കൊച്ചി: ബിജെപിയില്‍ നിന്നും രാജിവെച്ച പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ നിര്‍ണായക ചര്‍ച്ചകളിലേക്ക് കടക്കാന്‍ കെപിസിസി. പത്മജ മാപ്പ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആശയവിനിമയം നടത്തും. വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റേയും മുഖ്യമന്ത്രിയുടെയും നിലപാട് നിര്‍ണായകമാകും.
പത്മജ മാപ്പപേക്ഷിച്ച സാഹചര്യത്തില്‍ പരിഗണിക്കണമെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇനിയും പത്മജയെ പുറത്ത് നിര്‍ത്തുന്നത് ശരിയല്ല എന്നതാണ് ഇവരുടെ പക്ഷം. അതേസമയം, സംഘപരിവാര്‍ ആശയങ്ങളെ പത്മജ തള്ളിപ്പറയണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
പത്മജയുമായുള്ള ആശയവിനിമയം കെപിസിസി അധ്യക്ഷന്‍ സ്ഥിരീകരിക്കുന്നുണ്ട്. മുന്‍ നിലപാടുകളില്‍ പത്മജ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ കരുണാകരന്റെ ഓര്‍മ്മ ദിനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എല്ലാവരും ഒരുമിച്ച് പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൃത്യമായ കൂടിയാലോചനകളിലൂടെ മാത്രമേ പത്മജയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം, പത്മജയുടെ വരവില്‍ അനുകൂല നിലപാടാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ കൈക്കൊണ്ടത്. തെറ്റ് തിരുത്തി ആര്‍ക്കുവേണമെങ്കിലും പാര്‍ട്ടിയില്‍ വരാമെന്നും. തെറ്റ് തിരുത്തി വരുന്ന എല്ലാവരെയും ഉള്‍പ്പെടുത്താമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പത്മജക്കുശേഷം പത്മിനി വരുന്നു. ഒത്തിരി പേര്‍ തിരികെ വരുവാന്‍ നില്‍ക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. തെറ്റ് തിരുത്തി വരുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അഞ്ചുവര്‍ഷമെങ്കിലും അവസരം കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ സി പക്ഷം ഇടഞ്ഞുതന്നെയാണ്. പത്മജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയത്. പത്മജ ഇപ്പോഴും സംഘപരിവാറിനെ പുകഴ്ത്തുന്നുവെന്ന് ദീപ്തി മേരി വര്‍ഗീസ് കുറ്റപ്പെടുത്തി. സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ട് ആരും വരേണ്ട. പാര്‍ട്ടിയിലെ സ്ത്രീകളെ അധിക്ഷേപിച്ചാണ് പത്മജ കോണ്‍ഗ്രസ് വിട്ടതെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
പ്രവര്‍ത്തിച്ചവരെ മാറ്റിനിര്‍ത്തി പത്മജയ്ക്ക് പദവികള്‍ നല്‍കിയിട്ടുണ്ടെന്നും ദീപ് തി മേരി വര്‍ഗീസ് തുറന്നടിച്ചു. എന്നാല്‍ അതിന്റെ വില മനസ്സിലാക്കാനുള്ള പ്രാപ്തി പത്മജ കാണിച്ചിട്ടില്ല. ഒരു തവണയെങ്കിലും മുഷ്ടി ചുരുട്ടി ആകാശത്തേക്ക് നോക്കി കോണ്‍ഗ്രസ് സിന്ദാബാദ് എന്ന് വിളിച്ചവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാന്‍ ആവില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. സമരമുഖത്ത് നിന്ന് പത്മജ അത്തരത്തില്‍ മുദ്രാവാക്യം വിളിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ദീപ്തി മേരി വര്‍ഗീസ് കുറ്റപ്പെടുത്തി.
കെ കരുണാകരന്‍ ബിജെപിക്കാരനാകുമായിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തിലാണ് കൊണ്ടതെന്നും ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. എങ്ങനെയാണ് ഒരാള്‍ക്ക് അങ്ങനെ പറയാനാവുകയെന്നും ദീപ്തി ചോദിക്കുന്നു. ബിജെപി പ്രവേശനഘട്ടത്തില്‍ ‘അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ എന്നേക്കാള്‍ മുന്നേ ബിജെപിയില്‍ എത്തിയേനെ’ എന്ന പത്മജ വേണുഗോപാലിന്റെ പരാമര്‍ശം ആയുധം ആക്കിയാണ് വിമര്‍ശനം. ഇവരെപ്പോലൊരു ജൂനിയറിന്റെ കൂടെ തന്നെ ഭാരവാഹിയാക്കരുതെന്ന് പത്മജ പറഞ്ഞതായി കേട്ടിട്ടുണ്ട്. എന്നാല്‍ തന്റെ പക്കല്‍ അതിന് തെളിവില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.