ന്യൂഡൽഹി: വനിതാ സംവരണവും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട നിർണായക നീക്കത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള നിർദേശത്തിനാണ് വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇതോടെ നിലവിലുള്ള 543 സീറ്റുകൾ വർധിച്ച് ഏകദേശം 815 ആയി മാറാനുള്ള വഴിയൊരുങ്ങും.
അതേസമയം, ലോക്സഭയിലെ സംസ്ഥാനങ്ങളുടെ നിലവിലുള്ള ആനുപാതിക സീറ്റ് വിഹിതം 2051 വരെ നിലനിർത്താനാണ് നിർദേശം. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് നേരത്തെ ആശങ്കകൾ ഉന്നയിച്ചിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിലെത്തിയ സംസ്ഥാനങ്ങൾക്ക് ലോക്സഭയിലെ ആപേക്ഷിക പ്രാതിനിധ്യം നഷ്ടപ്പെടരുതെന്നായിരുന്നു പ്രധാന ആവശ്യം.
2023ൽ പാസാക്കിയ വനിതാ സംവരണ നിയമപ്രകാരം ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനാണ് വ്യവസ്ഥ. എന്നാൽ ഇതിന്റെ നടപ്പാക്കൽ സെൻസസിനും മണ്ഡല പുനർനിർണയത്തിനും വിധേയമാണ്.
നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. വനിതാ സംവരണവും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട നിയമനിർമാണം സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിൽ പ്രത്യേക ഭൂരിപക്ഷം ആവശ്യമായതിനാൽ ബിൽ പാസാക്കുന്നതിൽ രാഷ്ട്രീയ പിന്തുണ നിർണായകമാകും.