ഹൈദരാബാദ്: നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള ‘മെറ്റ’ (Meta) ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരച്ചുകയറി. തെലങ്കാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജക്കിഡി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ ഓഫിസ് പരിസരത്ത് പ്രതിഷേധിക്കുകയും പൂച്ചെട്ടികൾ തകർക്കുകയും ചെയ്തു.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്, ദേശീയ ഇൻ-ചാർജ് മനീഷ് ശർമ്മ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. ബിജെപിയുടെ നിർദേശപ്രകാരമാണ് മെറ്റ പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും പ്രവർത്തകർ ആരോപിച്ചു.
പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഏഴ് ദിവസത്തിനകം നീക്കണമെന്ന് യൂത്ത് കോൺഗ്രസ് അന്ത്യശാസനം നൽകി. അല്ലാത്തപക്ഷം രാജ്യവ്യാപകമായി മെറ്റ ഓഫിസുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. അതേസമയം, പ്രതിഷേധത്തിന് പിന്നാലെ നേതാക്കളുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചതായി യൂത്ത് കോൺഗ്രസ് പിന്നീട് അവകാശപ്പെട്ടു. സംഭവത്തിൽ ബിജെപിയും ബിആർഎസ് നേതാവ് കെ.ടി. രാമറാവുവും കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.