ജമ്മു: ജമ്മു കശ്മീരിന്റെ എല്ലാ ഭാഗങ്ങളിലും പൊതുസേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും തുല്യമായ രീതിയിൽ എത്തിക്കണമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. വികസനത്തിന്റെ പാതയിൽ ഒരാളെയും പിന്നിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി ജമ്മുവിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് വഴികാട്ടിയാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കൊപ്പം വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും മനുഷ്യന്റെ അന്തസ്സും സംരക്ഷിക്കപ്പെടണം. മനുഷ്യരെ സഹായിക്കുന്നതിനായിരിക്കണം സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കൾക്ക് തുല്യമായ അവസരങ്ങൾ ഉറപ്പാക്കുക, സ്ത്രീകളുടെ വിദ്യാഭ്യാസവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുക, കർഷകർക്കും തൊഴിലാളികൾക്കും അർഹമായ അന്തസ്സ് ഉറപ്പാക്കുക എന്നിവയും സമഗ്ര വികസനത്തിന് അനിവാര്യമാണെന്ന് മനോജ് സിൻഹ പറഞ്ഞു.
ഭരണസംവിധാനത്തിലെ വിവിധ തലങ്ങളിൽ പരസ്പര സഹകരണവും ഏകോപനവും ശക്തിപ്പെടുത്തണമെന്നും വികസനത്തിന്റെ നേട്ടങ്ങൾ എല്ലാ ജനങ്ങളിലേക്കും എത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.