ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05

എഴുത്തുകാരി: അമൃത അജയൻ


താഴെ കല്ലാണത്തിനെ കുറിച്ചുള്ള ചർച്ചകൾ തകൃതിയായി നടന്നു … മയിക്ക് അങ്ങോട്ടു പോകാൻ തോന്നിയില്ല …

അവൾ ബാൽക്കണിയിലേക്ക് നടന്നു … താഴെ ഓട് പാക്കിയ മുറ്റത്ത് ചാറ്റൽ മഴ കൊഴിച്ചിട്ട ഇലകളും രാത്രി മുല്ലയും വീണു ചിതറി കിടക്കുന്നത് നോക്കി അവൾ നിന്നു …

അവളാലോചിച്ചത് പ്രദീപിനെ കുറിച്ചാണ് …

കഴിയില്ല പ്രദീപ് … നിന്നിലേക്കെത്താൻ ഇനി എനിക്കാവില്ല .. നീയൊരിക്കലും എന്റെതായില്ലെങ്കിലും ഈ കാത്തിരുപ്പിന് ഒരു സുഖമുണ്ടായിരുന്നു .. രണ്ട് തുരുത്തുകളിലേക്ക് അകന്നു പോയിട്ടും മനസുകൊണ്ട് തമ്മിൽ സ്നേഹിച്ചിരുന്നതിന് ഒരു സുഖമുണ്ടായിരുന്നു .. ഇനി … ഇനി എനിക്കറിയില്ല … ഒന്നും …

അവളുടെ കണ്ണിലൂടെ നീർത്തുള്ളികൾ പെയ്തു …

പ്രദീപിനെ വിളിച്ച് പറയാം എന്നവൾ ആദ്യം കരുതി .. പിന്നെയത് വേണ്ടെന്ന് വച്ചു … വിവാഹം ക്ഷണിക്കാം … അത്രമതി …

ഒറ്റ രാത്രി കൊണ്ട് തനിക്ക് നഷ്ടപ്പെട്ടുപോയവൻ … നിമിഷങ്ങൾ കൊണ്ട് എല്ലാമെല്ലാമായിരുന്നവൻ ആരുമല്ലാതായി തീരുക … ചുടു കണ്ണുനീർ അവളുടെ കവിളിൽ വീണ് പൊള്ളി ….

ഇപ്പോൾ അന്യയായൊരു സുഹൃത്ത് … വല്ലപ്പോഴും മാത്രം സൗഹൃദം പുതുക്കുന്ന കൂട്ടുകാരി … എന്നിട്ടും എന്നിട്ടും ഇന്നും തമ്മിൽ പ്രണയിക്കുന്നു എന്ന് ഹൃദയം പറയുന്നു …

വല്ലപ്പോഴും വിളിക്കുമ്പോൾ കാത്തിരുന്നത് പോലെ അവനെടുക്കുന്ന കോളുകൾ … വാക്കുകൾ നഷ്ടപ്പെട്ട് മൗനം വാചാലമാകുന്ന ചെറിയ നിമിഷങ്ങൾ …

നൽകാതെ പോകുന്ന ചുംബനങ്ങളാൽ വിറകൊള്ളുന്ന ചുണ്ടുകൾ …

അവൾ കണ്ണുകൾ ഇറുകെയടച്ചു … ഇനി കാത്തിരിക്കാൻ പോലും തനിക്കവകാശമില്ലാതെയാകുന്നു …

രണ്ട് പേരും രണ്ടറ്റങ്ങളിലേക്ക് ..

അവൾ ചുണ്ടുകൾ തമ്മിലമർത്തി ദൂരേക്ക് നോക്കി നിന്നു ….

ഇടയ്ക്കെപ്പോഴോ , അവഗണിച്ചിട്ടും തന്റെ കണ്ണുമായി കോർത്ത നിഷിനെ ഓർമ വന്നു …

നിഷിനെ കുറിച്ച് തന്റെ ചിന്തകളൊക്കെ ശരിയാണോ ..?

അതോ … അയാളൊരു മീഡിയ മാനിയ ആണോ ….?

ചെയ്യുന്ന കാര്യങ്ങളൊക്കെ പത്താളെയറിയിച്ച് ടീവിയിലും പത്രത്തിലും ഒക്കെ തിളങ്ങി നിൽക്കുക … ഒരു ജോസഫ് അലക്സ് ആവുക എന്ന ഉദ്ദേശം മാത്രമേയുള്ളോ ?

തനിക്ക് ചെറുതെങ്കിലും പറയത്തക്ക സംശയം തോന്നിയത് ചഞ്ചലിന്റെ കാര്യത്തിലാണ് …

ഒരു ജേർണലിസ്റ്റ് എന്ന നിലക്ക് അയാളുടെ വ്യക്തിപരമായ കാര്യത്തിൽ തനിക്കിടപെടേണ്ട ഒരു കാര്യവുമില്ല .. പക്ഷെ ഇപ്പോ , താനതും അറിഞ്ഞല്ലേ പറ്റൂ …

ചഞ്ചലിന്റെ കാര്യത്തിൽ ഒരു വ്യക്തത ഉണ്ടാക്കി എടുക്കണമെന്ന് അവൾക്ക് തോന്നി .. പക്ഷെ എങ്ങനെ …? അവൾ ചിന്താമഗ്നയായി …

* * * * * * * * * * * * * * *

രാത്രി …..!

നിഷിൻ ബാൽക്കണിയിലിരുന്ന് ഫയലുകൾ നോക്കുകയായിരുന്നു ….

അടുത്ത് വസ്ത്രങ്ങളുലയുന്ന ശബ്ദം കേട്ടപ്പോൾ അവൻ തലയുയർത്തി നോക്കി …

അമ്മയാണ് ….

വീണ വന്ന് അവന്റെയടുത്തിരുന്നു …

” അവിടുന്ന് വിളിച്ചിരുന്നു .. ഇവിടെ ഒക്കെയാണെങ്കിൽ ബാക്കി തീരുമാനങ്ങൾ എടുക്കാം എന്നവർ അറിയിച്ചു .. ”

” എന്നിട്ട് അമ്മയെന്ത് പറഞ്ഞു …? ”

” നിന്നോട് സംസാരിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞു …..”

” എന്റെ അഭിപ്രായം ഞാൻ പറഞ്ഞതാണല്ലോ … ”

വീണ പുഞ്ചിരിച്ചു …

” എൻകേജ്മെന്റ്റ് വേണോ , വാക്കുറപ്പിച്ച് കല്യാണം തന്നെ നടത്തിയാൽ മതിയോ ….?” വീണ ചോദിച്ചു …

” അച്ഛനെന്ത് പറഞ്ഞു …? ”

” അച്ഛനും ആ കുട്ടിയുടെ വീട്ടുകാരും കൂടി സംസാരിച്ചത് , ഇനിയിപ്പോ കല്ല്യാണം മതിയെന്നാ … ”

” അതുമതി ….. എന്റെ ആവശ്യവും അത് തന്നെയാണ് ….”

” ഏ …….” വീണ മകനെ നോക്കി

” അല്ല … എന്റെ അഭിപ്രായവും അത് തന്നെയാണെന്ന് പറഞ്ഞതാ …. ” അവൻ പെട്ടന്ന് തിരുത്തി ….

” എന്നാൽ പിന്നെ നാളെ തന്നെ ഒരു ദിവസം തീരുമാനിച്ച് വാക്കുറപ്പിക്കാം ….”

” ആയിക്കോട്ടെ …….” അവൻ പറഞ്ഞു …

” നീ കിടന്നുറങ്ങ് മോനെ … രാവിലെ പോകാനുള്ളതല്ലേ ……”

” ങും …… ഗുഡ് നൈറ്റ് അമ്മ ..”

” ഗുഢ് നൈറ്റ് …..”

വീണ നടന്നു പോകുന്നത് ഒരു ചെറു മന്ദഹാസത്തോടെ അവൻ നോക്കിക്കൊണ്ടിരുന്നു …..

അപ്പോഴേക്കും ടീപ്പോയിലിരുന്ന ഫോൺ ശബ്ദിച്ചു … അവനത് എടുത്ത് നോക്കി ..

” ബ്രോക്കർ കാളിംഗ് …….”

അവൻ പെട്ടന്ന് ആ കാൾ സൈലന്റിലാക്കി … പിന്നെ ലിവിംഗ് റൂമിലേക്ക് ചെന്ന് താഴേക്ക് നോക്കി … വീണ സ്റ്റെപ്പിറങ്ങി പോകുന്നത് കണ്ടു കൊണ്ട് അവൻ തന്റെ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു …

പിന്നെ കോൾ അറ്റൻഡ് ചെയ്തു …

” എന്താടോ …..”

” സാറെ .. ആ കൊച്ചുമായിറ്റൊള്ള സാറിന്റെ കല്യാണം ഏകദേശം തീരുമാനം ആയല്ലോ … സാറ് ഏൽപ്പിച്ച പണി ബ്രോക്കർ ചന്ദ്രൻ വെടിപ്പായിട്ട് ചെയ്തിട്ടുണ്ട് … ഇനി … എനിക്ക് തരാമെന്ന് പറഞ്ഞത് തന്നാൽ ……” അയാൾ അവസാനം പറഞ്ഞത് അൽപം നീട്ടി ഭവ്യതയോടെ പറഞ്ഞു …

” താൻ ബ്രോക്കർ ഫീസ് അച്ഛന്റെ കൈയ്യിൽ നിന്നും വാങ്ങിയത് ഞാനറിഞ്ഞു … ”

” അത് …. അദ്ദേഹം നിർബദ്ധിച്ചപ്പോൾ ….”

” ഉവ്വ് …. ഉവ്വ് …..ആ വീട്ടിൽ നിന്നും താൻ വാങ്ങിക്കാണും….. ”

ചന്ദ്രൻ ഇളിഭ്യനായി …..

” എന്തായാലും ഞാൻ പറഞ്ഞ തുക , നാളെ രാവിലെ തനിക്ക് കിട്ടിയിരിക്കും … പക്ഷെ ഒരു കാര്യം ….. ഈ ഇടപാട് ഞാനും താനുമല്ലാതെ മൂന്നാമതൊരാൾ അറിയരുത് … ഒരിക്കലും … തനിക്ക് ഞാൻ പറഞ്ഞത് മനസിലായല്ലോ ” നിഷിന്റെ സ്വരത്തിൽ ഒരു ഭീഷണി മുഴച്ചു നിന്നു ….

” മനസിലായി സർ .. ഞാനാരോടും പറയില്ല …. ” ചന്ദ്രന്റെ സ്വരത്തിലെ പതർച്ച നിഷിൻ ഒരു ചെറു ചിരിയോടെ കേട്ടു …

” അപ്പോ ശരി .. നാളെ രാവിലെ … ” അത്രയും പറഞ്ഞിട്ട് നിഷിൻ ഫോൺ കട്ട് ചെയ്തു ….

അവന്റെ ചുണ്ടിൽ അപ്പോഴും നേർത്തൊരു പുഞ്ചിരി തത്തിക്കളിച്ചു …

ഒരു മൂളിപ്പാട്ടോടെ നിഷിൻ ഷെൽഫ് തുറന്ന് ഒരു ഫയൽ പുറത്തെടുത്തു .. അതിനുള്ളിലുണ്ടായിരുന്ന ഒരു ഫോട്ടോയിലേക്ക് അവൻ സാകൂതം നോക്കി …

അതിൽ ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്തിരുന്ന ആ മുഖത്തേക്ക് നോക്കി അവൻ മൃദുവായി ചിരിച്ചു ..

ആ മുഖം അവളുടേതായിരുന്നു …

* * * * * * * * * * * * * * * * *

പിറ്റേന്ന് തന്നെ ഇരു വീട്ടുകാരും ചേർന്ന് അടുത്ത ഞായറാഴ്ച വാക്കുറപ്പിക്കാമെന്ന് തീരുമാനമായി ..

ശനിയാഴ്ച തന്നെ തിരിച്ചെത്തുമെന്ന് ഉറപ്പ് കൊടുത്ത് മയി തിരുവനന്തപുരത്തേക്ക് തിരിച്ചു ..

* * * * * * * * * * * * * * * *

അരുണിന്റെ നിർത്താതെയുള്ള ചിരി നോക്കി കടിച്ചു പിടിച്ച് മയി ഇരുന്നു …

മറ്റുള്ളവർ കാര്യമറിയാതെ പരസ്പരം നോക്കി …..

ഒടുവിൽ ചിരി കടിച്ചമർത്തി അരുൺ പറഞ്ഞു …

” ലാസ്റ്റ് , ബാംഗ്ലൂർ ട്രിപ്പിൽ വച്ചും ഇവൾ പറഞ്ഞതാ , നിഷിനെ കുറിച്ച് എക്സ്‌ക്ലൂസീവ് ചെയ്യാൻ പോകുന്നെന്ന് … ഇനിയിപ്പോ കാര്യങ്ങളൊക്കെ എളുപ്പമായല്ലോ … എത്ര എക്സ്ക്ലൂസീവ് വേണമെങ്കിലും ചെയ്യാം .. ആള് കൂടെ തന്നെയില്ലേ … വിശദമായിട്ട് നേരിട്ട് തന്നെ ചോദിക്കല്ലോ ,……” അരുൺ പറഞ്ഞിട്ട് മയിയെ നോക്കി .. അവളുടെ ഇഞ്ചി കടിച്ചതു പോലെയുള്ള ഇരിപ്പ് കണ്ടിട്ട് അവൻ വീണ്ടും ചിരി തുടങ്ങി ..

” പക്ഷെ ഒരു കാര്യമുണ്ട് .. ഇനിയിപ്പോ ചേച്ചി എക്സ്ക്ലൂസീവ് എന്നു പറഞ്ഞ് എന്ത് തള്ളി വിട്ടാലും നാട്ട്കാര് വിശ്വസിച്ചോളും … ” വിശാലിന്റെതായിരുന്നു കമന്റ് …

മയി പെട്ടന്ന് ചെയറിൽ നിന്നെഴുന്നേറ്റു…

” നിങ്ങൾ നോക്കിക്കോ ..അയാളെന്റെ ആരായിട്ട് വന്നാലും ശരി .. ഞാൻ പറഞ്ഞത് ഞാൻ ചെയ്യും … മുന്നോട്ട് വച്ച കാല് ദയാമയി പിന്നോട്ട് വയ്ക്കില്ല … ” അവൾ ഉറക്കെ പ്രഖ്യാപിച്ചിട്ട് , കോമൺ റൂമിലേക്ക് പോയി …..

ഇത്തവണ എല്ലാവരുടെയും ചിരി മാഞ്ഞു .. അവർ പരസ്പരം നോക്കി …

* * * * * * * * * * * * * * * * *

ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി …

ശനിയാഴ്ച തന്നെ മയി തിരിച്ചു വീട്ടിൽ വന്നു …..

അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു ..

ബന്ധുക്കളെല്ലാവരും സന്തോഷത്തിലായിരുന്നു …

മയി എല്ലാം കണ്ടും കേട്ടും നിന്നു .. അവളുടെ മുഖത്തെ പ്രസരിപ്പില്ലായ്മ യമുന ശ്രദ്ധിച്ചു … അവളെ തനിച്ചു കിട്ടിയപ്പോൾ അവർ ഉപദേശിക്കുകയും ചെയ്തു …

രാത്രി സ്വാതിയും കിച്ചയും അവൾക്കൊപ്പമാണ് കിടന്നത് .. മയിയുടെ ചെറിയച്ഛന് രണ്ട് ആൺമക്കളാണ് .. അവരും സ്വരാജും സിറ്റൗട്ടിൽ സ്ഥാനം പിടിച്ചു …

പിറ്റേന്ന് …..

സ്വാതിയും കിച്ചയും പവനയും കൂടിയാണ് മയിയെ ഒരുക്കിയത് .. മയിയുടെ അച്ഛൻ ബാലകൃഷ്ണന്റെ ബന്ധുവാണ് പവന … അവർ ബ്യൂട്ടീഷൻ കൂടിയാണ് …

ഗ്രാന്റ് പർപ്പിൾ ലഹങ്കയായിരുന്നു മയിയുടെ വേഷം .. അതിന് മാച്ച് ചെയ്യുന്ന നെക്ലസും വളകളുമണിഞ്ഞു …

ചെറുക്കന്റെ വീട്ടുകാർ എത്തും മുൻപ് തന്നെ അവളെ ഒരുക്കി താഴെയുള്ള റൂമിൽ എത്തിച്ചു … യമുന മകളെ കൺകുളിർക്കെ കണ്ടു ….

കസിൻസുമെല്ലാം ചേർന്ന് ഒരു റൗണ്ട് ഫോട്ടോ എടുപ്പും കഴിഞ്ഞു ..

പത്തര മണിയോടെ അതിഥികൾ എത്തി … നിഷിനും അമ്മയും അച്ഛനും ഏട്ടനും ഏട്ടന്റെ ഭാര്യയും കുഞ്ഞും , മറ്റു ചില ബന്ധുക്കളുമൊക്കെയാണ് അവരുടെ ഭാഗത്തു നിന്നുണ്ടായിരുന്നത് …

യമുനയും മനീഷയും എല്ലാവരും ചേർന്ന് അതിഥികളെ സ്വീകരിച്ചു … ഹരിത , നേരെ മയി നിന്ന റൂമിലേക്ക് കയറി ചെന്നു ..

ഹരിതയെ കണ്ടപ്പോൾ മയി ചിരിയോടെ ചെന്ന് കൈപിടിച്ചു …

” നമ്മുടെ ഫാമിലിയിലെ ഏറ്റവും പ്രധാനപ്പെട്ടയാൾ വന്നിട്ടുണ്ട് .. നമ്മുടെ നാത്തൂൻ .. ”

” നിവാ …….” പറഞ്ഞിട്ട് ഹരിത പുറത്തേക്ക് നോക്കി വിളിച്ചു ….

മയി ചിരിയോടെ വാതിൽക്കലേക്ക് നോക്കി …

അപ്സരമോളെ ഒരു കൈയിൽ പിടിച്ച് നടത്തിക്കൊണ്ട് , പിങ്ക് ലഹങ്കയണിഞ്ഞ വെളുത്തു മെലിഞ്ഞൊരു പെൺകുട്ടി ചിരിയോടെ റൂമിലേക്ക് കയറി വന്നു …

അവളെ കണ്ടതും ദയാമയിയുടെ കണ്ണുകൾ വിടർന്നു …..

അകത്തേക്ക് വന്ന പെൺകുട്ടിയും ഏട്ടന്റെ പ്രതിശ്രുത വധുവിനെ കണ്ട് അമ്പരന്നു ……  (തുടരും)

NB : കഥ ത്രില്ലിംഗ് ആണ് എന്നാണ് എന്റെ വിശ്വാസം … തുറന്ന അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു …

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.

Share this story