അമൃത്സർ/തരൺ തരൺ: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ ദേശീയപാത-54-ൽ നൗഷേര പന്നുവാനു സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
പഞ്ചാബ് സർക്കാരിന്റെ ‘മുഖ്യമന്ത്രി തീർഥ യാത്ര’ പദ്ധതിക്ക് കീഴിൽ സഞ്ചരിച്ചിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകരായിരുന്നു ബസുകളിലുണ്ടായിരുന്നത്. ഇരുചക്രവാഹന യാത്രികരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ബസ് നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് എതിർദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊരു ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടസമയത്ത് ബസുകളിലായി ഏകദേശം 37 യാത്രക്കാരുണ്ടായിരുന്നു. ബസുകൾക്കുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.