ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും ഉറപ്പാക്കാൻ പുതിയ എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിരത്തിലിറക്കാൻ കെഎസ്ആർടിസി. ബസിനുള്ളിൽ ശുചിമുറി സൗകര്യവും വീൽചെയർ സംവിധാനവും ഒരുക്കിയാണ് പുതിയ ബസുകൾ എത്തുന്നത്.
പുതിയ ഡീസൽ ബസുകളിൽ അധിക ബ്രേക്കിങ് സംവിധാനമായ റിട്ടാർഡറും ഉൾപ്പെടുത്തും. ബസിന്റെ മധ്യഭാഗത്തോ പിൻഭാഗത്തോ ആയിരിക്കും ശുചിമുറി സജ്ജീകരിക്കുക. ഇതിനാവശ്യമായ വാട്ടർ ടാങ്കും മാലിന്യസംഭരണ ടാങ്കും ഷാസിക്ക് അടിയിൽ ഘടിപ്പിക്കും.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സംവിധാനം, എമർജൻസി എക്സിറ്റ്, സീറ്റ് ബെൽറ്റുകൾ, വായനയ്ക്കുള്ള ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ എന്നിവയും ഉണ്ടാകും.
ഇതിനുപുറമെ പുതുതായി വാങ്ങുന്ന നോൺ എസി ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ പത്ത് ശതമാനത്തിലും വീൽചെയർ ഉപയോഗിച്ച് കയറാൻ കഴിയുന്ന സൗകര്യം ഒരുക്കും.
പുതിയ സംവിധാനങ്ങളിലൂടെ ദീർഘദൂര യാത്രകൾ കൂടുതൽ സുഖകരവും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രാപ്യവുമാക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.