തിരുവനന്തപുരം: വർഷങ്ങളായി വാഹന നികുതി കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് ആശ്വാസവുമായി കേരള മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. കുടിശ്ശികയുടെ 60 മുതൽ 70 ശതമാനം വരെ ഇളവ് ലഭിക്കുന്ന പദ്ധതിയുടെ ആനുകൂല്യം 2027 മാർച്ച് 31 വരെ പ്രയോജനപ്പെടുത്താം.
2026 മാർച്ച് 31 വരെ നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്കാണ് പദ്ധതിയിൽ അപേക്ഷിക്കാനാകുക. 2022 മാർച്ച് 31ന് ശേഷം നികുതി അടയ്ക്കാത്ത വാഹനങ്ങളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്.
നോൺ ട്രാൻസ്‌പോർട്ട് വിഭാഗത്തിലുള്ള സ്വകാര്യ വാഹനങ്ങൾക്ക് നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം അടച്ചാൽ മതിയാകും. ഇതിലൂടെ 60 ശതമാനം ഇളവ് ലഭിക്കും. ട്രാൻസ്‌പോർട്ട് വിഭാഗത്തിലുള്ള വാണിജ്യ വാഹനങ്ങൾക്ക് കുടിശ്ശികയുടെ 30 ശതമാനം മാത്രം അടച്ചാൽ മതി. ഇതുവഴി 70 ശതമാനം ഇളവാണ് ലഭിക്കുക. പിഴയും പലിശയും ഉൾപ്പെടെയുള്ള കുടിശ്ശികയ്ക്കാണ് ഈ ഇളവ് ബാധകമാകുന്നത്.
പദ്ധതിയുടെ ഭാഗമായി ഗ്രീൻ ടാക്‌സ്, മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിലും ഇളവുണ്ട്. ആർ.സി. ഹാജരാക്കാൻ കഴിയാത്തവർക്കും പ്രത്യേക ഇളവുകൾ ലഭിക്കും.
നികുതി കുടിശ്ശികയുടെ പേരിൽ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന വാഹന ഉടമകൾക്കും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം. നിശ്ചിത കുടിശ്ശിക തുകയോടൊപ്പം കളക്ഷൻ ചാർജുകൾ കൂടി അടച്ച് നടപടികൾ അവസാനിപ്പിക്കാം.
മോഷണം പോയതോ പൊളിച്ചുമാറ്റിയതോ പൂർണമായി നശിച്ചതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് ഭാവിയിലെ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകാനും അവസരമുണ്ട്.
ഇത്തരമൊരു ഇളവ് പദ്ധതി ഭാവിയിൽ വീണ്ടും നടപ്പാക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ അർഹരായ വാഹന ഉടമകൾ 2027 മാർച്ച് 31നകം ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.