ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് രൂക്ഷമായ മറുപടിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. 1962-ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് തന്റെ ഗ്രാമം ചൈന കൈയടക്കിയിരുന്നുവെന്ന് ഓർമ്മിപ്പിച്ച റിജിജു, അന്നത്തെ ആ തിരിച്ചടിക്ക് കോൺഗ്രസ് മാപ്പ് പറയുമോ എന്ന് ചോദിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ ചൈനയിലെ ഷെൻഷെനിൽ നടന്ന ഉച്ചകോടിയിൽ ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങളാണ് രാഷ്ട്രീയ പോരിന് തുടക്കമിട്ടത്. ‘വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രിക്ക്’ (compromised PM) ഇത്തരം ഒരു വേദിയിൽ ഇരിക്കാനാവില്ലെന്നും കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രി അവിടെ ഉണ്ടാകുമായിരുന്നുവെന്നുമാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.
ഇതിന് പിന്നാലെയാണ് അരുണാചൽ പ്രദേശ് സ്വദേശിയായ കിരൺ റിജിജു എക്സിലൂടെ കോൺഗ്രസിന് നാല് ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്:
- 1962-ൽ എന്റെ ഗ്രാമം ചൈന കൈയടക്കി. 1962-ലെ അപമാനത്തിന് കോൺഗ്രസ് മാപ്പ് പറയുമോ?
- കോൺഗ്രസ് ഇന്ത്യയെ ദരിദ്ര രാജ്യമായി നിലനിർത്തിയത് എന്തുകൊണ്ട്?
- ഇന്ത്യയെ എന്തിനാണ് ‘പാമ്പാട്ടികളുടെ നാട്’ (land of snake charmers) എന്ന് വിളിച്ചിരുന്നത്?
- ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ എന്തിനാണ് ‘ഹിന്ദു വളർച്ചാ നിരക്ക്’ (Hindu rate of growth) എന്ന് വിളിച്ച് അപമാനിച്ചത്?
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിരോധം രാജ്യത്തിനെതിരായ പ്രസ്താവനകളിലേക്ക് രാഹുൽ ഗാന്ധി കടത്തിവിടുകയാണെന്നും, സ്വദേശത്തായാലും വിദേശത്തായാലും രാജ്യത്തിനെതിരെ സംസാരിക്കരുതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റിജിജു കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതിപക്ഷ നേതാവായാണോ അതോ മറ്റേതെങ്കിലും രാജ്യത്തിന്റെ നേതാവായാണോ പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു.