എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; മാറ്റം അടുത്ത അധ്യയന വര്‍ഷം മുതല്‍: റോജി എം ജോണ്‍

റോജി എം ജോൺ

തിരുവനന്തപുരം: വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ ദ്വിഭാഷാ രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷയെഴുതാനാകും. വിദ്യാര്‍ത്ഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുന്‍നിര്‍ത്തിയാണ് നടപടി.

എല്‍എല്‍ബി പ്രവേശന പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി ലഭ്യമാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ നിര്‍ദേശിച്ചിരുന്നു. മലയാളം ഐക്യവേദി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷയുടെ ഗുണനിലവാരം ചോരാതെ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യപേപ്പര്‍ ദ്വിഭാഷാ രീതിയിലേക്ക് മാറ്റുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ വിവര്‍ത്തനം ചെയ്യുന്നതിലെ കൃത്യത ഉറപ്പാക്കുന്നതിനും പരീക്ഷയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുമായി നിയമപരിജ്ഞാനമുള്ള വിദഗ്ധരുടെ പാനല്‍ തയ്യാറാക്കും. വിവര്‍ത്തനത്തില്‍ എന്തെങ്കിലും അര്‍ത്ഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാല്‍ ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുകയെന്ന വ്യവസ്ഥയും പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തും.

Tags

Share this story