ന്യൂഡൽഹി: പാർലമെന്റിന്റെ മൂന്ന് ദിവസം നീളുന്ന പ്രത്യേക സമ്മേളനം നവംബർ 26ഓടെ വിളിച്ചുചേർത്തേക്കുമെന്ന് റിപ്പോർട്ടുകൾ. വനിതാ സംവരണ നിയമം നടപ്പാക്കുന്നതും ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമാണ് സമ്മേളനത്തിൽ പ്രധാനമായും പരിഗണിക്കാനിടയുള്ള വിഷയങ്ങൾ.
ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനുള്ള ബിൽ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. എന്നാൽ സമ്മേളനത്തിന്റെ തീയതികളും ഔദ്യോഗിക അജണ്ടയും കേന്ദ്രസർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം. ഇതിനായി മണ്ഡല പുനർനിർണയ നടപടികൾ കൂടി പരിഗണനയിലുണ്ട്.
നിലവിൽ ലോക്‌സഭയിലെ 543 അംഗങ്ങളുടെ എണ്ണം 850 വരെ ഉയർത്താനുള്ള നിർദേശവും ചർച്ചയിലുണ്ട്. മണ്ഡല പുനർനിർണയത്തിലൂടെ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ പ്രാതിനിധ്യത്തിൽ മാറ്റമുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പ്രത്യേകിച്ച് ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിലുള്ള കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്‌സഭാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ആശങ്കകൾ രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമാണ്.
2026 ഏപ്രിലിൽ സമാനമായ ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.
നവംബർ അവസാനവാരത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും മുതിർന്ന നേതാക്കളോടും സംസ്ഥാനങ്ങളിൽ തുടരാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതും പ്രത്യേക സമ്മേളനവുമായി ബന്ധപ്പെട്ടാണോയെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.