ന്യൂഡൽഹി: ഇൻസ്റ്റഗ്രാം അൽഗോരിതത്തിൽ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‍കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും എൻഗേജ്മെന്റും ലഭിക്കുന്ന രീതിയിലാണ് മെറ്റയുടെ ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രമുള്ള പോസ്റ്റിനേക്കാൾ വളരെ വേഗത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റിന് കാഴ്ചക്കാരെ ലഭിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ യൂത്ത് കോൺഗ്രസും സമാനമായ ആരോപണങ്ങളുമായി മെറ്റയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിജെപിയും പരസ്യമായി വിമർശനമുന്നയിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും പരാമർശങ്ങളും ഉൾപ്പെടുന്ന പോസ്റ്റുകൾക്ക് അമിത പ്രാധാന്യവും റീച്ചും ലഭിക്കുമ്പോൾ, ഭരണഘടനയെയും അംബേദ്കറെയും കുറിച്ചുള്ള പോസ്റ്റുകളുടെ റീച്ച് മെറ്റ മനഃപൂർവം കുറയ്ക്കുകയാണെന്ന അഭിജിത് ദീപ്‍കെ പറയുന്നത്. താൻ നടത്തിയ ഒരു പരീക്ഷണത്തിലൂടെ ഇക്കാര്യം വ്യക്തമായെന്നും, അംബേദ്കറിനെ കുറിച്ചുള്ള പോസ്റ്റുകളേക്കാൾ വേഗത്തിലും കൂടുതലായും മോദിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് ലൈക്കുകളും ഷെയറുകളും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 26ന് നാഗ്പൂരിൽ സംഘടിപ്പിക്കുന്ന ഭരണഘടനാ ദിന പരിപാടിയുടെ പ്രചാരണാർത്ഥം പങ്കുവെച്ച പോസ്റ്റിന് രണ്ടു മണിക്കൂർ കൊണ്ട് ലഭിച്ച റീച്ച്, മോദിയുടെ ചിത്രം ഉൾപ്പെടുത്തി പങ്കുവെച്ച പോസ്റ്റിന് വെറും 20 മിനിറ്റിനുള്ളിൽ ലഭിച്ചതായി എക്സിൽ പങ്കുവെച്ച വീഡിയോയിൽ ദീപ്കെ ചൂണ്ടിക്കാട്ടി. പോസ്റ്റുകളിൽ മോദിയെ പ്രശംസിക്കുന്ന വാക്കുകൾ ഉൾപ്പെടുത്തിയാലേ റീച്ച് നിലനിൽക്കൂ എന്ന പരിഹാസത്തോടെയാണ് അദ്ദേഹം മെറ്റയുടെ അൽഗോരിത പക്ഷപാതത്തെ വിമർശിച്ചത്.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനായി നവംബർ 26ന് നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത ദീപ്കെ, മുമ്പ് പല ഘട്ടങ്ങളിലും ഇൻസ്റ്റഗ്രാമിലെ ഉള്ളടക്ക നിയന്ത്രണങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിക്കാത്ത സർക്കാർ വിമർശന പോസ്റ്റുകൾ പോലും നീക്കം ചെയ്യപ്പെടുന്നതായും, അക്കൗണ്ടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നീക്കം ചെയ്യുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും സർക്കാർ ഇടപെടലുകളും പ്ലാറ്റ്ഫോം നയങ്ങളും വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന പശ്ചാത്തലത്തിലാണ് ദീപ്കെയുടെ പുതിയ ആരോപണം. പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും സമൂഹമാധ്യമങ്ങളിലെ അൽഗോരിത നീതിക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തുന്നതിനിടെയാണ് സിജെപിയുടെ ഈ വിമർശനവും ശ്രദ്ധേയമാകുന്നത്.