ന്യൂഡല്‍ഹി: യു ജി സി നെറ്റ് ഉത്തരസൂചികയില്‍ പിഴവെന്ന പരാതിയില്‍ ഉത്തരങ്ങള്‍ പുനപ്പരിശോധിക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. നാല് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു വിദഗ്ധ സമിതി പരിശോധിച്ച് വിവരം പറയണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ജസ്റ്റിസ് ജസ്മീത് സിംഗ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരസൂചിക പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജൂണ്‍ 22 മുതല്‍ ജൂണ്‍ 30 വരെ നടന്ന യു ജി സി നെറ്റ് പരീക്ഷയുടെ ഉത്തരസൂചികയിലാണ് പിഴവുണ്ടെന്ന ആരോപണം ഉയര്‍ന്നത്. ഏകദേശം 7,27,506 ഉദ്യോഗാര്‍ഥികളാണ് അന്ന് പരീക്ഷയെഴുതിയത്. ഓഗസ്റ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്.
പിഴവുകള്‍ ഉദ്യോഗാര്‍ഥികളുടെ റാങ്കിംഗിനേയും യോഗ്യതയേയും ബാധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു മാര്‍ക്ക് പോലും അവരുടെ യോഗ്യതയേയും റാങ്കിനേയും വലിയ രീതിയില്‍ ബാധിക്കും എന്നതിനാല്‍ വിഷയത്തില്‍ വേഗത്തില്‍ പരിശോധനകള്‍ നടക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഉത്തരസൂചികയിലെ പിഴവ് ചൂണ്ടിക്കാട്ടിയുള്ള അഞ്ച് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.