തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പിടിയിലായ നാല് പ്രതികളെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രതികളെ പടിഞ്ഞാറത്തറ സ്റ്റേഷനില്‍ നിന്നുമാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. തിരുവനന്തപുരം സ്വദേശിയും നിലവില്‍ എറണാകുളത്ത് താമസക്കാരനുമായ അനില്‍, ആന്റണി വിനോദ്, മണക്കാട് സ്വദേശി അനൂപ്, കാട്ടാക്കട സ്വദേശി രാജീവ് എന്നിവരാണ് വയനാട്ടില്‍ നിന്ന് പിടിയിലായത്. കവര്‍ച്ചക്കു ശേഷം തമിഴ്നാട്ടിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും കടന്ന പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 450 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കസ്റ്റഡിയിലെടുക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
കവര്‍ച്ച നടന്ന് 48 മണിക്കൂറിനകമാണ് പ്രതികളെ കേരള പോലീസ് പിടികൂടിയത്. പ്രതികള്‍ യാത്രക്ക് ഉപയോഗിച്ച അനിലിന്റെ ഉടമസ്ഥതയിലുള്ള എസ് യു വി വാഹനവും ഇതില്‍ നിന്ന് ഒരു സ്വര്‍ണബാറും പിടിച്ചെടുത്തിട്ടുണ്ട്. വാഹനം വിശദമായി പരിശോധിച്ചുവരികയാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണ അറിയിച്ചു.
കവര്‍ച്ചക്ക് പിന്നില്‍ ജ്വല്ലറിയുമായി അടുത്ത ബന്ധമുള്ളവരുടെ സഹായമുണ്ടായിരുന്നോ എന്നും പിടിയിലായവര്‍ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ചാലയിലെ വൈഷ്ണവി ജ്വല്ലറി അടച്ച് സ്വര്‍ണവുമായി വീട്ടിലേക്ക് മടങ്ങാനിറങ്ങിയ നന്ദകുമാറില്‍ നിന്നും ബൈക്കിലെത്തിയ പ്രതികള്‍ കവര്‍ച്ച നടത്തിയത്. മൂന്ന് പതിറ്റാണ്ടോളമായി ചാലയില്‍ സ്വര്‍ണക്കച്ചവടം നടത്തിവരികയാണ് നന്ദകുമാര്‍.