ന്യൂഡൽഹി: ഡൽഹിയിലെ ഷാദ്ര ജില്ലയിലുള്ള വിവേക് വിഹാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജ്വാലാ നഗറിൽ പഴയ വീട് തകർന്നുവീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച (നവംബർ 17) രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ എട്ടോളം പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു.
അപകടവിവരം അറിഞ്ഞയുടൻ അഗ്നിരക്ഷാ സേനയും ഡൽഹി പോലീസും ആംബുലൻസ് സർവീസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെടുത്തിയവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തകർന്നുവീണ കെട്ടിടത്തിന് 40 മുതൽ 50 വർഷം വരെ പഴക്കമുണ്ടായിരുന്നതായി നോർത്ത് എം.സി.ഡി (MCD) ചെയർമാൻ പങ്കജ് ലൂത്ര അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.