ഹോം › കേരളം

അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി ഇന്ന്; പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയിൽ

By Metro Journal Team · 19 Nov 2026, 08:42 AM

അരിയിലെ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ ഇന്ന് കൊച്ചി സിബിഐ പ്രത്യേക കോടതി വിധി പറയും. സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കം 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ കോടതി വിധി പറയുന്നത്.

കണ്ണൂര്‍ പട്ടുവത്തും അരിയിലിലും സി.പി.എം – മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും അക്രമങ്ങളും നടന്നിരുന്നു. ഇതില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും കടകളും സന്ദര്‍ശിക്കാനായാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്യാശേരി എംഎല്‍എ ടിവി രാജേഷും ലീഗ് സ്വാധീന മേഖലയായ അരിയിലിലേക്ക് എത്തിയത്.

2022 ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12.15 സമയത്ത് അരിയിലില്‍ വച്ച് പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. ലീഗ് – എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വാഹനത്തിന് നേരെ ആക്രമണം നടന്നത്. കല്ലേറില്‍ പരിക്കേറ്റ ജയരാജനെയും രാജേഷിനെയും പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ അരിയില്‍ ഷുക്കൂര്‍ അടക്കമുള്ള ലീഗ് പ്രവര്‍ത്തകരെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിലെ വയലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞുവച്ചു. ഇവരുടെ ചിത്രം എസ്എംഎസ് വഴി അയച്ചുനല്‍കുകയും അവര്‍ തന്നെയാണ് ആക്രമണം നടത്തിയത് എന്ന് ഉറപ്പിച്ച ശേഷം ഷൂക്കൂര്‍, സക്കറിയ അയൂബ് എന്നിവരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരനായ അബ്ദുള്‍ ഷുക്കൂര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. 2012 മാര്‍ച്ച് 22ന് കേസില്‍ 18 പേരെ പ്രതികളാക്കി കേരള പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. വൈകാതെ പൊലീസ് അന്വേഷണം വിപുലീകരിക്കുകയും പ്രതികളുടെ എണ്ണം 34 ആയി ഉയര്‍ത്തുകയും ചെയ്തു.

2012 ഓഗസ്റ്റ് 1ന് പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. 2012 ഓഗസ്റ്റ് 7ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ടി.വി. രാജേഷ് കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങി. 2016 ഏപ്രില്‍ 4ന് സിബിഐ കേസ് ഏറ്റെടുക്കുകയും തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. 2019 ഫെബ്രുവരി 11ന് പി. ജയരാജനെ 32-ാം പ്രതിയായും ടി വി രാജേഷിനെ 33-ാം പ്രതിയായും ചേര്‍ത്ത് കൊലപാതക – ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

വാഹനം തടഞ്ഞുനിര്‍ത്തി സിപിഎം നേതാക്കളെ വധിക്കാന്‍ ശ്രമിച്ചു എന്ന് മറ്റൊരു കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഈ കേസിലെ പ്രതികളായിരുന്ന 12 മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും വെറുതെ വിട്ടു. 2025 മെയ് 5ന് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി പി. ശബരീനാഥ് മുമ്പാകെ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. ആകെ 33 പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്. തളിപ്പറമ്പിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ വി സുമേഷ്, ഗണേഷന്‍ പി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. സി എന്‍ മോഹനന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് എന്നിവരും കേസില്‍ പ്രതികളാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpi#cpm#high court#police#എറണാകുളം#കൊച്ചി

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിസഭയിലെ തർക്കങ്ങൾ ചോർത്തിയെന്ന് ആരോപണം; മന്ത്രി എ.പി. അനിൽകുമാറിനെതിരെ സൈബർ ആക്രമണം ശക്തംസ്വർണവില ഇന്ന് (19 നവംബർ 2026): പവന് ₹1,880 കുറഞ്ഞു; ഒരു പവന് ₹95,840മുഖ്യമന്ത്രി ഇടപെട്ടു; മോസ്‌കോയിലേക്ക് പറക്കാൻ ഇല്ല: വിവാദമായതോടെ വിദേശയാത്ര റദ്ദാക്കി കെ എം ഷാജിബിജെപിയിൽ കടുത്ത അവഗണന; പത്മജ വേണുഗോപാൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നുയുഡിഎഫ് സർക്കാരിന്റെ ആറ് മാസം നാടിനെ ഇകഴ്ത്തി കാണിക്കുന്നത്; ആർഎസ്എസ് നയം നടപ്പാക്കാനാണ് ശ്രമം: പിണറായി വിജയൻപിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി
പൂർണ്ണ പേജ് കാണുക ›