തൃശ്ശൂരിൽ പോലീസിന് നേരെ ഗുണ്ടകളുടെ ആക്രമണം; നാല് പോലീസുകാർക്ക് പരുക്ക്, വാഹനങ്ങൾ തകർത്തു
Jun 28, 2025, 08:39 IST
തൃശ്ശൂർ നെല്ലങ്കരയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങൾ അടിച്ചു തകർത്തു. നെല്ലങ്കര വൈലോപ്പള്ളിയിൽ വീട് കേന്ദ്രീകരിച്ച് ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് എത്തിയ പോലീസിന് നേരെയാണ് ആക്രമണം. ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരുക്കേറ്റു. മൂന്ന് പോലീസ് വാഹനങ്ങൾ ഗുണ്ടകൾ അടിച്ചു തകർത്തു. ബ്രഹ്മദത്തൻ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. 15 പേരടങ്ങുന്ന സംഘമാണ് പോലീസിനെ ആക്രമിച്ചത്. ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബർത്ത് ഡേ ആഘോഷത്തിന്റെ ഭാഗമായി നടന്ന ലഹരിപാർട്ടിയിൽ ബഹളമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.