്നെയും പറഞ്ഞു. ശ്രീകാന്ത് എല്ലാം കേട്ടിരുന്നു.

പിന്നെ അവളുടെ മുടിയിൽ തലോടി ആശ്വസിപ്പിച്ചു. നെഞ്ചു വിങ്ങുന്ന വേദന ഉണ്ടായിരുന്നു അവനു. രണ്ടു ദിവസം കൊണ്ട് എല്ലാം കീഴ്മേൽ മറിഞ്ഞതോർത്തിട്ട അവന് എങ്ങും ഇരിപ്പുറച്ചില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവന്റെ തലക്കുള്ളിൽ കിടന്നു വട്ടം തിരിഞ്ഞു.

ഇതൊട് കൂടി എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്ന് തീരുമാനിച്ചുകൊണ്ട ശ്രീകാന്ത് അവളുടെ അരികിൽ നിന്നും എഴുന്നേറ്റ് മുറിക്ക്പുറത്തേക്ക് ഇറങ്ങി
അടുക്കള വാതിൽ ലക്ഷ്യമാക്കി നടന്നു.

ആ രണ്ടു വീടുകളുടെയും അകത്തളങ്ങൾ ശ്മശാന മൂകതയിൽ ആണ്ടു കിടന്നു.

വരാൻ പോകുന്നത് ഒന്നുമറിയാതെ.

******** *********** ************

പിറ്റേന്ന് പുലർച്ചെ ഇന്ദു ബാംഗ്ലൂരിൽ ബസ്സിറങ്ങി. അവളെ കാത്തു സിദ്ധുവിന്റെ സുഹൃത്ത് ക്യാപ്റ്റൻ അഖിൽ സുദര്ശനും കമാൻഡോ വിങ്ങിലെ ചേതൻ ശാസ്ത്രിയും നിൽക്കുന്നുണ്ടായിരുന്നു.

“ഹായ്..മിത്ര…വെൽക്കം” അഖിൽ ഇന്ദുവിനെ ഷേക്ക്ഹാൻഡ് നൽകി. ചേതൻ കൈകൾ കൂപ്പി. അവൾ തിരിച്ചും.

അവരോടൊപ്പം ഇന്ദു യാത്ര തിരിച്ചു.

ക്യാപ്റ്റൻ അഖിൽ സുദർശൻ കമാൻഡോ ചേതൻ ശാസ്ത്രി. രണ്ടുപേരും സിദ്ധാർത്ഥിന്റെ കൂടെ സിയാചിനിൽ ഉണ്ടായിരുന്നവർ. ബാംഗ്ലൂരിൽ ഒന്നിച്ചു കളിച്ചു പഠിച്ചു വളർന്നവർ. രാജ്യത്തിനു വേണ്ടി സൈനീക സേവനമായിരുന്നു അവരുടെ സ്വപ്നം.

ചേതൻ ശാസ്ത്രി പാർക്കിങ് ഏരിയയിൽ നിന്നും കാർ എടുത്തുകൊണ്ട് വന്നു.

“വരു മിത്ര…”അഖിൽ സുദർശൻ കാറിന്റെ പിൻഡോർ തുറന്നുകൊടുത്തു. ശേഷം മുൻ ഡോർ തുറന്നു അയാളും കയറി. കാർ ബാംഗൂരിന്റെ തിരക്കുകളിലേക്ക് ഇറങ്ങി.

കുറച്ചു നിമിഷങ്ങൾ മൗനമായി പോയി.

“മിത്ര…..പറയു …”അഖിൽ മൗനം ഭഞ്ജിച്ചു.

“ഇന്ന് അല്ലെങ്കിൽ നാളെ ഞങ്ങൾ മിത്രയെ കാണാൻ എത്തിയേനെ, ചേതൻ രണ്ടു ദിവസം ആയുള്ളൂ എത്തിയിട്ട്.” അയാൾ പിന്നിലേക്ക് തിരിഞ്ഞു പറഞ്ഞു.

“മ്മ്…”അവൾ മൂളി.

“മിത്ര….ഇന്നലെ രാത്രിയിൽ നീ വിളിച്ചപ്പോൾ എന്തോ, പെട്ടന്ന് തന്നെ നിന്നെ മീറ്റ് ചെയ്യണമെന്ന് തോന്നി. അതാണ് രാവിലെ ഇങ്ങെത്താൻ പറഞ്ഞതു.” അയാൾ പിന്നെയും പറഞ്ഞു.

അവളിൽ നിന്നും മറുപടി ഒന്നും കിട്ടതായപ്പോൾ വീണ്ടും പിന്നിലേക്ക് തിരിഞ്ഞു നോക്കി. പുറത്തേക്ക് മിഴികൾ പാകിയിരിക്കുന്ന അവളുടെ മുഖത്തെ ഗൗരവം കണ്ട അയാൾ പെട്ടന്ന് ജാഗരൂകനായി.

“മിത്ര…എനിതിങ് റോങ്..? ” അയാളുടെ ശബ്ദത്തിലെ മാറ്റം പെട്ടന്ന് തിരിച്ചറിഞ്ഞ് ചേതൻ ഒരു നിമിഷം അയാളെയും, അയാളുടെ നോട്ടം പിന്നിലേക്കാണെന്നു കണ്ട് റിയർവ്യൂ മിറർ അഡ്ജസ്റ് ചെയ്തു മിത്രയെയും നിരീക്ഷിച്ചു.

“അതു തന്നെയാണ് ക്യാപ്റ്റൻ അഖിൽ സുദർശൻ എനിക്കും ചോദിക്കാനുള്ളത്. എനിതിങ് റോങ്…?” അഖിലിന്റെ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കിക്കൊണ്ടവൾ തിരിച്ചു ചോദിച്ചു.

അയാളൊരു നിമിഷം നിശബ്ദനായി.

“യെസ് …മിത്ര…യെസ്..” അയാളുടെ മറുപടി അവളുടെ ഹൃദയഭിത്തികളിൽ തട്ടി തലച്ചോറിലൊരു മുഴക്കം സൃഷ്ട്ടിച്ചു.

അയാൾ പിന്നിലേക്ക് തിരിഞ്ഞു. വജ്രം പോലെ തിളങ്ങുന്ന അവളുടെ മിഴികളിലേക്ക് ഇമചിമ്മാതെ അയാൾ നോക്കിയിരുന്നു.

” ഈസ് റ്റ് ഉണ്ണിലക്ഷ്മി ആൻഡ് ഹെർ ഫാദർ ബ്രിഗേഡിയർ രാജശേഖര പൊതുവാൾ…? ” അവളുടെ ശബ്ദത്തിലെ മൂർച്ച അഖിൽ സുദര്ശന്റെ നെഞ്ചിലൊരു സ്‌ഫോടനമായി പൊട്ടിച്ചിതറി.

അയാളുടെ മുഖത്തുകണ്ട വന്യമായ ഭാവത്തിൽ നിന്നും ഇന്ദുവിന് മനസിലായി താൻ കരുതിയതിനും അപ്പുറമായിട്ട് എന്തൊക്കയോ നടന്നിട്ടുണ്ടെന്ന്.

നിമിഷങ്ങൾ കടന്നുപോക്കൊണ്ടേയിരുന്നു. ചേതന്റെ കാലുകൾക്ക് ഭ്രാന്തപിടിച്ചതുപോലെ ആക്സിലേറ്ററിൽ അമർന്നു…കാർ കുതിച്ചു പായുകയായിരുന്നു …അതിലും വേഗതയിൽ അവർ മൂവരുടെയും മനസും.

ന്യൂസ്പേപ്പർ എടുത്ത ഗേറ്റ് അടച്ചു തിരിയുമ്പോഴാണ് ഹോണ് മുഴക്കി ഒരു കാർ ഗേറ്റിലേക്ക് വന്നു നിന്നതു. ശബ്ദം കേട്ടു സുമിത്ര തിരിഞ്ഞു നോക്കുമ്പോൾ ഡോർ തുറന്നു അഖിലും ചേതനും ഇറങ്ങുന്നു. അവരുടെ മുഖത്തു വിഷാദഛവി കലർന്നൊരു നേർത്ത പുഞ്ചിരി വിടർന്നു. അപ്പോഴേക്കും പിന് ഡോർ തുറന്നു ഇന്ദുമിത്ര പുറത്തിറങ്ങി.

അപ്രതീക്ഷിതമായി അവളെ കണ്ട സുമിത്രയുടെ മിഴികൾ നീരണിഞ്ഞു.

ഗേറ്റ് തുറന്നു മൂവരും അകത്തേക്ക് കയറിയപോഴേക്കും സുമിത്ര ഇന്ദുവിന് നേരെ ഇരുകൈകളും നീട്ടിയിരുന്നു. ‘അമ്മേ’ ന്നു വിളിച്ചു അവളോടിച്ചെന്നു അവരുടെ കൈകളിലേക്ക് വീണു കെട്ടിപ്പിടിച്ചു അവരുടെ തോളിലേക്ക് ചാഞ്ഞു.

കണ്ണുനീരിൽ കുതിർന്ന നിമിഷങ്ങൾ കടന്നുപോയി.

“രണ്ടു മാസമായി ന്റെ കുട്ടിയെ കണ്ടിട്ടെന്നു ഇന്നലെയും പാപ്പാ പറഞ്ഞു. ..”അവളെ അടിമുടി തെരുതെരെ തഴുകിക്കൊണ്ടിരുന്നു അവരുടെ വിരലുകൾ.

“വാ..മക്കളെ… അഖിലിനെയും ചേതനെയും വിളിച്ചു ഇന്ദുവിനെയും ചേർത്തു പിടിച്ചുകൊണ്ടവർ അകത്തേക്ക് കയറി.

മുകുന്ദൻ ഉണർന്നു കിടക്കുകയായിരുന്നു. പതിവ് ചായയും പത്രവും വൈകുന്നത് എന്താണെന്ന് ഓർത്തുകൊണ്ട് അയാൾ മെല്ലെ എഴുന്നേറ്റു. സിദ്ധുവിന്റെ മരണശേഷം അയാൾ ആ മുറിവിട്ട് പുറത്തിറങ്ങുന്നത് അപൂർവമായിരുന്നു.

“പാപ്പാ…”വാതിലിൽ നിന്നും വിളിക്കുന്നത് കേട്ട് പെട്ടന്ന് മുഖം തിരിച്ചു. വാതിൽക്കൽ ഇന്ദുവിന്റെ മുഖം കണ്ട് അയാൾ വിസ്മയിച്ചു.

“മോളെ…മിത്ര…മോളെപ്പോ വന്നു..”അയാൾ അവൾക്ക് നേരെ കൈനീട്ടി. ഓടിവന്നു അച്ഛന്റെ കൈപിടിച്ചുകൊണ്ട ഇന്ദു അയാളുടെ അരികിലേക്കിരുന്നു. അപ്പോൾ വാതിൽ കടന്ന് സുമിത്രയും അവരുടെ ഇരുവശത്തുമായി അഖിലും ചേതനും കൂടി മുറിക്കകത്തേക്ക് കയറി.

അയാളുടെ മുഖം വിടർന്നു. അടുത്തനിമിഷം കണ്ണുകൾ സജലങ്ങളായി…അവരുടെ ഇടയിലൂടെ അയാൾ വതിൽക്കലേക്ക് എത്തിനോക്കി..പിന്നെ മുഖം കുനിച്ചു വിങ്ങിവിങ്ങി കരഞ്ഞു. ആ വൃദ്ധന്റെ കണ്ണുകളിലൂടെ കണ്ണുനീർ കവിളിലേക്ക് പതിച്ചു.

എല്ലാവരും നിശ്ശബ്ദനായിരുന്നു.

സിദ്ധുവിന്റെ അസാനിധ്യം അവരെ എല്ലാവരെയും ദുഃഖത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

കുറച്ചു സമയം അങ്ങനെ തന്നെ കടന്നു പോയി.

വാക്കുകൾക്ക് പ്രധാന്യമില്ലാത്ത ആ നിമിഷങ്ങൾക്കൊടുവിൽ അഖിൽ സുദർശൻ മെല്ലെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. കൂടെ ചേതൻ ശാസ്ത്രിയും.

“പാപ്പാ…ഉണ്ണി ലക്ഷ്മിയും ബ്രിഗേഡിയർ രാജശേഖര പൊതുവാളും കൂടി നടത്തിയ ന്തോ ഒരു മിസ്‌ലീഡിങ് ഉണ്ട് സിദ്ധുവിന്റെ മരണത്തിൽ. എനിക്കതു കണ്ടുപിടിച്ചേ പറ്റുള്ളൂ. അതിനാണ് അവർ രണ്ടുപേരും എത്തിയിരിക്കുന്നത്. പാപ്പായും അമ്മയും കൂടെ നിക്കണം..”അവൾ രണ്ടുപേരോടുമായി പറഞ്ഞു.

മുകുന്ദനും സുമിത്രയും നിശബ്ദരായി നിന്നു.

“മോള് എല്ലാം അറിഞ്ഞു അല്ലെ…”മുകുന്ദൻ മേശമേലിരുന്ന സിദ്ധുവിന്റെ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാതെ ഇന്ദുവിനോട് ചോദിച്ചു.

“ഇല്ല പാപ്പാ…അറിയാൻ തുടങ്ങുന്നതെയുള്ളൂ…ഇപ്പോഴും ഞാൻ കണ്ഫ്യൂഷനിലാണ്.”

“മ്മ്…ചിലതൊക്കെ മോളോട് പാപ്പാക്കും പറയാനുണ്ട്.”അയാളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.

“പാപ്പാ …വിശ്രമിക്കു. ‘അമ്മ പാപ്പായ്ക്ക് ബ്രേക്ഫാസ്റ്റ് കൊടുത്തില്ലല്ലോ… ഞാനെടുക്കാം” അവൾ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.

ഭക്ഷണത്തിനു ശേഷം അഖിലിനെയും ചേതനെയും കൂട്ടി ഇന്ദു സിദ്ധാർഥിന്റെ റീഡിംഗ് റൂമിലേക്ക് പോയി.

ടേബിളിൽ സിദ്ധുവിന്റെ സാധനങ്ങൾ തുടച്ചു വൃത്തിയാക്കി അടുക്കി വച്ചിട്ടുണ്ടായിരുന്നു. ഭിത്തിയിൽ സിദ്ധു യൂണിഫോമിൽ നിൽക്കുന്ന ഒരു പൂര്ണകായ ചിത്രം മാലയിട്ടു വച്ചിരിക്കുന്നു. നീലയും ചുവപ്പും നിറങ്ങൾ മാറിമാറികത്തുന്ന ഒരു ബൾബ് സദാ അവന്റെ ചിത്രത്തിന് മുന്നിൽ പ്രകാശിക്കുന്നു.

മൂവരും സിദ്ധുവിന്റെ മുൻപിൽ നിരന്നു നിന്നു.

കണ്ണുകൾ നിറഞ്ഞു അവരുടെ കാഴ്ച മങ്ങി.

ഇന്ദുവിന്റെ ഹൃദയത്തിൽ ഒരു അരിപ്രാവ് ചിറകടിച്ചു പിടയാൻ തുടങ്ങി. അഖിലിന്റെയും ചേതന്റെയും കാതിനുള്ളിൽ ഗ്രനേടുകൾ പൊട്ടിത്തെറിച്ചു. കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു മൂവരും.

ഇന്ദു ഒരു സ്വപ്നത്തിൽ എന്നപോലെ സിദ്ധാർഥിനരുകിൽ ചെന്ന് ആ മുഖത്തേക്ക് നോക്കി നിന്നു. ‘സിദ്ധു….എനിക്കറിയണം….ന്റെ സിദ്ധു ഒരു ചതിയുടെ ഭാഗമായിട്ടുണ്ടെങ്കിൽ ഞാനതു കണ്ടുപിടിക്കും. ‘അവളുടെ മനസ് നിശബ്ദമായി അയാളോട് സംസാരിച്ചു.

മേശക്കരുകിലേക്ക് മൂന്നു കസേരകൾ വലിച്ചെടുപ്പിച്ചിട്ടു അവൾ.

സിദ്ധാർഥിന്റെ ബാഗ് തുറന്ന് ലാപ്ടോപ്പ് എടുത്തു മേശമേലേക്ക് വച്ചു തുറന്നു. ജീൻസിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണും.

അഖിലും ചേതനും അവളുടെ ഇരു വശങ്ങളിലും ഇരുന്നു.

അവൾ മെയിൽ തുറന്നു.

വിവാഹം കഴിഞ്ഞു അഞ്ചാം നാൾ തിരിച്ചു ഏത്തണമെന്നറിയിച്ചുള്ള ഒന്നാമത്തെ മെയിൽ അവൾ അവരെ കാണിച്ചു കൊടുത്തു.

ആറാം നാൾ അവൻ ട്രെയിൻ കയറിയതും, ഒൻപതാം നാൾ ഡൽഹിയിൽ എത്തിയെന്നറിയിച്ചുള്ള മൊബൈൽ മെസ്സേജുകൾ, ഫോൺ കോളുകൾ എന്നിവയും കാണിച്ചു.

പിറ്റേന്ന് ഡൽഹിയിൽ നിന്നും ലഡാക്കിലേക്ക് പ്ലെയിൻ കയറുന്നതിനു മുൻപ് അയച്ച രണ്ടു മെയിലുകളും ലഡാക്കിൽ നിന്നും സിയച്ചിനിലേക്ക് കയറുന്നതിനു മുൻപുള്ള ഒരു മെയിൽ ,ഒരു ഫോണ് മെസ്സേജ്…. അത്രയും അവൾ അഖിലിനെയും ചേതനെയും കാണിച്ചു കൊടുത്തു.

അതു വായിച്ചു നോക്കിയ അഖിലിന്റെയും ചേതന്റേയും കണ്ണുകൾ രോക്ഷം കൊണ്ട് ചുമന്നു. പരസ്പരം നോക്കിയ അവരുടെ കണ്ണുകൾ എന്തൊക്കയോ പറയുന്നുണ്ടെന്നു ഇന്ദുവിന് തോന്നി.

അവൾ, അവർ രണ്ടുപേരെയും മാറിമാറി നോക്കി.

“എങ്ങനെയാണ് സർ സിദ്ധുവിനു ഉണ്ണിലക്ഷ്മിയെ പരിചയം..? ബ്രിഗേഡിയർ രാജശേഖര പൊതുവാളിന് സിദ്ധുവിനോട് എങ്ങനെയാണ് വിരോധം ഉണ്ടായത്…? സിദ്ധു ഡൽഹിയിൽ നിന്നും എനിക്ക് ഇങ്ങനെ രണ്ടു മെയിൽ അയക്കണമെങ്കിൽ, വിവാഹത്തിന് വരുന്നതിനു മുമ്പ് അവർ തമ്മിൽ ക്യാമ്പിൽ എന്തൊക്കയോ നടന്നിട്ടുണ്ട്. എല്ലാം എനിക്കറിയണം. ”

“മിത്ര, പറയാം അവർ തമ്മിൽ ഉണ്ടായ പ്രശ്നങ്ങളൊക്കെ. ഇന്ന് ഇവിടെ വച്ചു വേണ്ട. നമുക്ക് പുറത്തെവിടെയെങ്കിലും മീറ്റ് ചെയ്യാം. പാപ്പാ ഇവിടെയുണ്ട്…..ഇനിയും അവരെ വിഷമിപ്പിക്കണോ..?

“മ്മ്….ശെരി ….സർ വിളിച്ചാൽ മതി.”

“ഒക്കെ മിത്ര. ഞങ്ങളിറങ്ങട്ടെ.”

സിദ്ധുവിന്റെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു അഖിൽ സുദര്ശനും ചേതൻ ശാസ്ത്രിയും യാത്രയായി.

കാറിൽ നിന്നും എടുത്ത ലഗേജ് ബാഗുമായി ഇന്ദു വരാന്തയിലേക്ക് കയറുമ്പോൾ നിറഞ്ഞ കണ്ണുകളോടെ മുകുന്ദനും സുമിത്രയും അവളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.

“പാപ്പാ ,’അമ്മ വിഷമിക്കരുത്. നമ്മുടെ സിദ്ധുവിനോട് ആ ബ്രിഗേഡിയർ ചെയ്തത് ചതി ആണൊന്നു നമുക്ക് കണ്ടുപിടിക്കണം.”

“മ്മ്…സിദ്ധുവേ പോയിട്ടുള്ളൂ….ഞാനുണ്ട് രണ്ടാൾക്കും….ഒരിക്കലും തനിച്ചാക്കി പോകില്ല….ഇതു ക്യാപ്റ്റൻ സിദ്ധാർത്ഥ് മുകുന്ദന്റെ ഭാര്യ ഇന്ദുമിത്രയുടെ വാക്കാണ്…” നെറുകയിൽ ഓരോ ഉമ്മയും നൽകി അവർ രണ്ടുപേരെയും ചേർത്തുപിടിച്ചു ഇന്ദു അകത്തേക്ക് കയറി. അവരുടെ പിന്നിൽ വാതിൽ അടഞ്ഞു.

********* ******** ******* *******

മുറിക്കുള്ളിൽ ആകെ ഭ്രാന്തമായ ഒരു അവസ്ഥയിൽ ആയിരുന്നു അരവിന്ദൻ.

ഇന്നലെ രാവിലെ ഉണ്ടായ സംഭവങ്ങൾക്ക് ശേഷം ശ്രീയേട്ടന്റെയോ ചാരുവിന്റെയോ അമൃതയുടെയോ നിഴലാട്ടം പോലും ആ വീട്ടിൽ കണ്ടിട്ടില്ല. ഇന്ദുവിനെക്കുറിച്ചു ആരും സംസാരിക്കുന്നതു പോലുമില്ല. സ്കൂളിൽ പോകുന്നതിനും മുൻപും , പോയിട്ട് വന്നിട്ട് കുറച്ചു നേരവും ഉണ്ണിക്കുട്ടൻ അടുത്തു വന്നിരിക്കും. രാവിലെയും ഉച്ചക്കും വൈകിട്ടും ഏട്ടൻ അടുത്തുണ്ടാകും.

ഇത്രയും നിരാശയോടെ നിശബ്ദനായി ഏട്ടനെ ഇന്നേവരെ കണ്ടിട്ടില്ല എന്നത് അവനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

വിളക്ക് കൊളുത്തി നാമജപം കഴിഞ്ഞ് അരവിന്ദനുള്ള ചായയുമായി ഗോമതി അങ്ങോട്ട് കയറിവന്നു. ആ സമയത്തു അവനൊരു ചായ പതിവാണ്.

“വലിയമ്മേ…ഏട്ടൻ വരാറായില്ലേ…?”

അവന്റെ പതിവില്ലാത്ത ചോദ്യം കേട്ട് അവർ വിഷാദത്തോടെ അവനെ നോക്കി.

“ഒറ്റക്ക് കിടന്നു എന്റെ കുട്ടിക്ക് മടുത്തു ..ല്ല്യേ..?”

“മ്മ്…”

“സരല്ല്യാ…ഒക്കെ ഭേദകും..”

“ശരീരത്തിന്റെ വേദന സഹിക്കാം വല്ല്യമ്മേ…പക്ഷെ….ഈ മനോവേദന…എനിക്ക്…സാഹിക്കാനാവുന്നില്ല…” നിറഞ്ഞുവന്നു കണ്ണുകൾ മറക്കാനെന്നവണ്ണം അവൻ പുറത്തേക്ക് നോക്കിയിരുന്നു.

“മ്മ്…വലിയമ്മക്ക് മനസിലാവും മോനെ….” അവർ നേര്യതിന്റെ തുമ്പുയർത്തി കണ്ണും മൂക്കും തുടച്ചു.

“വലിയമ്മേ…ശ്രീയേട്ടനും ചേച്ചിയും എവിടെ…. ആരും ന്താ വലിയമ്മേ വരാതേ… അത്രക്ക് വലിയ തെറ്റാണോ ഞാൻ ചെയ്തത്….” അവൻ ദീനമായി അവരെ നോക്കി.

അവന്റെ ചുട്ടുപഴുക്കുന്ന ഹൃദയത്തിന്റെ പൊള്ളൽ മുഴുവനും മുഖത്ത് പ്രകടമായിരുന്നു. ഒന്നു രണ്ടു ദിവസങ്ങൾ കൊണ്ട് അവൻ വൃദ്ധനായതുപോലെ അവർക്ക് തോന്നി. അവരുടെ മനസുപിടഞ്ഞു…’ന്റെ കുട്ടി’..അവരുടെ മനസ് വല്ലാതെ നൊമ്പരപ്പെട്ടു.

“മോനെ….വലിയമ്മ ഒരു കാര്യം ചോദിക്കട്ടെ..” അവന്റെ കയ്യെടുത്തു മടിയിൽ വച്ചു തലോടി അവർ.

“മ്മ്….”

“മോൻ…ന്താ വലിയമ്മയോട് പോലും മറച്ചു വെച്ചത്…ഇന്ദു മോളോട് ഉള്ള ഇഷ്ട്ടം…”

അവൻ ഒന്നും മിണ്ടാതെ മച്ചിലേക്ക് നോട്ടം മാറ്റി. കാണക്കാണേ അവന്റെ മിഴികൾ നിറഞ്ഞു നിറഞ്ഞു വന്നു.

ആ സമയമായിരുന്നു ഹരി കോണിപ്പടി കയറി മുകളിലേക്ക് വന്നത്. അകത്തേക്ക് കയറാതെ വരാന്തയിലെ തൂണിൽ ചാരി അവൻ പറയുന്നതെന്താണെന്നു ശ്രദ്ധിച്ചു അയാൾ നിന്നു. അതേസമയം മുറ്റം മുറിച്ചുകടന്ന് ശ്രീകാന്ത് പൂമുഖത്തേക്കു നടന്നു വരുന്നുണ്ടായിരുന്നു.

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

Share this story