ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സഹകൺവീനർ സൗരവ് ദാസിന്റെ യുകെ യാത്ര തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ടിലെ ജന്മസ്ഥലം സംബന്ധിച്ച വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ചെന്നൈയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
നവംബർ 23നാണ് സൗരവ് ദാസിന് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് നിർദേശം. മറുപടി നൽകുന്നതുവരെ പാസ്‌പോർട്ട് ഉപയോഗിക്കരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പാസ്‌പോർട്ട് അപേക്ഷയിൽ കൃത്യമായ വിവരങ്ങൾ നൽകേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അധികൃതരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓക്‌സ്‌ഫഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുന്നതിനിടെയാണ് ഡൽഹി വിമാനത്താവളത്തിൽ സൗരവ് ദാസിനെ തടഞ്ഞത്. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു.
യാത്ര തടഞ്ഞ നടപടിയെ ചോദ്യം ചെയ്ത് സൗരവ് ദാസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി നവംബർ 26ന് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.