ഹോം › കേരളം

ഗുരുവായൂരിലെ സ്വർണം, രത്നം എന്നിവയുടെ മൂല്യവും ശുദ്ധിയും രേഖപ്പെടുത്തണം; ആസ്തിവിവരപ്പട്ടിക തയാറാക്കാൻ ഹൈക്കോടതി നിർദേശം

By Metro Journal Team · 22 Nov 2026, 11:11 AM

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന സ്വർണം, രത്നം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾക്ക് കൃത്യമായ ആസ്തിവിവരപ്പട്ടിക തയാറാക്കണമെന്ന് ഹൈക്കോടതി. വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം അവയുടെ മൂല്യം, ശുദ്ധി, കാരറ്റ് എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

തൃക്കാക്കര സ്വദേശി എം.കെ. ഹരിദാസ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിർദേശം. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തി പരസ്യപ്പെടുത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന സ്വർണാഭരണങ്ങൾ റിസർവ് ബാങ്കിന്റെ മിന്റിൽ ശുദ്ധീകരിച്ച ശേഷം മുംബൈയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബുള്ളിയൻ ബ്രാഞ്ചിലാണ് നിക്ഷേപിക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം കോടതിയെ അറിയിച്ചു. എന്നാൽ, വിലയേറിയ രത്നങ്ങൾ പതിപ്പിച്ച കിരീടങ്ങൾ ഉൾപ്പെടെയുള്ളവ ലഭിച്ച അതേ രൂപത്തിൽ തന്നെ സൂക്ഷിക്കുകയാണെന്നും അവയുടെ തൂക്കം മാത്രമാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ദേവസ്വം വ്യക്തമാക്കി. ഇതോടെയാണ് വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിച്ചാൽ മാത്രം പോരെന്നും കൃത്യമായ ആസ്തിവിവരപ്പട്ടിക തയാറാക്കണമെന്നും കോടതി കർശനമായി നിർദേശിച്ചത്.

വിലയേറിയ കല്ലുകളുടെ മൂല്യം പരിശോധിക്കുന്നതിനായി സംസ്ഥാന-കേന്ദ്ര ഏജൻസികളുടെ സഹായം തേടാറുണ്ടെന്ന് ദേവസ്വം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിൽ വിശദീകരണം നൽകാൻ കോടതി ദേവസ്വത്തോട് ആവശ്യപ്പെട്ടു. ഹരജി 30-ന് വീണ്ടും പരിഗണിക്കും.

ശബരിമല ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ആസ്തി തിട്ടപ്പെടുത്തണമെന്ന ആവശ്യവും ഹരജിക്കാരൻ ഉന്നയിച്ചിരുന്നുവെങ്കിലും, ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മറ്റൊരു ബെഞ്ചാണ് പരിഗണിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gold#high court#mumbai#sabarimala#കൊച്ചി#നടപടി

ബന്ധപ്പെട്ട വാർത്തകൾ

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്; 10 ജില്ലകളിലായി 13,453 ബൂത്തുകൾ സജ്ജംസ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്താൻ കേരളം; കയറ്റുമതിക്കാർക്കായി ശിൽപശാല സംഘടിപ്പിച്ചുകുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസിന് കർശന വ്യവസ്ഥ വേണം; ഭദ്രപക്ഷം സെമിനാറിൽ ബി. സന്ധ്യഅംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നുശരീരത്തിൽ നടത്താത്ത പരിശോധനകളില്ല; പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെട്ടു: മെർക്കുറി ഫെയർനെസ് ക്രീമിന്റെ ഇരയായെന്ന് ഗായകൻ സലീം കോടത്തൂർസ്വർണവില ഇന്ന് (22 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹91,720
പൂർണ്ണ പേജ് കാണുക ›