ഹോം › കേരളം

ഒറ്റമഴയിൽ വെള്ളത്തിലായി തലസ്ഥാനം; പിന്നാലെ രാഷ്ട്രീയപ്പോര്, നഗരസഭയ്‌ക്കെതിരെ വിമർശനം

By Metro Journal Team · 27 Nov 2026, 07:58 AM

ഒരു മണിക്കൂർ നീണ്ട ശക്തമായ മഴയിൽ തലസ്ഥാന നഗരം വെള്ളത്തിലായതോടെ നഗരസഭയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനം. വെള്ളക്കെട്ടിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളും പ്രതിഷേധങ്ങളും ശക്തമായി.

വ്യാഴാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളാണ് വെള്ളത്തിനടിയിലായത്. ഈസ്റ്റ് ഫോർട്ടിൽ ഒരു മണിക്കൂറിനിടെ 91 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. തമ്പാനൂർ, വഞ്ചിയൂർ, പഴവങ്ങാടി, മണക്കാട്, ചാല, ആര്യശാല തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.

തമ്പാനൂർ റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും മുന്നിലെ റോഡുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. മുട്ടോളം വെള്ളത്തിലൂടെയാണ് യാത്രക്കാർക്ക് സഞ്ചരിക്കേണ്ടിവന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും വെള്ളത്തിൽ അകപ്പെട്ടു. കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ വ്യാപാരികളും ദുരിതത്തിലായി.

ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കളും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയതായാണ് പ്രധാന ആരോപണം. വെള്ളക്കെട്ട് രൂക്ഷമായതോടെ പൊലീസുകാർ നേരിട്ട് രംഗത്തിറങ്ങി ഓടകളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും യാത്രക്കാരെ സഹായിക്കുന്നതിനും പൊലീസ് മുന്നിട്ടിറങ്ങി.

നഗരസഭയ്‌ക്കെതിരെ രാഷ്ട്രീയ ആരോപണം

ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയുടെ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമെന്ന് സിപിഎമ്മും കോൺഗ്രസും ആരോപിച്ചു. മഴ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്ന വിമർശനവും ഉയർന്നു.

മന്ത്രി വി. ശിവൻകുട്ടിയും മുൻ എംഎൽഎ വി.കെ. പ്രശാന്തും തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും മഴക്കാലപൂർവ ശുചീകരണത്തിൽ വീഴ്ചയുണ്ടായെന്നും നേതാക്കൾ ആരോപിച്ചു.

കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥനും നഗരസഭയ്‌ക്കെതിരെ വിമർശനമുന്നയിച്ചു. ശുചീകരണ തൊഴിലാളികളുടെ കുറവും ഓടകളുടെ പരിപാലനത്തിലെ വീഴ്ചയും നേരത്തേ കൗൺസിലിൽ ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

അതേസമയം, മഴ അവസാനിച്ചതിന് പിന്നാലെ ഏകദേശം രണ്ട് മണിക്കൂറെടുത്താണ് നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ വെള്ളം ഇറങ്ങിയത്. ഒരു മണിക്കൂർ മഴയിൽ നഗരം സ്തംഭിച്ച സംഭവം നഗരത്തിലെ ഓടകളുടെ ശുചീകരണവും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സ്ഥിരം സംവിധാനങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#congress#police#rain#v sivankutty#തിരുവനന്തപുരം

ബന്ധപ്പെട്ട വാർത്തകൾ

എറണാകുളത്ത് വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു; കുടിവെള്ളം ചോദിച്ചെത്തിയ സംഘം കവർച്ച നടത്തിയത്കോൺഗ്രസ് അംഗത്വം ആവശ്യപ്പെട്ട് പത്മജ; സ്വാഗതം ചെയ്യുമോ നേതൃത്വം? കെപിസിസിക്കും എഐസിസിക്കും കത്തയച്ചു‘ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല’; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻപരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്‘എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന പ്രസ്താവന: മുഖ്യമന്ത്രി കലാപാഹ്വാനം നടത്തി’; പരാതി നൽകി എസ്.എഫ്.ഐകോവളം സ്പാ പീഡനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ, പ്രതികളുടെ എണ്ണം 14 ആയി
പൂർണ്ണ പേജ് കാണുക ›