നിനക്കായ്‌ : PART 15

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി കാറിൽ നിന്നും അൻപതിനോടടുത്ത് പ്രായം വരുന്ന ഒരു മധ്യവയസ്കൻ പുറത്തിറങ്ങി. മുണ്ടും ഷർട്ടുമായിരുന്നു അയാളുടെ വേഷം. മുഖത്ത് കണ്ണടയും കയ്യിൽ സ്വർണചെയ്നുള്ള
 

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

കാറിൽ നിന്നും അൻപതിനോടടുത്ത് പ്രായം വരുന്ന ഒരു മധ്യവയസ്‌കൻ പുറത്തിറങ്ങി. മുണ്ടും ഷർട്ടുമായിരുന്നു അയാളുടെ വേഷം. മുഖത്ത് കണ്ണടയും കയ്യിൽ സ്വർണചെയ്നുള്ള വാച്ചും അയാൾ ധരിച്ചിരുന്നു. ശാന്തമെങ്കിലും ആജ്ഞാശക്തിയുള്ള വിടർന്ന കണ്ണുകൾ അയാളുടെ പ്രത്യേകതയായിരുന്നു.

” മുളങ്കുന്നത്ത് സക്കറിയ ”

പൂമുഖത്തേക്ക് വന്ന ഗീതയുടെ ചുണ്ടുകൾ അറിയാതെ പറഞ്ഞുപോയി.

” താനെന്നാ ആലോചിച്ച് നിക്കുവാഡോ . വീട്ടിൽ വരുന്നോരെ അകത്തോട്ട് വിളിക്കത്തില്ലേ ? ”

ഗീതയുടെ നിൽപ്പ് കണ്ട് സക്കറിയായ്ക്ക് പിന്നാലെ കാറിൽ നിന്നിറങ്ങിയ അദ്ദേഹത്തിന്റെ ഭാര്യ റീത്ത ചിരിയോടെ ചോദിച്ചു.

” അയ്യോ ഞാൻ പെട്ടന്ന് കണ്ടപ്പോ….അകത്തേക്ക് കേറി വാ ”

അമളി മനസ്സിലായ ഗീത പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പെട്ടന്ന് പറഞ്ഞു. അത് കണ്ട് സക്കറിയായും റീത്തയും പുഞ്ചിരിയോടെ അകത്തേക്ക് കയറി. പിന്നാലെ ഡ്രൈവിങ് സീറ്റിലിരുന്ന മനുവും.

” ആഹാ ഇതാരൊക്കെയാ കേറിയിരിക്ക് ”

കൈ കഴുകി തോർത്തിൽ തുടച്ചുകൊണ്ട് അങ്ങോട്ട് വന്ന അരവിന്ദൻ പെട്ടന്ന് പറഞ്ഞു. അയാൾക്കൊപ്പം സോഫയിലേക്ക് ഇരിക്കുമ്പോൾ സക്കറിയയും പുഞ്ചിരിച്ചു. അപ്പോഴും എന്താണ് നടക്കാൻ പോകുന്നതെന്നറിയാത്തതിന്റെ വേവലാതി ഗീതയുടെ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു.

” എന്നാപ്പിന്നെ വളച്ചുകെട്ടില്ലാതെ വന്നകാര്യം അങ്ങോട്ട്‌ പറഞ്ഞേക്കാം “.

അരവിന്ദനെയും ഗീതയേയും നോക്കി മുഖവുരയോടെ സക്കറിയ പറഞ്ഞു.

” മനുവൊരു കാര്യം പറഞ്ഞു. അവന് ഇവിടുത്തെ കൊച്ചിനെ ഇഷ്ടമാണെന്ന്. എനിക്കും ഇവൾക്കും ആണായിട്ടും പെണ്ണായിട്ടും അവനൊരുത്തനേയുള്ളു. ആ അവന്റെ സന്തോഷത്തിനപ്പുറം ഞങ്ങൾക്ക് വേറൊന്നുമില്ല. ഇന്നത്തെ കാലത്ത് ജാതിയും മതവുമൊന്നും പ്രശ്നമല്ല. നിങ്ങക്കും വിരോധമൊന്നുമില്ലെങ്കിൽ നാട്ടുനടപ്പനുസരിച്ച് എന്റെ മോന് വേണ്ടി തന്റെ മോളേ ചോദിക്കാനാ ഞങ്ങള് വന്നത് ”

സക്കറിയ പറഞ്ഞ് നിർത്തുമ്പോൾ അരവിന്ദന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.

” എനിക്കും ജാതിയും മതവുമൊന്നും ഒരു വിഷയമല്ല. എന്റെ മൂന്ന് മക്കളെപ്പോലെ തന്നെയാണ് എനിക്ക് മനുവും. എന്റെ മോളേ അവന്റെ കയ്യിലേൽപ്പിക്കാൻ ഞങ്ങൾക്കും വേറൊന്നും ചിന്തിക്കാനില്ല. ”

അരവിന്ദന്റെ വാക്കുകൾ എല്ലാവരിലും ആശ്വാസം പരത്തി.

” ഞാനെന്നാൽ ചായ എടുക്കാം ”

നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ഗീത അടുക്കളയിലേക്ക് പോയി. പിന്നാലെ റീത്തയും.

” എനിക്കും വരാമല്ലോ അല്ലേ ”

അവർക്ക് പിന്നാലെ അടുക്കളയിലേക്ക് കയറുമ്പോൾ ചിരിച്ചുകൊണ്ട് റീത്ത ചോദിച്ചു.

” പിന്നെന്താ വരൂ ”

ചിരിയോടെ ഗീത ക്ഷണിച്ചു.

” അനുമോളെവിടെ ? ”

” മുകളിലുണ്ട് കുറച്ചുദിവസമായിട്ട് ഒന്നിനുമൊരുൽസാഹമില്ലാരുന്നു. പിള്ളേരുടെ മനസ്സിൽ എന്താണെന്ന് നമ്മളറിഞ്ഞോ ”

ഗീത പറഞ്ഞത് കേട്ട് റീത്ത പതിയെ പുഞ്ചിരിച്ചു.

” കുടുംബത്തിലെ ഏകപെൺതരിയായത് കൊണ്ട് എല്ലാവരും ഒരുപാട് ലാളിച്ചാ അവളെ വളർത്തിയത്. അതിന്റെ കുറച്ച് പ്രശ്നം കാണും എന്നാലും ഒരു പാവമാ അവളെ…… ”

” കരയിക്കരുതല്ലേ ”

പെട്ടന്ന് ഇടയിൽ കയറി റീത്ത പറഞ്ഞു.

” അവളിവിടെങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കും അവിടെയും. ഈ കണ്ട സ്വത്തും മുതലുമൊക്കെ ഉണ്ടായിട്ടും ഒരു പെൺകുഞ്ഞില്ലാത്തതിന്റെ ദുഃഖം എന്നും എനിക്കും ഇച്ചായനുമുണ്ടായിരുന്നു. അതുകൊണ്ട് മനുന്റെ ഭാര്യയാവുന്നവൾ ആരായാലും ഞങ്ങൾക്ക് മകള് തന്നെയാണ്. ”

വിടർന്ന പുഞ്ചിരിയോടെ റീത്തയത് പറയുമ്പോൾ അറിയാതെ ഗീതയുടെ കണ്ണുകൾ നിറഞ്ഞു.

” അപ്പോ കല്യാണം എവിടെവച്ച് നടത്താനാ പ്ലാൻ ? ”

ഗീതയ്ക്ക് പിന്നാലെ ഒരു പ്ലേറ്റിൽ ചിപ്സുമായി ഹാളിലേക്ക് വരുമ്പോൾ സക്കറിയായോടായി റീത്ത ചോദിച്ചു.

” ഓഡിറ്റോറിയം പോരേഡോ ? അതാവുമ്പോ ജാതിയും മതവുമൊന്നും നോക്കണ്ട. ഞാൻ ഇവളുടെ കഴുത്തിൽ താലികെട്ടുമ്പോഴും ഒരു പള്ളീലും പോയിട്ടില്ല. എന്നിട്ടെന്നാ സംഭവിച്ചു. ”

അരവിന്ദനെ നോക്കി സക്കറിയ പറഞ്ഞു. അരവിന്ദനും അതിനെ അനുകൂലിച്ചു.
ഇതിനിടയിലൂടെ മനു പതിയെ സ്റ്റെയർകേസ് കയറി മുകളിലേക്ക് ചെന്നു. ബാൽക്കണിയിൽ എങ്ങോട്ടോ മിഴിയൂന്നി നിൽക്കുന്ന അനുവിനെ കണ്ട് അവന്റെ ഉള്ള് പിടഞ്ഞു.

എണ്ണമയമില്ലാത്ത അവളുടെ മുടിയിഴകൾ പാറി പറന്ന് കിടന്നിരുന്നു. കരഞ്ഞ് കരഞ്ഞ് കണ്ണിന് ചുറ്റും കറുത്ത പാടുകൾ വന്നിരുന്നു. എപ്പോഴും പുഞ്ചിരി തത്തിക്കളിച്ചിരുന്ന അവളുടെ തുടുത്ത അധരങ്ങളിൽ കരുവാളിപ്പ് പടർന്നിരുന്നു.
അവളുടെ പിന്നിലൂടെ ചെന്ന മനുവിന്റെ കൈകൾ അവളുടെ അരക്കെട്ടിലൂടെ അവളെ വരിഞ്ഞു മുറുക്കി. പെട്ടന്ന് ഞെട്ടിത്തിരിഞ്ഞ അനു അവന്റെ കയ്യിൽ കിടന്ന് കുതറി.

” മനുവേട്ടാ എന്താ ഈ ചെയ്യുന്നേ എന്നെ വിട് ആരെങ്കിലും വരും ”

അവന്റെ കൈ വിടുവിക്കുവാനുള്ള വിഫല ശ്രമങ്ങൾക്കിടയിൽ തളർന്ന സ്വരത്തിൽ അവൾ പറഞ്ഞു.

” വരട്ടെ … ഞാനെന്റെ പെണ്ണിനെയല്ലേ കെട്ടിപിടിച്ചത് അതിനിപ്പോ ആർക്കെന്താ ? ”

പുഞ്ചിരിയോടെ അവനത് പറയുമ്പോൾ അനു അമ്പരന്ന് അവന്റെ മുഖത്തേക്ക് നോക്കി.

” എന്താടീ പൊട്ടീ മനസ്സിലായില്ലേ ? എടീ പോത്തേ താഴെ ഡാഡിയും മമ്മിയും വന്നിട്ടുണ്ട്. ഈ വട്ടിനെ മുളങ്കുന്നത്തെ മരുമകളായിട്ട് തരുമോന്ന് ചോദിക്കാൻ. ”

വീണ്ടും അവന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കിയിട്ട് ആ കൈകൾവിടുവിച്ച് ഓടി സ്റ്റെയർകേസിന് മുകളിൽ നിന്ന് അവൾ താഴെ ഹാളിലേക്ക് നോക്കി. താഴെ സംസാരിച്ചിരിക്കുന്നവരെ കണ്ട് വിശ്വാസം വരാതെ കണ്ണുകൾ ഒന്നുകൂടി അമർത്തിത്തുടച്ച് അവൾ വീണ്ടും നോക്കി.

” സ്വപ്നമൊന്നുമല്ല സത്യം തന്നെയാ. ”

അവളുടെ തൊട്ട് പിന്നിൽ വന്നുനിന്ന് ചിരിയോടെ മനു പറഞ്ഞു. പെട്ടന്ന് പിന്നിലേക്ക് തിരിഞ്ഞ അനു പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു. അവൻ പതിയെ അവളെ ചേർത്തുപിടിച്ചു. അതുവരെ അവളുള്ളിലടക്കിയിരുന്ന കണ്ണുനീരെല്ലാം അവന്റെ നെഞ്ചിൽ പെയ്തൊഴിഞ്ഞു. മനുവിന്റെ വിരലുകൾ പതിയെ അവളുടെ നെറുകയിൽ തലോടിക്കൊണ്ടിരുന്നു. പെട്ടന്ന് ആരുടെയോ കാൽപെരുമാറ്റം കേട്ട് അനു അവനിൽ നിന്നുമടർന്നുമാറി.

നിശ്ചയവും കല്യാണവും ഒരുമിച്ച് നടത്താമെന്ന തീരുമാനത്തിൽ സക്കറിയായും കുടുംബവും പോകാനിറങ്ങുമ്പോൾ എല്ലാവരിലും നിറഞ്ഞ പുഞ്ചിരിയായിരുന്നു.

” പോയിട്ട് വരാം മോളേ ”

കാറിൽ കയറാൻ നേരം അനുവിനെ ചേർത്ത് പിടിച്ച് നെറുകയിൽ ചുണ്ടമർത്തിക്കൊണ്ട് റീത്ത പറഞ്ഞു. അവൾ പുഞ്ചിരിയോടെ തലകുലുക്കി.
അത് കണ്ടുനിന്ന എല്ലാവരിലും നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു. അനുവിനെ ഒന്ന് നോക്കി മൗനമായി യാത്ര പറഞ്ഞ് മനുവും കയറി കാർ പാലക്കൽ വീടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.

” ഒന്നുകൂടി ആലോചിച്ചിട്ട് പോരായിരുന്നോ അച്ഛാ . നാട്ടുകാരെന്ത്‌ പറയും ? ”

രാത്രി അത്താഴം കഴിക്കുമ്പോൾ അജയ് അരവിന്ദനോടായി ചോദിച്ചു.

” അതിന് ഈ പറയുന്ന നാട്ടുകാരോ ഞാനോ നീയോ അല്ല ഒരുമിച്ച് ജീവിക്കേണ്ടത്. പിന്നെ ആരെന്ത്‌ പറഞ്ഞാൽ നമുക്കെന്താ. അവളുടെ സന്തോഷമല്ലെ നമുക്ക് വലുത് ”

കഴിക്കുന്നതിനിടയിൽ അരവിന്ദൻ പറഞ്ഞു. പിന്നീട് അജയ് ഒന്നും മിണ്ടിയില്ല.

” ഡേറ്റ് കുറിക്കണ്ടേ ? ”

” മ്മ്മ് ”

ഗീതയുടെ ചോദ്യത്തിന് അരവിന്ദനൊന്ന് മൂളി. പിന്നീടെല്ലാം വേഗത്തിൽ തന്നെ നടന്നു. പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം നിശ്ചയവും വിവാഹവും ഒരുമിച്ച് നടത്താൻ തീരുമാനമായി. വിവാഹഒരുക്കങ്ങൾക്കിടയിലും അജിത്തിന്റെയും അഭിരാമിയുടെയും അനുവിന്റെയും മനുവിന്റെയും പ്രണയവും തീവ്രമായി മുന്നോട്ട് പൊയ്ക്കോണ്ടിരുന്നു.

” അതേ ഇങ്ങനിരുന്നാൽ മതിയോ ? ”

കടൽ കരയിൽ തന്റെ തോളിൽ ചാരി ആഴക്കടലിലേക്ക് നോക്കിയിരുന്ന അഭിരാമിയോടായി അജിത്ത് ചോദിച്ചു.

” പിന്നെന്ത് വേണം ? ”

അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അഭിരാമി ചോദിച്ചു.

” നമ്മുടെ കാര്യവും വീട്ടിൽ സൂചിപ്പിക്കണ്ടേ ? ”

അവന്റെ ചോദ്യത്തിന് അഭിരാമി ഒന്ന് പുഞ്ചിരിച്ചു.

” ഇപ്പൊ പെട്ടന്നെന്തുപറ്റി ഒരു തിടുക്കം ? ”

അവന്റെ കയ്യിൽ കൈ കോർത്ത്‌ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.

” എത്രനാളിങ്ങനെ ഒളിച്ചും പാത്തും പോകും? ഒരു തീരുമാനം വേണ്ടേ . നിനക്കറിയാമോ പണ്ട് മുതൽ എനിക്ക് എന്ത് ആഗ്രഹിച്ചാലും അത് കിട്ടും വരെ ഒരുതരം ആധിയാണ്. അതിനി ഒരു കൊച്ച് കഷ്ണം കല്ല്പെൻസിൽ ആണെങ്കിൽ കൂടി അതങ്ങനെ തന്നെയാണ്. ഇപ്പൊ നിന്റെ കാര്യത്തിലും അതേ കൊച്ചുകുട്ടിയുടെ മനസ്സാണ് എനിക്ക്. നീയെന്റെ സ്വന്തമാകും വരെ ഒരു സമാധാനവും ഉണ്ടാവില്ല. എപ്പോഴും നിന്നെ നഷ്ടപ്പെടുമോ എന്ന ഭയം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ”

കരയിലേക്ക് പാഞ്ഞുകയറി പൊട്ടിച്ചിതറിപ്പോകുന്ന തിരമാലകളെ നോക്കിയിരുന്നുകൊണ്ട് ആലോചനയോടെ അജിത്ത് പറഞ്ഞു.

” ഇന്നാകെ മൂഡോഫാണല്ലോ എന്തുപറ്റി ? ”

അവനോട് ഒന്കൂടി ചേർന്ന് ഇരുന്നുകൊണ്ട് അഭിരാമി ചോദിച്ചു.

” ഏയ് ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ച്… വാ പോകാം ”

എണീറ്റിട്ട് ദേഹത്ത് പറ്റിയ പൊടിമണൽ തട്ടിക്കളഞ്ഞുകൊണ്ട് അജിത്ത് പറഞ്ഞു. അഭിരാമിയും പതിയെ എണീറ്റ് ബൈക്കിനടുത്തേക്ക് നടന്നു.

ദിവസങ്ങൾ വളരെ വേഗം കൊഴിഞ്ഞുവീണ് കൊണ്ടിരുന്നു. അതിനിടയ്ക്ക് വിവാഹത്തിന് വേണ്ട പർച്ചേസുകളും ഓഡിറ്റോറിയം ബുക്ക് ചെയ്യലുമെല്ലാം തകൃതിയായി നടന്നു. അവസാനം കാത്തിരുന്ന ദിവസം വന്നെത്തി. ഇന്നാണ് മനുവിന്റെയും അനുവിന്റെയും വിവാഹം. പാലക്കൽ നിന്നും അവസാന വണ്ടിയും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു.

പത്തരക്കും പതിനൊന്നിനുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ മനു അനുവിന്റെ കഴുത്തിൽ താലി ചാർത്തി. പിന്നിൽ നിന്ന ഗീതയുടെയും അരവിന്ദന്റെയും കണ്ണുകളിൽ ആനന്ദാശ്രു പൊടിഞ്ഞു. താലി കെട്ട് കഴിഞ്ഞ് എല്ലാവരുടെയും അനുഗ്രഹം വാങ്ങി മനുവിന്റെ വീട്ടിലേക്ക് പോകാൻ കാറിലേക്ക് കയറുമ്പോൾ അനുവിന്റെ മിഴികളും നിറഞ്ഞിരുന്നു.

അജിത്തിന്റെ നെഞ്ചോട് ചേർന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ പൊട്ടിക്കരഞ്ഞു. കണ്ണുകൾ നിറഞ്ഞെങ്കിലും അതവളിൽ നിന്നും മറച്ചുകൊണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവനവളുടെ നെറുകയിൽ തലോടി. മനുവിനൊപ്പം അവൾ കാറിലേക്ക് കയറുമ്പോൾ അത് കണ്ട് നിൽക്കാൻ കഴിയാതെ കലങ്ങിയ കണ്ണുകൾ മറച്ച് അജിത്ത് പെട്ടന്ന് ആളുകൾക്കിടയിലേക്ക് മറഞ്ഞു. അവർ കയറിയ കാർ ഓഡിറ്റോറിയത്തിന്റെ ഗേറ്റ് കടക്കുമ്പോൾ കരച്ചിലടക്കാൻ പാട് പെടുകയായിരുന്നു ഗീതയും.

ഒന്നരയോടെ കാർ മനുവിന്റെ വീടായ മുളങ്കുന്നത്ത് എത്തി. കരഞ്ഞ് കലങ്ങിയ മിഴികളോടെ അനു പുറത്തേക്കിറങ്ങി. പരിചയമില്ലാത്ത പല ചടങ്ങുകളും പ്രതീക്ഷിച്ച അനുവിന്റെ മുന്നിലേക്ക് അഞ്ചുതിരിയിട്ട് കത്തിച്ച നിലവിളക്കുമായി റീത്ത വന്നു.

” കേറി വാ മോളേ… ”

വിളക്കവളുടെ കയ്യിൽ കൊടുത്ത് പുഞ്ചിരിയോടെ അവർ പറഞ്ഞു. വലത് കാൽ വച്ച് ആ വലിയ വീടിന്റെ പൂമുഖത്തേക്ക് കയറുമ്പോൾ പുതുജീവിതത്തിന്റെ പ്രതീക്ഷകളായിരുന്നു അനുവിന്റെ ഉള്ള് നിറയെ.

” ദേവീ ഞാനാഗ്രഹിച്ച ജീവിതം നീയെനിക്ക് തന്നു. മനുവേട്ടന്റെ നല്ലപാതിയായ് ഈ വീടിന്റെ നല്ല മരുമകളായി മരണം വരെ സുമംഗലിയായിരിക്കാൻ എന്നെ അനുഗ്രഹിക്കണേ ദേവീ… ”

പ്രാർത്ഥനാ മുറിയിൽ ക്രിസ്തുവിനും മാതാവിനുമൊക്കെ ഒപ്പം വച്ച സരസ്വതി ദേവിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വച്ച് അവൾ മനമുരുകി പ്രാർത്ഥിച്ചു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 9

നിനക്കായ്‌ : ഭാഗം 10

നിനക്കായ്‌ : ഭാഗം 11

നിനക്കായ്‌ : ഭാഗം 12

നിനക്കായ്‌ : ഭാഗം 13

നിനക്കായ്‌ : ഭാഗം 14