ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07

എഴുത്തുകാരി: അമൃത അജയൻ


നിഷിൻ അനുജത്തിയെ മനസിലാകാതെ നോക്കി ….

മറ്റുള്ളവർക്കും അമ്പരപ്പ് ആയിരുന്നു .. വിവാഹം വാക്ക് പറഞ്ഞ് ഉറപ്പിച്ചു വന്നപ്പോൾ അവൾ പറയുന്നു അത് വേണ്ടെന്ന് ….

” വാവേ …. നിന്റെ കുറുമ്പ് കൂടുന്നുണ്ട് … ഇതെന്താ തമാശയാണോ ….?” വീണ ദേഷ്യത്തിൽ ചോദിച്ചു ..

” എനിക്കിഷ്ടായില്ല … അവളെ എനിക്കിഷ്ടപ്പെട്ടില്ല …..”

” എന്താ അതിന് കാരണം …..” നവീണാണ് ചോദിച്ചത് …

അവളൊന്ന് പതറി …

” എനിക്കവളെ ഇഷ്ടായില്ല .. ഏട്ടന് ഒട്ടും ചേരില്ല …. ” അവൾ വീറോടെ പറഞ്ഞു …

” ആ കുട്ടിക്ക് എന്താ ഒരു കുറവ് … ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ടു .. നീയും അന്ന് ഫോട്ടോ കണ്ടിട്ട് ഇഷ്ടമായി എന്നല്ലേ ഹരിതയോട് പറഞ്ഞത് …..” വീണ അവൾക്കു മുന്നിൽ വന്നു നിന്നു …

നിവയുടെ നാവടഞ്ഞു … അവളാ സംഭവം ഓർത്തെടുത്തു … കൊടൈക്കനാലിലേക്ക് പോകാൻ വണ്ടിയിലിരിക്കുമ്പോഴാണ് ഹരിത ഫോട്ടോ വാട്സപ് ചെയ്തത് .. താനാ സമയത്ത് ഗ്യാലറിയിലെ വേണ്ടാത്ത ഫോട്ടോസൊക്കെ ഡിലീറ്റ് ചെയ്യുകയായിരുന്നു … കൊടൈക്കനാലിൽ നിന്ന് ഫോട്ടോസും വീഡിയോസും ഒരുപാട് എടുക്കാനുണ്ടാവും എന്നുള്ളത് കൊണ്ട് … അക്കൂട്ടത്തിൽ അതും ഡിലീറ്റായി … അപ്പോഴാണ് ഹരിതയുടെ കാൾ വന്നത് … രാത്രി ഏഴു മണി .. വണ്ടി സ്റ്റോപ് ചെയ്യിച്ചിട്ടാണ് ഹരിതയോട് സംസാരിച്ചത് .. വാഹനത്തിന്റെ ശബ്ദം കേൾക്കാതിരിക്കാൻ … ആ കോൾ പെട്ടന്ന് ഒഴിവാക്കാൻ വേണ്ടി ഫോട്ടോ ഡിലീറ്റ് ആയ കാര്യം മറച്ചു വച്ചു , ഇഷ്ടപ്പെട്ടന്ന് പറയുകയും ചെയ്തു …

” ഫോട്ടോയിൽ കണ്ട പോലെയല്ല . . നേരിട്ട് കണ്ടപ്പോ …” അവൾ പറഞ്ഞു ..

” അത് ശരിയാ … ഫോട്ടോയിലുള്ളതിനെക്കാൾ ഭംഗിയുണ്ട് നേരിട്ട് കാണാൻ … ” ഹരിത പറഞ്ഞു …

നിവ അവളെ തുറിച്ചു നോക്കി …

” നിവാ …. നിന്റെ കുട്ടിക്കളി മതിയാക്കി പോയേ …. നിശ്ചയിച്ചുറപ്പിച്ച കല്യാണം വേണ്ടത്രേ ……..” വീണ അവളെ വഴക്ക് പറഞ്ഞു …..

നിഷിൻ എല്ലാം കേട്ടിട്ടും അവളെ തന്നെ നോക്കി മിണ്ടാതെ നിന്നതേയുള്ളു ….

” ഈ കല്യാണം നടത്താനാ തീരുമാനമെങ്കിൽ ഞാനുണ്ടാവില്ല മാര്യേജിന് … ഞാൻ ഹോസ്റ്റലിൽ പോയി നിക്കും …” അവൾ തന്റെ ആവനാഴിയിലെ ബ്രഹ്മാസ്ത്രമെടുത്തു …

ഇത്തവണ എല്ലാവരും ഒന്നു നടുങ്ങി …

” കേട്ടില്ലേ രാജേട്ടാ ഇവൾ പറയുന്നത് … ഇവൾടെ കുഴപ്പം എന്താന്ന് ചോദിക്ക് ….” വീണ ഭർത്താവിനെ നോക്കി പറഞ്ഞു ..

” അമ്മേ …..” നിഷിൻ തടഞ്ഞു ..

” നീ മിണ്ടാതിരിക്ക് .. എല്ലാറ്റിനും നിങ്ങൾ മൂന്നാളും വളം വച്ചു കൊടുത്തിട്ടാ .. എത്ര നിസാരമായിട്ടാ അവളൊരു വിവാഹം വേണ്ട എന്ന് പറയുന്നത് … ” വീണക്ക് അരിശം അടക്കാനായില്ല …

” അമ്മേ .. അവളോട് ഞാൻ സംസാരിക്കാം … വെറുതെ സംസാരിച്ച് വഷളാക്കണ്ട ….” നിഷിൻ ഇടപെട്ടു …

” വാവേ … നീ പൊയ്ക്കോ …..” നിഷിൻ നിവയോടായി പറഞ്ഞു ..

അവളവനെ ഒന്ന് നോക്കി …

അവൻ ഒന്നു കൂടി പോകാൻ ആംഗ്യം കാണിച്ചു ….

അവൾ ഒന്ന് നിന്നിട്ട് മിണ്ടാതെ സ്റ്റെപ് കയറി പോയി ….

” ഇവളെന്താ ഇങ്ങനെയൊക്കെ പറയുന്നേ …. ” വീണ രാജശേഖർനെ നോക്കി …

” കുശുമ്പ് …. പെണ്ണല്ലേ ഇനം … തന്നേക്കാൾ സുന്ദരിയായ പെണ്ണിനെ കണ്ടപ്പോ ചെറിയൊരു കുശുമ്പ് ….” രാജശേഖർ പൊട്ടിച്ചിരിച്ചു …

എല്ലാവർക്കും അത് തന്നെയാവും കാരണം എന്ന് തോന്നി ….

” നീ വിഷമിക്കണ്ട … നമുക്ക് പറഞ്ഞു കോംപ്രമൈസ് ആക്കാം … ” നവീൻ വന്നു നിഷിന്റെ തോളിൽ തട്ടി ..

* * * * * * * * * * * * *

” അനിയത്തിക്ക് ഇച്ചിരി കുഴപ്പം കൂടുന്നുണ്ട് …. ”
റൂമിൽ വന്നപ്പോൾ ഹരിത നവീനോട് വെട്ടിത്തുറന്നു പറഞ്ഞു …

” അവള് ചെറിയ കുട്ടിയല്ലേ … എന്തെങ്കിലും മണ്ടത്തരം പറയുന്നതാ .. ” നവീൻ നിസാരവത്കരിച്ചു …

” എന്തോ എനിക്കങ്ങനെ തോന്നിയില്ല … തീരെ ചെറിയ കുട്ടിയൊന്നും അല്ലല്ലോ .. പതിനെട്ട് വയസില്ലെ .. ഒരു മാര്യേജ് ഫിക്സ് ചെയ്തിരിക്കുന്നതിന്റെ സീരിയസ്നെസ് ഒക്കെ അവൾക്കറിയാം .. ഇത് വേറെന്തോ ആണ് … അവിടെ ചെന്ന് മയിയെ കണ്ടപ്പോൾ മുതൽ അവളുടെ മാറ്റം ഞാൻ ശ്രദ്ധിച്ചതാ …..”

” അത് അച്ഛൻ പറഞ്ഞതാ കാര്യം … ചെറിയൊരു കുശുമ്പ് …..”

” അപ്പോ നമ്മുടെ വിവാഹത്തിനും അവളിങ്ങനെ പറഞ്ഞിരുന്നോ…..”

” ഏയ് … അന്ന് അങ്ങനെയൊന്നും പറഞ്ഞില്ല … ” നവീൻ നിഷ്കളങ്കമായി പറഞ്ഞു …

” അതെന്താ … അതിനർത്ഥം എനിക്ക് അവളുടെ അത്ര പോലും ഭംഗിയില്ലെന്നാണോ …..” ഹരിതയുടെ മുഖം ചുവന്നു …

നവീന് അപ്പോഴാണ് ഹരിതയുടെ ചോദ്യത്തിലേയും തന്റെ മറുപടിയിലെയും കൊനഷ്ട് മനസിലായത് …

” എന്റെ പൊന്ന് ഹരിതേ .. ഞാനുദ്ദേശിച്ചത് അവൾക്ക് എന്നേക്കാൾ അടുപ്പം നിഷിനോടാണ് … ഞാനും വാവേം തമ്മിൽ 15 വയസിന്റെ ഡിഫറൻസ് ഉണ്ട് .. അവർ തമ്മിൽ പന്ത്രണ്ടും … ഇടക്ക് ഞാൻ സ്റ്റഡീസിന് ഹോസ്റ്റലിൽ ആയിരുന്നപ്പോ നിഷിൻ അവളുടെ കൂടെ നാട്ടിലുണ്ടായിരുന്നു … എന്തോ , പെട്ടന്ന് അവൻ അകന്ന് പോകും എന്നൊക്കെ തോന്നിയപ്പോൾ ഉള്ളൊരു ഫ്രസ്ട്രേഷൻ ആണവൾക്ക് … നീ കൂടി ചേർന്ന് വേണം അത് മാറ്റി എടുക്കാൻ .. വെറുതേ അവളോട് ഗുസ്തി പിടിക്കല്ലേ .. നീയവളുടെ അമ്മയുടെ സ്ഥാനത്താ… നീയവളെ കുറ്റപ്പെടുത്തരുത് .. പറഞ്ഞ് തിരുത്തി കൊടുക്കുകയാ വേണ്ടത് ” അവൻ ഹരിതയെ തിരുത്തി ..

” ഞാൻ വെറുതേ പറഞ്ഞതല്ലേ നവീണേട്ടാ… ഞാനവളെ അങ്ങനെ തന്നെയല്ലേ കണ്ടിട്ടുള്ളു … ” ഹരിത പെട്ടന്ന് വിഷയം മാറ്റി ….

അവൾക്കറിയാം അനുജത്തിയുടെ കാര്യം പറഞ്ഞ് ഏട്ടന്മാരോട് തർക്കിക്കുന്നത് വെള്ളത്തിൽ വരച്ച വര പോലെയാണെന്ന് … അത് കൊണ്ട് അവളാ വിഷയം വിട്ടു ..

* * * * * * * * * * * * * * * * * * *

സ്വാതിയും കിച്ചയും എന്തൊക്കെ ചോദിച്ചിട്ടും മയി അവരോടൊന്നും മിണ്ടിയില്ല ….

” ചേച്ചി എന്തിനാ ഞങ്ങളോട് മിണ്ടാതിരിക്കുന്നേ ……” സ്വാതി മുഖം വീർപ്പിച്ചു …

അലമാരയിലേക്ക് വസ്ത്രം മടക്കി വച്ചു കൊണ്ടിരുന്ന മയി , തിരിഞ്ഞ് അവളെ രൂക്ഷമായി നോക്കി … എന്നിട്ട് ജോലി തുടർന്നു …

” ശ്ശെടാ …. ഞങ്ങൾ തെറ്റായിട്ടെന്തെങ്കിലും ചെയ്തോ … ഇതെന്ത് കൂത്ത് ….” കിച്ചക്ക് ദേഷ്യം വന്നു ..

അവൾ ചെന്ന് മയി മടക്കി വച്ചിരുന്ന ഡ്രസ് വാരി കുടഞ്ഞിട്ടു …. മയിക്കത് കണ്ടപ്പോൾ വിറച്ച് വന്നു …

അവൾ കൈവീശി കിച്ചക്ക് ഒന്ന് കൊടുത്തു .. തോളിലേക്കാണ് കൈവീശിയതെങ്കിലും കൊണ്ടത് അവളുടെ കവിളത്തായിരുന്നു …

” ആ ………..” കിച്ച കവിൾ പൊത്തി നിലവിളിച്ചു കൊണ്ട് ബെഡിലേക്ക് കമഴ്ന്നു വീണു….

മയിയും പതറി പോയി … കരണത്ത് കൊള്ളുമെന്ന് അവൾ പ്രതീക്ഷിച്ചില്ല …

” കിച്ചേച്ചീ …..”

സ്വാതി ചെന്ന് കിച്ചയെ വലിച്ചെഴുന്നേൽപ്പിച്ചു … അവൾ കവിൾ പൊത്തിക്കൊണ്ട് എഴുന്നേറ്റിരുന്നു …

സ്വാതി അവളുടെ കൈ പിടിച്ച് മാറ്റി നോക്കി ….

” ദൈവമേ … ദേ തിണർത്തു …..” സ്വാതി അവളുടെ കവിളത്തു നോക്കി പറഞ്ഞു …

മൂന്നു വിരൽ പതിഞ്ഞു കിടക്കുന്നത് മയിയും കണ്ടു …. അവൾ നാക്ക് കടിച്ചു ..

” ചേച്ചി എന്ത് പണിയാ കാണിച്ചേ …” സ്വതി മയിയെ നോക്കി കലിപ്പിച്ചു …

” സോറി ……” മയി ആർക്കോ വേണ്ടി പറയുന്ന പോലെ പറഞ്ഞു …

കിച്ച അപ്പോഴും ഒന്നും മിണ്ടാതെ മയിയെ തുറിച്ചു നോക്കിയിരുന്നു …

” ചേച്ചിയെന്തിനാ ഞങ്ങളോട് ദേഷ്യപ്പെടുന്നേ .. ”

” അയാളെങ്ങനെ അറിഞ്ഞു എന്റെ ഡ്രസിന്റെ കളർ .. പിന്നെ ചടങ്ങിനിറങ്ങിയപ്പോ നിങ്ങളെന്തിനാ അയാൾടെ അടുത്ത് ഇളിച്ചോണ്ട് പോയി നിന്നത് …….” മയി സ്വാതിക്കു നേരെ ചൂടായി ….

അതുവരെ കവിൾ പൊത്തിയിരുന്ന കിച്ച പോലും അത് കേട്ട് ചിരിച്ചു പോയി …

” എന്റെ പൊന്ന് ചേച്ചി , ആ ഹരിതേച്ചി അമ്മായിയെ വിളിച്ചിട്ടുണ്ടാർന്നു .. ചേച്ചീടെ ഡ്രസ് കളർ ചോദിക്കാൻ … ചേച്ചീടെ നമ്പറും വാങ്ങിയിരുന്നല്ലോ …. എന്നിട്ട് വിളിച്ചില്ലാരുന്നോ ..? ”

” ആ .. എനിക്കറിയില്ല .. ഞാനിപ്പോ സേവ് ചെയ്തിട്ടുള്ള നമ്പേർസ് മാത്രമേ ഏടുക്കു … ബാക്കിയൊക്കെ പിള്ളേരെ കൊണ്ടാ എടുപ്പിക്കാ … പേർസണൽ ആണെങ്കിൽ ഞാൻ ഫ്ലോറിലാണെന്ന് പറയാൻ പറഞ്ഞിട്ടുണ്ടാരുന്നു …..”

” ആ ബെസ്റ്റ് ……” കിച്ച മതിയെ പുച്ഛിച്ചു …

” ആ വീട്ടുകാരെന്ത് വിചാരിക്കും ചേച്ചി ….”

“എന്ത് വിചാരിച്ചാലും എനിക്ക് ഒന്നൂല്ല … ” പറഞ്ഞിട്ട് അവൾ വീണ്ടും വസ്ത്രങ്ങൾ ഒന്നൊന്നായി മടക്കാൻ തുടങ്ങി …

* * * * * * * * * * * * * * * * * *

രാത്രി എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നിട്ടും നിവ മാത്രം വന്നില്ല …

” മോളെവിടെ …..” രാജശേഖർ ചോദിച്ചു …

” വിളിച്ചിട്ടുണ്ട് ……”

” നീ പോയി വിളിച്ചിട്ട് വന്നേ …. ”

കാത്തിരുന്നിട്ടും കാണാതായപ്പോൾ നവീൺ ഹരിതയോട് പറഞ്ഞു ….

അവൾ മുകളിലേക്ക് കയറിച്ചെന്നു …

” അവൾക്ക് വേണ്ടാന്ന് .. പിന്നെ ബാഗ് പാക്ക് ചെയ്യുവാ … നാളെ തിരിച്ചു പോകുവാന്ന് …..”

” അതിന് രണ്ട് ദിവസം കൂടി കഴിഞ്ഞിട്ടേ പോകൂ എന്നല്ലേ അവൾ പറഞ്ഞിരുന്നേ …..” നവീൺ ചോദിച്ചു …

” പിണങ്ങി പോകുവാ …….” ഹരിത പറഞ്ഞു …

എല്ലാവരിലും ഒരു നിശബ്ദത പടർന്നു …

നിഷിൻ പെട്ടന്ന് പ്ലേറ്റ് നീക്കി വച്ച് എഴുന്നേറ്റു …. പിന്നെ മുകളിലേക്കുള്ള സ്റ്റെപ്പ് കയറി
(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story