കൂടത്തിൽ കേസ്; ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ: റിമാൻഡ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനാണെന്ന് റിമാൻഡ് റിപ്പോർട്ട്. ജയമാധവൻ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് പ്രതി രവീന്ദ്രൻ നായർ ഗൂഢാലോചന ആരംഭിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് ഉടൻ അപേക്ഷ നൽകും. വിദേശത്തുള്ള മൂന്നാം പ്രതി സജിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൃത്യമായ ഗൂഢാലോചന രവീന്ദ്രൻ നായർ നടത്തിയെന്നും തെളിവുകൾ നശിപ്പിച്ചുവെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രവീന്ദ്രൻ നായർക്ക് മുമ്പുണ്ടായിരുന്ന കാര്യസ്ഥൻ, അയാളുടെ ബന്ധു എന്നിവരും ഗൂഢാലോചനയിൽ പങ്കാളികളായെന്നാണ് വിവരം. ഇവരെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതോടെ കൂടുതൽ അറസ്റ്റ് നടക്കുമെന്നാണ് വിവരം.
കൊലപാതകം നടത്തിയ ശേഷം ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചത് സജുവിന്റെ കാറിലായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ രവീന്ദ്രൻ നായരുടെ സഹായി ലീല കൂട്ടുനിന്നുവെന്നും വ്യക്തമായിട്ടുണ്ട്. ലീലയ്ക്ക് സാമ്പത്തികമായ സഹായം രവീന്ദ്രൻ നായർ നൽകിയിരുന്നു. ഇതുപയോഗിച്ച് ലീല വീടും വസ്തുവും വാങ്ങിയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ റിമാൻഡിൽ കഴിയുന്ന രവീന്ദ്രൻ നായരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പും വരും ദിവസങ്ങളിൽ നടക്കും.
2017 ലാണ് കൂടത്തിൽ തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവൻ നായർ മരിക്കുന്നത്. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒൻപത് വർഷമായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. 2021 ൽ ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെ നടന്ന വ്യാപകമായ അന്വേഷണത്തിലാണ് തറവാട്ടിലെ കാര്യസ്ഥനായ രവിന്ദ്രൻ നായരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. 15 വർഷത്തിനിടെ ഏഴ് മരണങ്ങൾ നടന്നതിൽ മുമ്പ് തന്നെ കുടുംബവുമായി ബന്ധമുള്ള മറ്റുള്ളവരിൽ സംശങ്ങൾക്ക് ഇടയാക്കിയിരുന്നു. ധാരളം സ്വത്ത് വകകളുള്ള തറവട്ടിൽ ഇത് കൈക്കലാക്കാൻ ചെയ്ത ക്രൂരത ആണോ എന്നായിരുന്നു സംശയം. അറസ്റ്റിലായ രവീന്ദ്രൻ നായരെ ബ്രെയിൻ മാപ്പിങ് അടക്കമുള്ള പരിശോധനകൾക്ക് വിധേയനാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
