ബംഗളൂരു: മാണ്ഡ്യ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് അരക്കിണര്‍ എടക്കണ്ടി സ്വദേശി പുത്തന്‍ പുരയില്‍ വീട്ടില്‍ ബാസില്‍ മുഹമ്മദ് അലി(22), നെല്ലളം അരീക്കാട് ഉറവന്‍ കുളം പി.പി. ലിഫാസ്(21), ഒരു പെണ്‍കുട്ടി എന്നിവരാണ് മരണപ്പെട്ടത്. മരിച്ച പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.
ശനിയാഴ്ച രാവിലെ 10.30നാണ് അപകടം. ഇവർ കോഴിക്കോടുനിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിര്‍ത്തിയിട്ട ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. മൃതദേഹങ്ങള്‍ മാണ്ഡ്യ മിംസ് ആശുപത്രിയിലാണുള്ളത്.
റോഡിൽ ടിപ്പർ ലോറി നിർത്തിയതുമായി ബന്ധപ്പെട്ട് ആർടിഒ ഉദ്യോഗസ്ഥർക്കെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ മാണ്ഡ്യ റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു.