പിണറായിയോട് അനുകമ്പ തോന്നുന്നത് കാണുമ്പോള്‍ പ്രയാസം': മാസപ്പടിക്കേസിലെ തന്റെ നിലപാട് ന്യായീകരിച്ച് മാത്യു കുഴല്‍നാടന്‍

മാത്യൂ

കൊച്ചി: മാസപ്പടിക്കേസിലെ സർക്കാരിനെതിരായ തന്റെ നിലപാട് പൊതുവേദിയില്‍ ന്യായീകരിച്ച് മാത്യു കുഴല്‍നാടന്‍ എംഎൽഎ. പിണറായിയോട് അനുകമ്പ തോന്നുന്നത് കാണുമ്പോള്‍ പ്രയാസമുണ്ടെന്നും വിട്ടുവീഴ്ച ചെയ്താല്‍ സിപിഎം തലയില്‍ കയറി നിരങ്ങുമെന്ന് കെ സുധാകരന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു. മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് വേദിയിലാണ് പ്രസംഗം.

ഉമ്മന്‍ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്ത് സിബിഐക്ക് എറിഞ്ഞ് കൊടുത്തയാളാണ് പിണറായിയെന്നും മാത്യു പറയുന്നു. കോണ്‍ഗ്രസിന്‍റെ നയം മനസിലാകാത്തവരല്ല തങ്ങള്‍, പാര്‍ട്ടിക്കാര്‍ക്ക് ഇതൊന്നും മറക്കാനാകില്ല, കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്, കോണ്‍ഗ്രസുകാരുടെ ചോര ചിന്തിയതിന് കണക്ക് ചോദിക്കാനാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്. അനീതികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് ആഗ്രഹം, താന്‍ ആരോടും പ്രതികാര ബുദ്ധിയോട് പെരുമാറുന്ന ആളല്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

നേരത്തെ സുധാകരന്‍ മാത്യു കുഴല്‍നാടന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. മാത്യു കുഴൽനാടനെ ഞങ്ങൾ സപ്പോർട്ട് ചെയ്യുന്ന ആളുകളാണ്. രാഷ്ട്രീയത്തിൽ വളരെ വ്യക്തതയുള്ള ഒരാളാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തെ ആരും ഇട്ടു കളിക്കാൻ നോക്കണ്ട, സംരക്ഷിക്കാന്‍ ഞങ്ങളെയൊക്കെയുണ്ട്- ഇങ്ങനെയായിരുന്നു സുധാകരന്റെ വാക്കുകള്‍. സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പിണറായി വിജയനെതിരെ സർക്കാർ സ്വീകരിച്ച നിലപാടിൽ സുധാകരന്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

പിണറായിക്ക് എതിരായ കേസിൽ ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളത് എങ്കിൽ നടപടി ഉണ്ടാകുമെന്നും ഇവിടെ അങ്ങനെ ഒരു ഗവൺമെന്റ് ഉണ്ടോ എന്നറിയില്ല എന്നും സുധാകരൻ തുറന്നടിച്ചിരുന്നു.

Tags

Share this story