{"vars":{"id": "89527:4990"}}

മലയാളത്തിന്റെ പെരുമ വാനോളം; രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി

 

ന്യൂഡൽഹി: ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് മെഗാസ്റ്റാർ മമ്മൂട്ടിക്ക് രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. 1998-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി രാജ്യം മലയാളത്തിന്റെ പ്രിയ നടനെ ആദരിക്കുന്നത്.

​ചടങ്ങിൽ പങ്കെടുക്കാനായി ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ, മകൾ സുറുമി എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ഡൽഹിയിൽ എത്തിയത്. അഞ്ച് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ മമ്മൂട്ടി, 400-ലധികം ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖശ്രീയായി മാറിയ പ്രതിഭയാണ്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിന് ലഭിച്ച ഈ വലിയ അംഗീകാരം മലയാള ചലച്ചിത്ര ലോകത്തിനും കേരളത്തിനും ഒരേപോലെ അഭിമാന നിമിഷമാണ് സമ്മാനിക്കുന്നത്.