മുംബൈ സംഗീത നിശയ്ക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ഒരു സ്ത്രീ ആശുപത്രിയിൽ
മുംബൈ: ദക്ഷിണ മുംബൈയിലെ വർളിയിലുള്ള പ്രശസ്തമായ എൻ.എസ്.സി.ഐ (NSCI) ഡോമിൽ ശനിയാഴ്ച രാത്രി നടന്ന സംഗീത നിശയ്ക്കിടെ 28-കാരനായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മാഹിം സ്വദേശിയും അടുത്തിടെ നിയമപഠനം പൂർത്തിയാക്കുകയും ചെയ്ത വൃഷഭ് മഹേന്ദ്ര ഗാംഗുർഡെ ആണ് മരിച്ചത്. ഇതേ പരിപാടിക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട 31-കാരിയായ ഒരു സ്ത്രീയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജർമ്മൻ ടെക്നോ ആർട്ടിസ്റ്റായ 'ക്ലാങ്‌കുൻസ്റ്റ്ലർ' (Klangkuenstler) അവതരിപ്പിച്ച രാത്രികാല മ്യൂസിക് കൺസേർട്ടിനിടെയാണ് സംഭവം. നൃത്തം ചെയ്യുന്നതിനിടയിൽ പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വൃഷഭ് തറയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സംഘാടകർ ഇയാളെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി നായിർ ആശുപത്രിയിലേക്ക് മാറ്റി. അമിതമായി മദ്യം കഴിച്ചതാണോ അതോ ലഹരിമരുന്നിന്റെ ഉപയോഗമാണോ മരണകാരണമെന്ന് വ്യക്തമല്ല.
അതേസമയം, ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ സ്ത്രീ ജാസ്‌ലോക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. താൻ മദ്യവും എനർജി ഡ്രിങ്കുകളും മാത്രമാണ് കഴിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയ പ്രാഥമിക മൊഴി.
പോലീസ് നടപടി: സംഭവത്തിൽ താർഡിയോ പോലീസ് അസ്വാഭാവിക മരണത്തിന് (ADR) കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്രദ്ധ മൂലമുള്ള മരണത്തിന് (BNS സെക്ഷൻ 106) പരിപാടിയുടെ സംഘാടകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വേദിയിലെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് മുംബൈയിലെ ഗോരേഗാവിലും സമാനമായ രീതിയിൽ മ്യൂസിക് കൺസേർട്ടിനിടെ രണ്ട് എം.ബി.എ വിദ്യാർത്ഥികൾ ലഹരിമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൺസേർട്ടുകളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും ലഹരിമരുന്ന് മാഫിയയുടെ സാന്നിധ്യത്തെക്കുറിച്ചും മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.