ലഖ്‌നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചർച്ചകൾക്കിടെ പ്രതികരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നും ഭാവിയിൽ ആരായിരിക്കുമെന്നുമുള്ള കാര്യം എല്ലാവർക്കും അറിയാമെന്നായിരുന്നു യോഗിയുടെ പ്രതികരണം.
ബിജെപിയുടെ മുഖ്യമന്ത്രി മുഖം സംബന്ധിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നടത്തിയ പരാമർശങ്ങളോടായിരുന്നു യോഗിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖം താമര ചിഹ്നമാണെന്നും എല്ലാ സ്ഥാനാർഥികളും താമര ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നും യോഗി പറഞ്ഞു. താനും താമര ചിഹ്നത്തിൽ തന്നെയായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻകൂട്ടി പ്രഖ്യാപിക്കണമെന്നില്ലെന്നാണ് കെ.പി. മൗര്യ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് ശേഷം വിജയിച്ച എംഎൽഎമാർ കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷകരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടരുമോ അതോ മറ്റൊരാൾ വരുമോ എന്നത് അന്ന് തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരാണ് തീരുമാനിക്കേണ്ടതെന്നും മൗര്യ വ്യക്തമാക്കി.
മൗര്യയുടെ പരാമർശവും യോഗിയുടെ മറുപടിയും ഉത്തർപ്രദേശിലെ ബിജെപി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്. എന്നാൽ 2027ലെ തിരഞ്ഞെടുപ്പിനായി ബിജെപി ഇതുവരെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.