ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06

എഴുത്തുകാരി: അമൃത അജയൻ


മയി വീണ്ടും വീണ്ടും ആ പെൺകുട്ടിയെ കൺനിറയെ നോക്കി .. അവൾ തന്നെ .. അന്ന് ഹോട്ടലിൽ വച്ച് കണ്ട അതേ പെൺകുട്ടി …. ഒരു നിമിഷം അവളിലൂടെ ഒരു മിന്നൽ മാഞ്ഞു പോയി…

നിവയുടെ അവസ്ഥയും വ്യത്യസ്ത്ഥമല്ലായിരുന്നു … ഏട്ടന്റെ പ്രതിശ്രുത വധുവിന്റെ സ്ഥാനത്ത് ഒരിക്കലും മയിയെ കാണുമെന്ന് അവൾ പ്രതീക്ഷിച്ചില്ല …. അടിമുടി ഒരു ഭയം അവളെയും ത്രസിച്ചു ….

” ഇതാണ് നിവ …. നവീണേട്ടനും നിഷിനും കൂടി ആകെയുള്ളൊരു പെങ്ങൾ .. നമ്മുടെ ഒരേയൊരു നാത്തൂൻ … ഇവൾ ബാംഗ്ലൂരാ .. പെണ്ണ് കാണാൻ വന്നപ്പോ പറഞ്ഞിരുന്നല്ലോ .. അന്നിവൾക്ക് എക്സാം ആയിരുന്നത് കൊണ്ട് നാട്ടിൽ വരാൻ കഴിഞ്ഞില്ല …. ” ഹരിത ചിരി വിടാതെ പറഞ്ഞു …

മയി യാന്ത്രികമായി തല ചലിപ്പിച്ചു …

” നീയെന്താടി പന്തം കണ്ട പോലെ നിൽക്കുന്നേ .. ഇങ്ങോട്ടു വരുമ്പോ എന്തൊക്കെയായിരുന്നു വീമ്പിളക്കൽ ….” ഹരിത ശബ്ദം താഴ്ത്തി നിവയോട് ചോദിച്ചു …

” ഹ്മ് …. അത് പരിചയക്കുറവിന്റെയാ …. കുറച്ച് കഴിയുമ്പോ കാണാം …… ” അങ്ങോട്ടു വന്ന വീണ അതേറ്റു പിടിച്ചു ….

മയി മുന്നോട്ട് ചെന്ന് അവളുടെ കരം ഗ്രഹിച്ചു … സമചിത്തതയോടെ രംഗം കൈകാര്യം ചെയ്യണമെന്ന് മയിയുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു ..,

നിവയുടെയും മയിയുടെയും കണ്ണുകൾ തമ്മിലിടഞ്ഞു … ആദ്യത്തെ ഞെട്ടലും അമ്പരപ്പും ഒഴിയുന്നതിനപ്പുറം അവളിൽ ഏത് വികാരമാകും ഉടലെടുക്കുക എന്ന് മയി ആലോചിച്ചു … ഇന്നവർ പിരിഞ്ഞു പോകും മുൻപ് തന്നെ തനിക്കത് തിരിച്ചറിയാൻ കഴിഞ്ഞേക്കുമെന്നും മയിക്കറിയാമായിരുന്നു …

” വാ …. ” മയി ചിരി വിടാതെ അവളെ വിളിച്ചു …

” ബാംഗ്ലൂരിൽ ഏത് കോർസാ ചെയ്യുന്നേ …. ” കിച്ച അവൾക്കടുത്തേക്ക് വന്നു ചോദിച്ചു …

” ഫാഷൻ ഡിസൈനിംഗ് ……” അവർ മെല്ലെ പറഞ്ഞു …

നിവയുടെ മുഖത്തെ തെളിച്ചമില്ലായ്മ ഹരിത ശ്രദ്ധിച്ചു …

ഇവൾക്കിത് എന്ത് പറ്റിയെന്ന് എത്ര ആലോചിച്ചിട്ടും ഹരിതക്ക് മനസിലായില്ല ..

” എങ്കിൽ പിന്നെ ചടങ്ങ് തുടങ്ങാം …. മോളെ വിളിക്ക് …. ” ഹരീന്ദ്രൻ അങ്ങോട്ടു വന്നു പറഞ്ഞു …

ഹരിതക്കും നിവയ്ക്കുമൊപ്പം ദയാമയി ഇറങ്ങി വന്നു … പിന്നാലെ സ്വാതിയും കിച്ചയും മനീഷയും എല്ലാവരും ഉണ്ടായിരുന്നു …

വലിയ ഹാളിലെ , രണ്ട് സോഫാ ചടങ്ങിനു വേണ്ടി മാറ്റിയിട്ടിരുന്നത് കൊണ്ട് ,ആവശ്യത്തിലധികം സ്ഥലമുണ്ടായിരുന്നു ..

ജാതക കൈമാറ്റം മാത്രമായത് കൊണ്ട് പെണ്ണിനും ചെറുക്കനും വലിയ റോളൊന്നുമില്ല ..

ഹാളിലേക്ക് കടന്നു വരുന്നവർക്കിടയിൽ സ്വരാജിന്റെ കൈപിടിച്ച് കയറി വരുന്ന നിഷിന്റെ മുഖത്തേക്ക് അവളുടെ നോട്ടം വീണു…. അവന്റെ കണ്ണുകളും അവളുടെ മുഖത്തായിരുന്നു … അവൾ പെട്ടന്ന് നോട്ടം പിൻവലിച്ചു …

തന്റെ ലഹങ്കക്ക് മാച്ചായ ഗ്രാൻറ് പർപ്പിൾ കുർത്തിയും മുണ്ടുമായിരുന്നു അവന്റെയും വേഷം …

അതെങ്ങനെ സംഭവിച്ചെന്ന് അവൾക്ക് മനസിലായില്ല … അവൾ സ്വാതിയോടും കിച്ചയോടും ചോദിക്കാനായി തിരിഞ്ഞു നോക്കി …

പക്ഷെ ആടു കിടന്നിടത്ത് പൂടപോലുമില്ലായിരുന്നു …

ഈ രണ്ടെണ്ണം എങ്ങോട്ട് അപ്രത്യക്ഷമായി … അവളമ്പരന്ന് ചുറ്റും നോക്കി …

അപ്പോഴുണ്ട് രണ്ടാളും നിഷിന്റെയടുത്ത് നിന്ന് ചിരിച്ച് വർത്തമാനം പറയുന്നു … അവനും അവരോടു കാര്യമായ സംസാരത്തിലാണ് …

നിഷിനെ അടുത്തേക്ക് വന്ന നവീണിന് രണ്ടാളും ഷേക്ക് ഹാൻറ് കൊടുക്കുന്നു … അപ്പോഴാണ് അവൾ നവീന്റെയും ഹരിതയുടേയും ഡ്രസ് ശ്രദ്ധിച്ചത് … ലൈറ്റ് ഗ്രീൻ കളർ കുർത്തിയും മുണ്ടുമാണ് നവീന്റെ ഡ്രസ് … സെയിം കളർ സാരിയാണ് ഹരിതയുടേതും …

താനറിയാതെ ഇവിടെ പലതും നടക്കുന്നുണ്ടെന്ന് മയിക്ക് തോന്നി … എല്ലാവരും പോയി കഴിഞ്ഞ് രണ്ടെണ്ണത്തിനെ ക്വസ്റ്റ്യൻ ചെയ്യണമെന്ന് അവൾ മനസിൽ കുറിച്ചു …

പിന്നീട് ചടങ്ങായിരുന്നു … കാരണവന്മാർ ജാതക കൈമാറ്റം നടത്തി .. വാക്കുറപ്പിച്ചു … മോതിരം മാറ്റമില്ലായിരുന്നു …. എങ്കിലും വീണ മുന്നോട്ടു വന്നു , മയിയുടെ കഴുത്തിൽ ഒരു നെക്ലസ് അണിയിച്ചു കൊടുത്തു …. ഒപ്പം ആ നെറ്റിയിലൊരുമ്മയും …. എന്തുകൊണ്ടോ മയിയുടെ ഹൃദയത്തിൽ ഒരു കുളിർ പെയ്തിറങ്ങി ….

പിന്നീട് ജ്യോത്സ്യനെ കൊണ്ട് തീയതി കുറിപ്പിച്ചു …

വരുന്ന മേടം 12 ന് ….. പത്തിനും പത്തരയ്ക്കുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ വിവാഹം നടത്താൻ തീരുമാനമായി …

മാതൃക വിവാഹമായിരിക്കണം തന്റേതെന്ന നിഷിന്റെ നിലപാടിനോട് ഇരു വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നില്ല … ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാനിധ്യത്തിൽ വിവാഹം … വിവാഹ സദ്യ അനാഥാലയത്തിൽ വച്ച് … ഈവനിംഗ് റിസപ്ഷനും ആർഭാടരഹിതമായിരിക്കണമെന്ന് അവൻ പറഞ്ഞു…

എല്ലാവർക്കും അതിൽ സന്തോഷമേയുണ്ടായിരുന്നുള്ളു ..

ഒരു നിബന്ധനകൂടി അവൻ വച്ചു …

” സ്ത്രീധനം എന്ന പേരിൽ , കുറേ സ്വർണവും പണവും , കാറും ഫ്രിഡ്ജും ടീവിയും വാഷിംങ് മെഷീനുമൊന്നും കൊണ്ടു വരരുത് … അതെല്ലാം ഒഴിവാക്കണം … ”

അത് യമുനക്കൊരൽപം നിരാശയുണ്ടാക്കി .. സർവാഭരണ വിഭൂഷിതയായി അവൾ പടിയിറങ്ങുന്നത് കാണാൻ അവർ ഒരു പാട് മോഹിച്ചിരുന്നു …

” സ്ത്രീധനമായിട്ടല്ല മോനെ … ഞങ്ങളുടെയൊരു സന്തോഷത്തിന് … അവൾക്കു കൊടുക്കുന്ന സമ്മാനമായി കരുതിയാൽ മതി …

” ഒക്കെ … അത് പക്ഷെ വളരെ കുറച്ച് ആഭരണങ്ങളിൽ ഒതുക്കാമല്ലോ … പിന്നെയും കൊടുക്കാൻ തോന്നുന്നുണ്ടെങ്കിൽ അതവളുടെ തന്നെ അക്കൗണ്ടിൽ ഇട്ടു കൊടുക്കാമല്ലോ .. എനിക്കതിന്റെ ഒരു പങ്കും വേണ്ട … ”

ഹരിക്കും ദേവനും അവനോടു മതിപ്പു തോന്നി … നല്ലൊരു ജീവിതമാണ് തന്റെ മകൾക്ക് കിട്ടുന്നതെന്ന് യമുനയുടെ മനസും പറഞ്ഞു …

ദയാമയിക്കു മാത്രം അതെല്ലാം ജനങ്ങൾക്കിടയിൽ ഹീറോയാകാനുള്ള നിഷിന്റെ നമ്പറായി തോന്നി …

കാര്യങ്ങളിലെല്ലാം തീരുമാനമായ ശേഷം അവർ പോകാനിറങ്ങി ….

മയിയുടെ നോട്ടം നിവയിലായിരുന്നു … അവൾ മുന്നേ തന്നെ മുറ്റത്തിറങ്ങി നിന്നു … മയിയോട് യാത്ര പറയാൻ പോലും അവൾ തയ്യാറായില്ല …

ഹരിത മയിയോടു യാത്ര പറഞ്ഞു … അപ്സര മയിക്കൊരുമ്മയും കൊടുത്തു ..

അവർ യാത്രയായ ശേഷം ഹരീന്ദ്രനും ദേവനും അകത്തേക്ക് വന്നു ..

” നിന്റെ ഭാഗ്യമാ മോളെ അവൻ .. ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു ചെറുപ്പക്കാരനെ കിട്ടാൻ പുണ്യം ചെയ്യണം ….”

” ഹരി മാമാ … ഇന്നത്തെ കാലത്താണ് ഇങ്ങനെ ചിന്തിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിയത് .. ഇതിപ്പോ ഇയാൾ പറഞ്ഞില്ലാരുന്നെങ്കിലും എന്റെ തീരുമാനം ഇത് തന്നെയായിരുന്നു .. സ്ത്രീധനമായിട്ട് അഞ്ചിന്റെ പൈസ കൊടുക്കാൻ ഞാൻ സമ്മതിക്കത്തില്ലായിരുന്നു … ” അവൾ പറഞ്ഞു …

” ഇയാളൊ …….” മനീഷ അവളുടെ നേർക്ക് കണ്ണുരുട്ടി ..

” സോറി … നിഷിൻ … ” അവൾ താത്പര്യമില്ലാതെ പറഞ്ഞു ..

സ്വാതിയും കിച്ചയും അവൾക്കടുത്തേക്ക് വന്നു …. അവൾ രണ്ട് പേരെയും ഗൗനിക്കാതെ മുകളിലേക്ക് കയറിപ്പോയി …

* * * * * * * * * * * * * *

കാറിലിരിക്കുമ്പോളും നിവയുടെ മുഖം വീർത്തിരുന്നു … അപ്സരയോട് പോലും അവൾ സംസാരിച്ചില്ല …

” എന്ത് പറ്റി എന്റെ പൊന്നനുജത്തിക്ക് …” നിഷിൻ ഡ്രൈവിംഗിനിടയിൽ , മിററിലൂടെ പിന്നിലേക്ക് നോക്കി ചോദിച്ചു …

” ഒന്നൂല്ലേട്ടാ … … ഒരു തലവേദന …..” അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് , പുറത്തേക്ക് മിഴിനട്ടിരുന്നു …

” അതെന്താ പെട്ടന്ന് തലവേദന …. അങ്ങോട്ടു പോയപ്പോൾ ഒന്നുമില്ലയിരുന്നല്ലോ ….” അവളുടെ അടുത്തിരുന്ന വീണ ചോദിച്ചു ..

” അറിയില്ല … ” പറത്തിട്ട് അവൾ മുഖം തിരിച്ചു കളഞ്ഞു ….

പിന്നീട് വീടെത്തുന്നത് വരെ എല്ലാവരും നിശബ്ദരായിരുന്നു …

നിവയുടെ മനസ് കലുഷിതമായിരുന്നു … മയി തന്റെ ഏട്ടന്റെ ഭാര്യയായി വരുന്നത് അപകടമാണ് … പ്രത്യേകിച്ച് തന്നെ കൊടൈക്കനാലിൽ വച്ച് ബെഞ്ചമിനൊപ്പം കണ്ടത് .. അവളും നല്ലവളല്ല… ആരുടേയോ കൂടെ കൊടൈക്കനാലിൽ വന്നവളാണ് അവൾ … പക്ഷെ അത് പറഞ്ഞാൽ , ഞാനത് എങ്ങനെ അറിഞ്ഞു എന്ന ചോദ്യം വരും …. ഒരു കാരണവശാലും മയി തന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പാടില്ല … അതിന് എന്തെങ്കിലും ഉടനേ ചെയ്തേ പറ്റൂ .. വന്നാൽ തന്റെ കാര്യം അപകടത്തിലാകും …. അവൾ മനസിൽ പലതും ആലോചിച്ചു കൊണ്ടിരുന്നു …

‘ നീലാഞ്ജനം ‘ എന്ന് ഗേറ്റിൽ , മാർബിളിൽ കൊത്തി വച്ച ആ വലിയ വീടിന്റെ ഗേറ്റ് കടന്ന് രണ്ട് കാറുകളും വന്നു നിന്നു … നിഷിൻ ഓടിച്ച കാറാണ് ആദ്യം വന്നത് .. പിന്നാലെ നവീന്റെ കാറും….

നിഷിൻ കാർ നിർത്തിയ പാടെ നിവ ഡോർ തുറന്നിറങ്ങി , സിറ്റൗട്ടിലെക്ക് പോയി തൂണിൽ ചാരി നിന്നു ….

അത് കൂടിയായപ്പോൾ എല്ലാവർക്കും ഒരു പന്തികേട് തോന്നി …

വീണ ചെന്ന് , ഡോർ തുറന്നു … തുറന്ന പാടെ വീണയെ തള്ളിമാറ്റി നിവ അകത്തേക്ക് കയറിപ്പോയി ….

രാജശേഖരും ആൺമക്കളും പരസ്പരം നോക്കി … ഹരിതയും ഒന്നും മനസിലാകാതെ അകത്തേക്ക് കയറി ചെന്നു …..

നിഷിൻ പിന്നാലെ ചെന്നപ്പോഴേക്കും , നിവ സ്റ്റെയർ കയറി പോകുകയായിരുന്നു ..

” വാവേ ….. ഇവിടെ വാ … ” നിഷിൻ വിളിച്ചു …

അവൾ ഒന്ന് നിന്നിട്ട് വീണ്ടും സ്റ്റെപ് കയറി …

” നിവാ ……..” അവന്റെ ഒച്ചയുയർന്നു ….

ഇത്തവണ അവൾ നിന്നു ..

” താഴെ വാ …” അവൻ കർക്കശമായി പറഞ്ഞു ….

ഒന്ന് നിന്ന ശേഷം അവൾ മെല്ലെ താഴേക്കിറങ്ങി വന്നു ….

രാജശേഖറും നവീനും ഹരിതയുമെല്ലാം അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ….

അവൾ ഇറങ്ങി വന്ന് , സ്റ്റെയറിന്റെ റെയിലിലേക്ക് തന്നെ ചാരി നിന്നു …

നിഷിൻ അവൾക്കടുത്തേക്ക് ചെന്നു…. മെല്ലെ അവളുടെ താടി പിടിച്ചുയർത്തി …

” എന്താ ഏട്ടന്റെ വാവച്ചിക്ക് പറ്റിയെ … ഏട്ടനോട് പറ …..”

അവൾ മുഖം വീർപ്പിച്ചു നിന്നതേയുള്ളു …

” വാവേ ….” അവൻ വിളിച്ചു ..

” ആ പെണ്ണ് വേണ്ട .. എനിക്കവളെ ഇഷ്ടായില്ല …. ഈ കല്ല്യാണം വേണ്ടേട്ടാ…… ” അവൾ വാശിയോടെ ഏട്ടനെ നോക്കി …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

Nb : ഇതൊരു ത്രില്ലർ ആണോ എന്ന് ചോദിച്ചവരോട് ആണ് … പച്ചയായ കുടുംബ കഥയുണ്ട് … ഒപ്പം ഒരു സസ്പെൻസ് ത്രില്ലറും … മാധ്യമ പ്രവർത്തകയും IAS ഉം ഒക്കെ ചിത്രത്തിൽ വന്നത് കൊണ്ട് പലർക്കും കൺഫ്യൂഷനുണ്ടാകും … കൂടുതൽ പറഞ്ഞ് സസ്പെൻസ് പൊളിക്കുന്നില്ല … നിഷിൻ വില്ലനാണോ എന്ന് ചോദിക്കുന്നവരോട് … നിങ്ങൾ തന്നെ കണ്ടു പിടിക്കു … നിഷിന്റെ ഓരോ ചലനങ്ങളിലും ഞാൻ ക്ലൂ ഇടുന്നുണ്ട് ..

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.

Share this story