ന്യൂഡൽഹി: 2002ലെ സബർമതി എക്‌സ്പ്രസ് ട്രെയിൻ തീവെയ്പ്പ് കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇർഫാൻ സിറാജ് പദയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. 18 വർഷത്തിലേറെയായി ജയിലിലാണെന്നും ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
പ്രാഥമികമായി ചികിത്സാപരമായ കാരണങ്ങളാലാണ് ഈ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബോധിപ്പിച്ചത് വസ്തുതാപരമായി ശരിയാണെന്ന് സർക്കാർ അഭിഭാഷകൻ സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ, ചികിത്സാപരമായ കാരണങ്ങളാൽ ഹർജിക്കാരന്റെ ശിക്ഷാവിധി മരവിപ്പിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നു’ കോടതി വ്യക്തമാക്കി.
ഗുജറാത്ത് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷക സ്വാതി ഗിൽദിയാൽ, ഇതൊരു അതീവ ഗൗരവകരമായ കേസാണെന്ന് പറയുകയുണ്ടായി, എങ്കിലും, ആരോഗ്യപരമായ കാരണങ്ങളാൽ ശിക്ഷാവിധി മരവിപ്പിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് അവർ അറിയിച്ചു.
2002-ലെ ഗോധ്ര കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളായ രണ്ടുപേരുടെ ശിക്ഷാവിധി സുപ്രീം കോടതി അടുത്തിടെ മരവിപ്പിച്ചിരുന്നു.