മധുര: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി തമിഴ്‌നാട്ടിലെ മധുര തിരുപ്പരൻകുൺട്രത്ത് മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചു. ഏറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും പിന്നാലെയാണ് ശനിയാഴ്ച ദീപം തെളിയിച്ചത്.
നവംബർ 20ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് സുപ്രീംകോടതി ഇടപെടുകയായിരുന്നു. നവംബർ 28ന് ദീപത്തൂണിൽ തന്നെ ദീപം തെളിയിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം.
സുപ്രീംകോടതി നിയമിച്ച മുൻ ഹൈക്കോടതി ജഡ്ജിമാരായ എസ്. വൈദ്യനാഥനും വി. പാർഥിബനും ചടങ്ങിന് മേൽനോട്ടം വഹിച്ചു. വൈകിട്ട് അഞ്ചുമണിക്കാണ് ദീപം തെളിയിക്കാൻ തീരുമാനിച്ചിരുന്നത്.
ചടങ്ങിനോടനുബന്ധിച്ച് തിരുപ്പരൻകുൺട്രത്ത് മലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. മലയുടെ സുരക്ഷാ ചുമതല കേന്ദ്ര റിസർവ് പൊലീസ് സേനയ്ക്കായിരുന്നു. പൊതുജനങ്ങൾക്ക് മലമുകളിലേക്ക് പ്രവേശനം നിയന്ത്രിക്കുകയും 50 പേർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.