പാൽഘറിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടം; മരണസംഖ്യ 15 ആയി
Aug 28, 2025, 12:00 IST
മഹാരാഷ്ട്രയിലെ പാൽഘറിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. ആറ് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കെട്ടിട ഭാഗങ്ങൾക്കിടയിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ബുധനാഴ്ച പുലർച്ചെ 12.05ഓടെയാണ് വസായിയിലെ നാരംഗി റോഡിലെ നാലുനില കെട്ടിടം തകർന്നുവീണത് അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കണ്ടെടുത്തത്. ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്‌സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷപ്പെടുത്തിയവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട് അപകടസ്ഥലത്ത് ആകെ 50 ഫ്‌ളാറ്റുകളാണ് സ്ഥിതി ചെയ്യുന്നത്. തകർന്ന ഭാഗത്ത് 12 അപ്പാർട്ട്‌മെന്റുകളുണ്ട്. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ ഫ്‌ളാറ്റുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. തകർന്ന കെട്ടിടം അനധികൃതമായി നിർമിച്ചതെന്നാണ് ആരോപണം.