തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പോക്സോ കേസിൽ ചലച്ചിത്ര നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് (രണ്ട്) വിധി പ്രസ്താവിച്ചത്.
2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവെച്ച് 14-ഉം 9-ഉം വയസ്സുള്ള വിദ്യാർഥിനികൾക്ക് നേരെ കാറിലെത്തിയ നടൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. കുട്ടികളുടെ മൊഴിയുടെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്ത് നടനെ അറസ്റ്റ് ചെയ്തത്.
ശിക്ഷാവിധിക്ക് പിന്നാലെ, മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ച കോടതി ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ചു.