ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിഖ് മാലിക്കിനും സംഘത്തിനും ആഗ്രയിലെ താജ്മഹൽ സന്ദർശിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. എന്നാൽ, ഡൽഹിയിലെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അനുമതി സുരക്ഷാ കാരണങ്ങളാൽ നിഷേധിച്ചു.
നവംബർ 20 മുതൽ 22 വരെ ഡൽഹിയിലെ പുരാന കിലയിൽ നടക്കുന്ന ത്രിദിന എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പാക് മന്ത്രിയും സംഘവും എത്തിയത്. 2023 മെയ് മാസത്തിൽ അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെ എസ്‌സിഒ യോഗത്തിൽ പങ്കെടുത്തതിന് ശേഷം, മൂന്ന് വർഷത്തിലേറെക്കാലത്തിനിടെ ഇന്ത്യയിലെത്തുന്ന ആദ്യ പാകിസ്ഥാൻ ഫെഡറൽ മന്ത്രിയാണ് മുസാദിഖ് മാലിക്. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുണ്ടായ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.
പരിപാടിക്കൊപ്പം താജ്മഹലും നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ പാക് പ്രതിനിധി സംഘം അനുമതി തേടിയിരുന്നു. ആദ്യ ഘട്ടത്തിൽ ഇരു സ്ഥലങ്ങളിലേക്കുമുള്ള അനുമതി നിഷേധിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പിന്നീട് താജ്മഹൽ സന്ദർശനത്തിന് മാത്രം അനുമതി നൽകാനും നിസാമുദ്ദീൻ ദർഗ സന്ദർശനത്തിന് വിലക്കേർപ്പെടുത്താനും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.