മുംബൈ: ദീപാവലി ആഘോഷത്തിനിടെ മുംബൈയില്‍ 300-ലേറെ തീപ്പിടിത്തങ്ങളുണ്ടായതും ശബ്ദ-വായു മലിനീകരണം വര്‍ധിച്ചതും ആശങ്കാജനകമാണെന്ന് ബോംബെ ഹൈക്കോടതി. നഗരത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഗിരീഷ് കുല്‍ക്കര്‍ണി, നീലാ ഗോഖലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ജനങ്ങള്‍ ഉത്തരവാദിത്വത്തോടെയും സാമൂഹിക ബോധത്തോടെയും പെരുമാറിയില്ലെങ്കില്‍ പടക്കം പരിമിതപ്പെടുത്താന്‍ ഉത്തരവിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നഗരത്തെ മലിനീകരണത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ഏകമാര്‍ഗം ഇതായിരിക്കുമെന്നും കോടതി പറഞ്ഞു.
വാഹനങ്ങളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നുമുള്ള മലിനീകരണത്തിനൊപ്പം പടക്കങ്ങള്‍ സൃഷ്ടിക്കുന്ന വിഷാംശവും നഗരജീവിതം ദുസഹമാക്കുകയാണ്. നഗരത്തെ കൂടുതല്‍ ജീവിക്കാന്‍ അനുയോജ്യമായ ഇടമാക്കണം. മറ്റുള്ളവരുടെ ആരോഗ്യമാണ് പ്രധാന പരിഗണനയെന്നും ബെഞ്ച് വ്യക്തമാക്കി.