തിരുവനന്തപുരം: എല്‍പിഎസ്ടി സമരസമിതിക്കെതിരെ വിമത സമര വിഭാഗം. സമരത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങള്‍ സമരക്കാര്‍ വേണ്ടെന്ന് വെയ്ക്കുന്നതായി ആരോപണം. സമരത്തില്‍ മുന്നോട്ടുവച്ച അഞ്ചില്‍ നാല് കാര്യങ്ങളും സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും അത് വേണ്ടെന്ന് വെയ്ക്കുകയാണ്. ആദ്യമായിട്ടാണ് അംഗീകരിച്ച ആവശ്യങ്ങള്‍ വേണ്ടെന്ന് ഒരു സമരസമിതി പറയുന്നതെന്നും വിമത സമര വിഭാഗം ആരോപിച്ചു.
സമരം നടത്തിയത് തന്നെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വേണ്ടിയാണ്. പക്ഷെ അത് ഇപ്പോള്‍ വേണ്ടെന്നാണ് സമര സമിതി പറയുന്നത്. പുതിയ ആവശ്യങ്ങളുമായാണ് സമരസമിതി മുന്നോട്ടുപോകുന്നത്. കൂടെ നില്‍ക്കുന്നവര്‍ക്ക് ജോലി വേണമെന്നുള്ളതല്ല അവരുടെ നിലപാട്. സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ നാലാവശ്യങ്ങളും വേണ്ട എന്ന് പറയാന്‍ റാങ്ക് ലിസ്റ്റിലുള്ള ആരെയും ഞങ്ങള്‍ നിയോഗിച്ചിട്ടില്ല. ഇപ്പോള്‍ സമരം മുന്നോട്ടുപോകുന്നത് വേറെ ആവശ്യങ്ങളുമായിട്ടാണ്. അവസാനം നടന്നത് ചര്‍ച്ചയാണെന്ന് പറയാന്‍ കഴിയില്ല. വളര്‍മതി ടീച്ചര്‍ മാത്രമാണ് മന്ത്രിയുമായി രഹസ്യമായി സംസാരിച്ചത്. റിട്ടയര്‍മെന്റ് വേക്കന്‍സി മാത്രം മതി എന്ന് അവര്‍ ഇപ്പോള്‍ പറയുന്നു.റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ കൊണ്ട് ഞങ്ങള്‍ക്ക് യാതൊരു ഗുണവുമില്ല’; എല്‍പിഎസ്ടി വിമത വിഭാഗം നേതാവ് അജ്മല്‍ ഷാ പറഞ്ഞു.
സമരസമിതിക്കെതിരെ കൂടുതല്‍ പരാതികളാണ് വിമത വിഭാഗത്തില്‍ നിന്ന് ഉയരുന്നത്. തനിക്ക് ജോലി കിട്ടിയില്ലെങ്കില്‍ കൂടെയുള്ള ആര്‍ക്കും ജോലി കിട്ടേണ്ട എന്ന രീതിയിലാണ് സമരം പോകുന്നതെന്ന് ഉദ്യോഗാര്‍ത്ഥിയായ ഇക്ബാല്‍ പറഞ്ഞു. റാങ്ക് ലിസ്റ്റില്‍ ആയിരം പേരുണ്ടെങ്കില്‍ അവര്‍ എല്ലാവര്‍ക്കും ജോലി കിട്ടും എന്ന് ഉറപ്പു പറയാന്‍ കഴിയില്ലെന്നും കുറച്ച് ആളുകളുടെ സ്വാര്‍ത്ഥ താല്‍പര്യം മൂലം 11000 ഉദ്യോഗാര്‍ത്ഥികള്‍ ബലിയാടാകുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.