ബലിയ (ഉത്തർപ്രദേശ്): വീടിന് സമീപത്തുകൂടി കടന്നുപോയ ഘോഷയാത്രയിലെ അമിതമായ ഡിജെ ശബ്ദത്തെത്തുടർന്ന് 20 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ മുഡിയാരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്.
ലക്ഷ്മി വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി എത്തിയ സംഘം വീടിന് മുന്നിൽ വാഹനം നിർത്തി ഉച്ചത്തിൽ ഡിജെ സംഗീതം വെച്ചതാണ് അപകടത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. അമ്മ റീമ ഷായ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞ് അമിത ശബ്ദം കേട്ട് പെട്ടെന്ന് കരയുകയും പിന്നാലെ അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടൻ തന്നെ വീട്ടുകാർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിജെയുടെ അമിത ശബ്ദം കാരണം കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
വീടിന് മുന്നിൽ നിന്ന് വാഹനം മാറ്റാനും ശബ്ദം കുറയ്ക്കാനും ഘോഷയാത്രാ സംഘത്തോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും അവർ തയ്യാറായില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മനിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിജെ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും, റിപ്പോർട്ട് ലഭിച്ച ശേഷം മരണകാരണം വ്യക്തമാകുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ബൻസ്ദിഹ് സർക്കിൾ ഓഫീസർ ജയശങ്കർ മിശ്ര അറിയിച്ചു.