സാബു എം ജേക്കബ് നല്‍കിയ പരാതി; റിപ്പോര്‍ട്ടര്‍ ടി വി ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം: നിര്‍ദേശം നല്‍കി ബ്രോഡ്കാസ്റ്റ് മന്ത്രാലയം

റിപ്പോർട്ടർ ടിവി

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശം. 2024 മുതലുളള രേഖകളും കരാറുകളും ഈ മാസം 12ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം ഉള്‍പ്പെടെയുള്ള സാമ്പത്തിക രേഖകളും സമര്‍പ്പിക്കണം. ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സും കരാറും സംബന്ധിച്ച കാര്യങ്ങള്‍ ആരാഞ്ഞുകൊണ്ട് സാബു എം ജേക്കബ് ഹൈക്കോടതിയെയാണ് ആദ്യം സമീപിച്ചത്. ശേഷം ഹൈക്കോടതി ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിഷയത്തില്‍ നവംബര്‍ 23നകം അന്തിമ തീരുമാനമെടുക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ലൈസന്‍സി ആരാണ്, സംപ്രേക്ഷണ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍, കരാര്‍ വിവരങ്ങള്‍, സാമ്പത്തികമായ ചില വിവരങ്ങള്‍ തുടങ്ങിയവയാണ് റിപ്പോര്‍ട്ടറിന് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നല്‍കേണ്ടി വരിക.

2024 മുതല്‍ 2027ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം വരെയുള്ള കണക്കുകള്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്തേണ്ടി വരും. ചീഫ് എഡിറ്റര്‍, മറ്റ് ഉന്നത എഡിറ്റര്‍മാര്‍ തുടങ്ങി താഴെത്തട്ടിലുള്ള ജീവനക്കാരുടെ ഉള്‍പ്പെടെ വേതന വിവരങ്ങള്‍, കരാറുകള്‍ തുടങ്ങിയവയും നല്‍കണം. ഇപിഎഫ് വിവരങ്ങളും ടെക്‌നിക്കല്‍ സ്റ്റാഫിന്റെ വിവരങ്ങള്‍ എന്നിവയും കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags

Share this story