ആദ്യത്തെ സീരീസ് റിലീസ് ചെയ്തത് രണ്ട് ദിവസം മുൻപ്: യുവ സംവിധായകൻ മുറിയിൽ മരിച്ച നിലയിൽ
യുവ സംവിധായകൻ ബൽരാജ് കളരിക്കൽ അന്തരിച്ചു. 28 വയസായിരുന്നു. എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന കാപ്പി സ്ക്വാഡ് എന്ന സീരീസിന്റെ സംവിധായകനാണ്. കോട്ടയം മണിമല സ്വദേശിയാണ്.
സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു ബൽരാജ്. ആദ്യ സീരീസ് റിലീസ് ചെയ്തതിനു പിന്നാലെയാണ് വേർപാട്. ഒക്ടോബർ 15 മുതലാണ് ബൽരാജ് സംവിധാനം ചെയ്ത കാപ്പി സ്ക്വാഡ് സ്ട്രീമിങ് ആരംഭിച്ചത്. സീരീസിന്റെ നാല് എപ്പിസോഡുകളാണ് റിലീസ് ചെയ്തത്. 36 എപ്പിസോഡുകളുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു. കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റിൽവച്ച് ശാരീരിക ബുദ്ധിമുട്ടുകൾ ബൽരാജിന് അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഹോട്ടലിലെത്തി വിശ്രമിക്കുകയായിരുന്നു. സീരീസിന്റെ ഷോ ഡയറക്ടർ ശ്രീകാന്തിനൊപ്പമാണ് ബൽരാജ് താമസിച്ചിരുന്നത്. റൂമിൽ തുടർച്ചയായി ബെല്ലടിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നിഴൽ മധുരം ഡാകിനി തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ബെൽരാജ് വിവാഹിതനായത്. ആറു വർഷം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ആതിരയാണ് ഭാര്യ. മണിമല കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ്. സഹോദരി സോജ.
