സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: എസ്ഐറ്റി രൂപീകരിച്ച് വിജിലന്‍സ്

മാസപ്പടി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിജിലന്‍സ്. രണ്ട് എസ്‌ഐടി സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. പിണറായി വിജയന്‍ പ്രതിയായ കേസ് എസ്പി ഇ എല്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. പി എ മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണം എസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും.

വിജിലന്‍സിന്റെ പ്രത്യേക വിഭാഗമാണ് ആദ്യത്തെ കേസ് അന്വേഷിക്കുന്നത്. രണ്ടാമത്തെ കേസ് അന്വേഷിക്കുന്നത് കോഴിക്കോട് പ്രത്യേക വിജിലന്‍സ് സെല്ലുമാകും. വിജിലന്‍സ് ഐജിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയായിരുന്നു വിജിലന്‍സ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദ്യകേസില്‍ പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്‍. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസ്. ഇതില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സ് എഫ്ഐആറില്‍ പറയുന്നത്. പിണറായി വിജയന്‍, വീണ, ശശിധരന്‍ കര്‍ത്ത എന്നിവര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരാമര്‍ശം. വ്യക്തിതാല്‍പര്യങ്ങള്‍ക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്ഐആറിലുണ്ട്. വിജിലന്‍സ് എഫ്ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.

2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഒന്നാം പ്രതിയായ പിണറായി വിജയനും രണ്ടാം പ്രതിയായ ടി വീണയും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരാമര്‍ശം. സേവനങ്ങള്‍ നല്‍കാതെ വീണ ടിയുടെ കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതിനായി പിണറായി വിജയന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ട്. പിണറായി വിജയന്‍, വീണ ടി, എക്സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ശശിധരന്‍ കര്‍ത്ത, പി സുരേഷ് കുമാര്‍, സിഎംആര്‍എല്‍, എംപവേര്‍ഡ് ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍. രണ്ടാമത്തെ കേസില്‍ റിയാസിനും വീണയ്ക്കും പുറമെ റിയാസിന്റെ സുഹൃത്തുക്കളായ ഹസന്‍ വാിസും ഷൈജു അടക്കമുള്ളവരും പ്രതിപ്പട്ടികയിലുണ്ട്.

വിജിലന്‍സ് കേസിനെതിരെ റിയാസും വീണയും ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാല്‍ എഫ്ഐആര്‍ അടിയന്തരമായിസ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. പ്രത്യേക അനുമതിക്ക് ശേഷമേ സ്റ്റേ ആവശ്യം പരിഗണിക്കാനാകൂ എന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

Tags

Share this story