ഹോം › ദേശീയം

എൻഡിഎ പ്രവേശനത്തിന് ഉപാധിയായി മുഖ്യമന്ത്രി പദം; ശരദ് പവാർ മോദിയുമായും അമിത് ഷായുമായും ചർച്ച നടത്തുന്നതായി സൂചന

By Metro Journal Team · 24 Nov 2026, 08:07 AM

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത നീക്കങ്ങൾക്ക് കളമൊരുങ്ങുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാർ ബിജെപിയുമായി രഹസ്യ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. എൻഡിഎ മുന്നണിയിലേക്ക് വരുന്നതിന് പകരമായി ശരദ് പവാറിൻ്റെ മകളും ലോക്‌സഭാ എംപിയുമായ സുപ്രിയ സുലെയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ശരദ് പവാർ നേരിട്ട് പിന്നണി ചർച്ചകൾ നടത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ പാർലമെൻ്റിൽ പാസാക്കാൻ കഴിയാതെ പോയ മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണ ബില്ലും പാസാക്കിയെടുക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കാമെന്നും, നേതൃത്വത്തോട് അതൃപ്തിയുള്ള ചില കോൺഗ്രസ് എംപിമാരെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാമെന്നും ശരദ് പവാർ വാഗ്ദാനം ചെയ്തതായാണ് സൂചന.

സുപ്രിയ സുലെയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രധാന വകുപ്പ് നൽകാമെന്നായിരുന്നു ബിജെപിയുടെ ആദ്യ വാഗ്ദാനം. എന്നാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി പദം വേണമെന്ന നിലപാടാണ് പവാർ മുന്നോട്ടുവെച്ചതെന്ന് പുറത്തുവരുന്ന വിവരം. എൻസിപിയിലെ ഇരുവിഭാഗങ്ങളെയും ഒന്നിപ്പിക്കാനുള്ള നീക്കങ്ങളും ഈ ചർച്ചകളുടെ ഭാഗമായി നടക്കുന്നുണ്ട്. ലയനത്തിന് സമ്മതിക്കാൻ എൻസിപി ദേശീയ അധ്യക്ഷ സുനേത്ര പവാറിനെ ബിജെപി നേരത്തെ പ്രേരിപ്പിച്ചിരുന്നെങ്കിലും അവർ വഴങ്ങിയിരുന്നില്ല. ഇതോടെയാണ് മഹാരാഷ്ട്ര സർക്കാരിൽ ശരദ് പവാർ വിഭാഗത്തിന് നിർണ്ണായക സ്ഥാനങ്ങൾ നൽകുന്ന ബദൽ ഫോർമുല ബിജെപി പരിഗണിക്കുന്നത്.

പുതിയ ധാരണ പ്രകാരം ധനവകുപ്പും മുഖ്യമന്ത്രി പദവും ലഭിക്കുകയാണെങ്കിൽ, സുനേത്ര പവാറിനും മകൻ പാർത്ഥിനും ശരദ് പവാറിൻ്റെ നേതൃത്വം അംഗീകരിക്കുകയോ അല്ലെങ്കിൽ സർക്കാരിൽ നിന്ന് മാറിനിൽക്കുകയോ ചെയ്യേണ്ടി വരും. ശരദ് പവാർ ഇരുവിഭാഗങ്ങളുടെയും നേതൃത്വം ഏറ്റെടുത്ത് സർക്കാരിൽ വലിയ പങ്കാളിത്തം നേടുന്നതിനെ അനുകൂലിക്കുന്നവരാണ് പല മുതിർന്ന എൻസിപി എംഎൽഎമാരും.

അതേസമയം രഹസ്യ ചർച്ചകൾക്ക് പിന്നാലെ ശരദ് പവാർ വിഭാഗത്തിൻ്റെ നീക്കങ്ങളിലും പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ബിജെപിയെയും മുതിർന്ന നേതാക്കളെയും നേരിട്ട് ആക്രമിക്കരുതെന്ന് പാർട്ടി നേതൃത്വം ജില്ലാ ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭയുടെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബർ 7 മുതൽ 9 വരെ എംഎൽഎ രോഹിത് പവാറിൻ്റെ നേതൃത്വത്തിൽ വരൾച്ചാബാധിതരായ കർഷകരുടെ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, നിലവിലെ ചർച്ചകളെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് സർക്കാരിനെതിരായ ഈ സമരപരിപാടിയിൽ നിന്ന് പിന്മാറാൻ മുതിർന്ന നേതൃത്വം ജില്ലാ അധ്യക്ഷന്മാരോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.

ചർച്ചകൾ നടക്കുന്നുണ്ട്, പക്ഷേ അത് കൃത്യമായ ഒരു ധാരണയിലേക്ക് എത്തുമോ എന്ന് ഇപ്പോൾ പറയാനാവില്ല. രാഷ്ട്രീയ സാധ്യതകൾ എപ്പോഴും തുറന്നിടുന്ന വ്യക്തിയാണ് ശരദ് പവാർ; അവസാന നിമിഷം പോലും അദ്ദേഹം തീരുമാനങ്ങൾ മാറ്റിയേക്കാം. അദ്ദേഹത്തെ എൻഡിഎയിൽ എത്തിക്കാൻ ബിജെപിക്ക് താല്പര്യമുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഒന്നും ഉറപ്പിക്കാനാവില്ല,’ എന്ന് മുതിർന്ന എൻസിപി നേതാവ് പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#CM#congress#kerala assembly#narendra modi#മുംബൈ

ബന്ധപ്പെട്ട വാർത്തകൾ

ബ്രൗസർ ടാബ് അടച്ചാൽ മാത്രം പോരാ, വാട്‌സ്ആപ്പ് വെബ് കൃത്യമായി ലോഗ്ഔട്ട് ചെയ്യണം: സൈബർ തട്ടിപ്പിന് ഇരയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്ജഡ്ജിമാർക്കെതിരെ അപവാദ പ്രചാരണം; മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കേരള പൊലീസിന് സുപ്രീം കോടതി നിർദേശംപ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർപക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കുംകുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി
പൂർണ്ണ പേജ് കാണുക ›