വിവാദം തുടരുന്നു; “വഖഫ് ബോർഡ് പുനഃസംഘടന വഞ്ചനാപരം”; മുസ്ലിം ലീഗിനെ വിമർശിച്ച് സിറാജ് മുഖപ്രസംഗം
കോഴിക്കോട്: വഖഫ് ബോര്ഡ് പുനഃസംഘടനയില് രൂക്ഷ വിമര്ശനവുമായി എ പി വിഭാഗം സമസ്ത മുഖപത്രം സിറാജ്. വഖഫ് ബോര്ഡ് പുനഃസംഘടന വഞ്ചനാപരം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പുറത്തിറങ്ങിയിരിക്കുന്നത്. അര്ഹമായ സുന്നി പ്രാതിനിധ്യം മുഖ്യമന്ത്രി ഉറപ്പു നല്കിയിരുന്നെന്നും എന്നാല് ഈ വാഗ്ദാനം സര്ക്കാര് കാറ്റില് പറത്തിയെന്നും സമസ്ത എപി വിഭാഗം ചൂണ്ടിക്കാട്ടുന്നു.
സര്ക്കാര് തീരുമാനം സുന്നികളെ അത്യധികം വേദനിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതാണ്. ന്യൂനപക്ഷമായ ചില തീവ്ര താല്പര്യക്കാരുടെ കൈകളില് വഖഫ് സ്വത്ത് ഏല്പ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും സിറാജ് ചോദ്യം ഉന്നയിക്കുന്നു. ഒരു ശതമാനം പോലും വഖഫ് സ്വത്തുക്കള് കൈകാര്യം ചെയ്യാനോ പരിപാലിക്കാനോ അര്ഹതയില്ലാത്ത മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്ക്ക് ബോര്ഡില് അംഗത്വം നല്കിക്കൊണ്ടാണ് വഖഫ് സ്വത്തിന്റെ ബഹുഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഇരു സമസ്ത വിഭാഗങ്ങളെയും പുറത്തുനിര്ത്തിയതെന്നാണ് എപി വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ബോര്ഡിനെ രാഷ്ട്രീയ താത്പര്യങ്ങളുടെ മേച്ചില് പുറമാക്കുന്നെന്നും ഇത് വഖഫ് നിയമങ്ങളുടെ അന്തഃസത്തക്ക് വിരുദ്ധമാണെന്നും വിമര്ശനമുണ്ട്.
മുസ്ലിം ലീഗിനെതിരെയും എഡിറ്റോറിയലില് വിമര്ശനമുണ്ട്. മുസ്ലിം ലീഗാണ് നിലവില് വഖഫ് ബോര്ഡ് കൈകാര്യം ചെയ്യുന്നത്. സമുദായാംഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കുമായി രൂപവത്കരിക്കപ്പെട്ട പാര്ട്ടിയാണ് ലീഗ്. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങള് ഒരു പോലെയും നീതിപരമായും പരിഗണിക്കണം. അതിന് പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്നാണ് എപി വിഭാഗത്തിന്റെ വിമര്ശനം. തങ്ങളുടെ അനുയായികള്ക്കും താത്പര്യക്കാര്ക്കും ഭരണപരമായ സ്ഥാപനങ്ങളില് സ്ഥാനങ്ങള് നേടിക്കൊടുക്കുന്നതിനുപകരം, എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുകയും വിശ്വാസം നേടിയെടുക്കുകയും പൊതുസ്വത്തുക്കളുടെ ശരിയായ സംരക്ഷണം ഉറപ്പാക്കാനുള്ള മാര്ഗങ്ങള് സ്വീകരിക്കുകയുമാണ് പാര്ട്ടി നേതൃത്വം ചെയ്യേണ്ടത് എന്നും എഡിറ്റോറിയലില് വിശദീകരിക്കുന്നു.
