മുത്തങ്ങ സമരത്തിനിടെ പോലീസ് മര്‍ദ്ദനമേറ്റ മുന്‍ ഡയറ്റ് അധ്യാപകന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പോലീസ് മര്‍ദ്ദനത്തിനിരയായ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
2026-ല്‍ കല്‍പ്പറ്റ കോടതി വിധിച്ച നഷ്ടപരിഹാരത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരത്തുക സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്താതെ, മര്‍ദ്ദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കാനും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
സമരകാലത്ത് സുരേന്ദ്രന് നേരിടേണ്ടി വന്ന ക്രൂരമായ പോലീസ് പീഡനങ്ങള്‍ കണക്കിലെടുത്താണ് ഈ നടപടി. കേസില്‍ കെ കെ സുരേന്ദ്രനെ നേരത്തെ സി ബി ഐ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആദ്യം ഉത്തരവിട്ടത് 2021-ലാണ്. ഈ വിധിക്കെതിരെ സര്‍ക്കാരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും അപ്പീല്‍ നല്‍കുകയായിരുന്നു.
തുടര്‍ന്ന് 2026-ല്‍ കല്‍പ്പറ്റ കോടതി നഷ്ടപരിഹാരത്തുക 12.5 ലക്ഷമായി ഉയര്‍ത്തി വിധി പ്രസ്താവിച്ചു. നഷ്ടപരിഹാര ഉത്തരവ് വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ അവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്നാണു കേസില്‍ ഇനിയും മേല്‍ക്കോടതികളില്‍ അപ്പീലിന് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
